GeneralLatest News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി നടന്‍ വിനായകൻ

കൊച്ചി: തന്റെ വീടിനു നേരെ അക്രമം നടത്തിയതിനെതിരെ നടൻ വിനായകൻ പൊലീസില്‍ പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു എന്നാരോപിച്ച്‌ വിനായകൻ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കലൂരിലെ ഫ്ളാറ്റിലെത്തിയ സംഘം ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതിയില്‍ കേസെടുത്തിട്ടില്ല.

അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്യും. കേസില്‍ അന്വേഷണം ആരംഭിച്ചു. വിനായകന്റെ വിഡിയോ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. നോര്‍ത്ത് പൊലീസിനാണു കേസിന്റെ അന്വേഷണച്ചുമതല.

ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തുവെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് വിനായകനെതിരെ പൊലീസ് കേസെടുത്തത്. സാമൂഹിക മാധ്യമത്തിലൂടെയുള്ള പരാമര്‍ശമായതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി. പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വിനായകന്റെ പേരില്‍ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കില്‍ ഇതേ അഭിപ്രായമാവും പറയുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാല്‍, പരാതി പിൻവലിക്കില്ലെന്നാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. പരാതിക്കാരിലൊരാളായ കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് സനല്‍ നെടിയതറ ഇന്നലെ നോര്‍ത്ത് പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. വിനായകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

shortlink

Related Articles

Post Your Comments


Back to top button