CinemaLatest News

ചെറുപുഞ്ചിരിയോടെ എന്നെ യാത്രയാക്കുമ്പോൾ ഉമ്മൻ ചാണ്ടി ഒരത്ഭുതമായി എനിക്ക് തോന്നി; സംവിധായകൻ എംഎ നിഷാദ്

കേരള രാഷ്ട്രീയത്തിലെ സുപ്രധാന കാലഘട്ടം തന്റെ കൈയ്യൊപ്പിനാൽ അടയാളപ്പെടുത്തി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഓർത്തെടുക്കുകയാണ് സംവിധായകൻ എംഎ നിഷാദ്.

കുറിപ്പ് വായിക്കാം

ഉമ്മൻ ചാണ്ടി സാർ വിട വാങ്ങി, അഞ്ച് പതിറ്റാണ്ടിലേറെ കോൺഗ്രസ്സ്ര് രാഷ്ട്രീയത്തെ മുന്നോട്ട് നയിച്ച ഇതിഹാസം, കേരള രാഷ്ട്രീയത്തിലെ സുപ്രധാന കാലഘട്ടം തന്റെ കൈയ്യൊപ്പിനാൽ അടയാളപ്പെടുത്തിയിട്ടാണ് ഉമ്മൻ ചാണ്ടി എന്ന ജനനായകൻ കാല യവനികക്ക് ഉളളിൽ മറഞ്ഞത്.

വ്യക്തിപരമായി അടുപ്പമുളള നേതാവ്. ഞാനാദ്യം അദ്ദേഹത്തെ കാണുന്നത് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന്റ്റെ അകത്തുളള പഴയ നിയമസഭാ കവാടത്തിന്റെ പരിസരത്ത് വെച്ചാണ്, ചെറിയ പ്രായത്തിൽ എന്റെ ഉപ്പാപ്പ മുഹമ്മദ് കുഞ്ഞ് മാസ്റ്ററുടെ കൈയ്യും പിടിച്ച് അന്നത്തെ ഉപ മുഖ്യ മന്ത്രി ശ്രീ അവുഖാദർ കുട്ടി നഹയെ കാണാൻ പോയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ പൊക്കം കൂടിയ ഖദർ ധാരിയെ ചൂണ്ടി കാണിച്ച് അതാണ് ഉമ്മൻ ചാണ്ടി എന്ന് ഉപ്പാപ്പ പറഞ്ഞു. പിന്നീടദ്ദേഹത്തെ കാണുന്നത് ടി കെ, എം എഞ്ചിനീയറിംഗ് കോളേജ് പഠന കാലത്താണ്. അന്ന് അദ്ദേഹം ധനകാര്യ മന്ത്രിയായിരുന്നു. സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കാലം. എല്ലാവിധ ഗ്രാന്റുകളും നിർത്തിവെക്കാൻ സർക്കാർ ഉത്തരവ് അന്നിറങ്ങിയിരുന്നു.

ഞങ്ങൾക്ക് ഓൾ ഇൻഡ്യ, ടൂറിന് പോകാനുളള ഗ്രാന്റും അന്ന് തടഞ്ഞ് വെച്ചിരുന്നു. ധനമന്ത്രിയുടെ Special order ഉണ്ടെങ്കിൽ ഇളവ് ലഭിക്കുമെന്നറിഞ്ഞതോടെ അദ്ദേഹത്തെ കാണാൻ ഞങ്ങൾ തീരുമാനമെടുത്തു. അന്ന് എന്റെ പിതാവ് ക്രൈംബ്രാഞ്ച് എസ് പിയാണ്. ഞാൻ വാപ്പയോട് കാര്യം അവതരിപ്പിച്ചു. ഉമ്മൻ ചാണ്ടി സാറുമായി അടുത്ത ബന്ധം എന്റെ വാപ്പക്കുണ്ട്, അദ്ദേഹം പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു പറഞ്ഞു.

സെക്രട്ടറിയേറ്റിൽ ചെന്ന് കാണാൻ പറഞ്ഞു. സുഹൃത്തും സഹപാഠിയുമായ പ്രദീപിന്റെ പിതാവ് അന്നത്തെ NGO അസ്സോസിയേഷൻ പ്രസിഡന്റുമായിരുന്ന ശ്രീ കരുണാകരൻ പിളള സാറിന്റെ കൂടെ ഞാൻ തിരുവനന്തപുരത്തേക്ക് തിരിച്ചു.

ഉമ്മൻ ചാണ്ടി സാറിന്റെ ഓഫീസിലേക്ക് അദ്ദേഹത്തോടൊപ്പം കയറുമ്പോൾ ഒരു വലിയ ആൾക്കൂട്ടമാണ് ഞാൻ കണ്ടത്. മന്ത്രിയുടെ കസേരയിൽ, ഇരിക്കുന്ന ചാണ്ടി സാറിനെ പ്രതീക്ഷിച്ച എനിക്ക് കുറച്ച് മാറി ആളുകൾക്കിടയിൽ നിന്ന് അവരുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുന്ന ജനകീയനായ നേതാവിനെ അദ്ഭുതത്തോടെയാണ് ഞാൻ കണ്ടത്.

കരുണാകരൻപിളള സാർ എന്നെ പരിചയപ്പെടുത്തി.ആവശ്യം അറിയിച്ചു. ഒരു തുണ്ട് കടലാസ്സിൽ നോട്ടെഴുതി സെക്രട്ടറിയെ ഏൽപ്പിച്ചു ,വാപ്പ വിളിച്ച കാര്യം പി എ ഓർമ്മിപ്പിച്ചു. അന്ന് ധനകാര്യ സെക്രട്ടറി വിനോദ് റോയിയാണെന്നാണ്, ഓർമ്മ..മന്ത്രി അദ്ദേഹത്തെ നേരിട്ട് വിളിച്ച് നിർദ്ദേശം നൽകി…ചെറുപുഞ്ചിരീയോടെ എന്നെ യാത്രയാക്കുമ്പോൾ ഉമ്മൻ ചാണ്ടി ഒരദ്ഭുതമായി എനിക്ക് തോന്നി.

അദ്ദേഹത്തെ എപ്പോഴും കാണുന്നത് ആൾക്കൂട്ടങ്ങളുടെ നടുവിലാണ്, പ്രതിയോഗികളോട് പോലും സൗമ്യതയോടെ ഇടപെടുന്ന നേതാവ്. 

കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ആരവങ്ങൾക്കും, ആൾക്കൂട്ടങ്ങളുടെയും നടുവിൽ തലയുയർത്തി നിന്നിരുന്ന ജനകീയനായ ശ്രീ ഉമ്മൻ ചാണ്ടി ഇനിയില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും കോൺഗ്രസ്സ് പ്രവർത്തകരുടേയും ദുഖത്തിൽ പങ്ക് ചേരുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button