GeneralLatest NewsMollywoodNEWSWOODs

ഇവിടെ ഒന്നും മരിക്കുന്നില്ല, എല്ലാം തഴച്ചുവളരുകയാണ്, നിശ്ചയദാര്‍ഢ്യമുള്ള ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമുണ്ട്: രഞ്ജിത്

2022 ജനുവരിയിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഞാന്‍ ചുമതലയേല്‍ക്കുന്നത്

എം എന്‍ കാരശേരിയുടെ വിമർശനത്തിന് മറുപടിയുമായി കേരള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്. കാരശേരിയെപ്പോലുള്ള വ്യക്തി യാഥാര്‍ഥ്യം അറിയാതെയാണ് ‘അക്കാദമികള്‍ക്ക് സ്വയംമരണ’മെന്ന് ആരോപണം ഉന്നയിക്കുന്നതെന്നും കേരള സര്‍ക്കാരിനു കീഴിലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഒന്നും മരിക്കുന്നില്ലെന്നും നിശ്ചയദാര്‍ഢ്യമുള്ള ഒരു മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ സ്ഥാപനങ്ങൾ തഴച്ചു വളരുകയാണെന്നും രഞ്ജിത് പറയുന്നു.

read also: എന്റെ അമ്മ ഞങ്ങളെവിട്ട് പോയതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം: ജാൻവി കപൂർ

രഞ്ജിത്തിന്റെ മറുപടി പൂർണ്ണ രൂപം

മണിപ്പുര്‍ കത്തിക്കൊണ്ടിരിക്കെ, കേരള സര്‍ക്കാരിനു കീഴിലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് സ്വയം മരണമെന്ന് കാരശേരി മാഷ് എഴുതുമ്പോള്‍, എല്ലാ ആദരവോടുംകൂടി പറയട്ടെ ഇവിടെ ഒന്നും മരിക്കുന്നില്ല. എന്നുമാത്രമല്ല, എല്ലാം തഴച്ചുവളരുകയാണ്. അതിന് നിശ്ചയദാര്‍ഢ്യമുള്ള ഒരു മുഖ്യമന്ത്രിയുണ്ട്. ഒരു സര്‍ക്കാരുമുണ്ട്.

2022 ജനുവരിയിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഞാന്‍ ചുമതലയേല്‍ക്കുന്നത്. 19 മാസമായി ആ സ്ഥാനത്ത് തുടരുന്നു. ഇതിനിടയില്‍ രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍, രണ്ട് സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണം, രണ്ട് ജെ സി ഡാനിയേല്‍ പുരസ്‌കാരവിതരണം, ഏഴ് റീജ്യണല്‍ ചലച്ചിത്രമേളകള്‍, ഒരു ഡോക്യുമെന്ററി ഫെസ്റ്റിവല്‍ എന്നിവ നടത്തി. രണ്ടാമത്തെ ഡോക്യുമെന്ററി ഫെസ്റ്റിവലിനുള്ള നടപടി പുരോഗമിക്കുന്നു. വനിതാ ഫിലിം ചലച്ചിത്രമേളയും നടത്തി. അക്കാദമി 12 പുസ്തകം പ്രസിദ്ധീകരിച്ചു. മുഖമാസികയായ ‘ചലച്ചിത്ര സമീക്ഷ’ മുടങ്ങാതെ പ്രസിദ്ധീകരിച്ചുവരുന്നു. മുഖ്യധാരാ സിനിമാ മേഖലയിലേക്ക് സ്ത്രീകളെ കൊണ്ടുവരുന്നതിന് പരിശീലനം ആരംഭിക്കാനിരിക്കുന്നു. മലയാള സിനിമാ മ്യൂസിയം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇത്രയും കാര്യങ്ങള്‍ നടത്തിയ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ ചില കാര്യങ്ങള്‍ പറയുന്നത് കാരശേരിയുടെ അറിവിലേക്കാണ്.

സ്വയംഭരണ സ്ഥാപനമെന്നനിലയില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തില്‍ നാളിതുവരെ ഒരുതരത്തിലുമുള്ള സര്‍ക്കാര്‍ ഇടപെടലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. പറയുന്നതിലെ സാംഗത്യം കൃത്യമായി തിരിച്ചറിഞ്ഞ് അതിനുള്ള എല്ലാ പിന്തുണയും സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിവരുന്നുണ്ട്.
അക്കാദമികള്‍ ചില കാര്യങ്ങളില്‍ തീരുമാനമെടുക്കു മ്പോള്‍ മന്ത്രിയുടെ അറിവിലേക്ക് വിശദമായ കാര്യങ്ങള്‍ അറിയിക്കുകയും അനുവാദം വാങ്ങുന്നതും പുതിയ കാര്യമല്ല. അക്കാദമിയുമായി ബന്ധപ്പെട്ട് 38 വര്‍ഷത്തെ സിനിമാ മേഖലയിലെ അനുഭവംവച്ച്‌ ചില കാര്യങ്ങള്‍ പറയാനുണ്ട്. എല്‍ഡിഎഫ് ഇതര സര്‍ക്കാരുകളുടേത് വീതംവയ്പിന്റെ കാലമായിരുന്നു. പിണറായി സര്‍ക്കാര്‍ വന്നശേഷം പ്രത്യേകിച്ച്‌, എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും എവിടെവച്ചും നട്ടെല്ല് നിവര്‍ത്തി പറയാന്‍പറ്റും വീതംവയ്പിന്റെ അവാര്‍ഡ് വിതരണമെന്നത് പഴങ്കഥയായിയെന്ന്. ഇപ്പോള്‍ അര്‍ഹതയെ തേടി മാത്രമേ അംഗീകാരങ്ങള്‍ പോകുന്നുള്ളൂവെന്ന കൃത്യമായ ഉറപ്പ് നമുക്കുണ്ട്. മലയാള ചലച്ചിത്രരംഗത്ത് പുറംചൊറിയുകയെന്ന പഴയ പ്രയോഗമുണ്ട്. അത് പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞു. അതിനുവേണ്ടിത്തന്നെയാണ് കേരളത്തിന് പുറത്തുനിന്നുള്ള പ്രശസ്തരായ ചലച്ചിത്രകാരന്മാരെ അവാര്‍ഡ് ജൂറി ചെയര്‍മാന്മാരായി കൊണ്ടുവരുന്നത്. കഴിഞ്ഞതവണ സയ്യിദ് മിര്‍സയായിരുന്നു. ഇത്തവണ അത് ഗൗതംഘോഷാണ്.

എന്തിന് കേരളത്തിന് പുറത്തുനിന്ന് ഒരാളെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അക്കാദമിക്കുണ്ട്. അക്കാദമി അത് സാംസ്‌കാരിക വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഗൗതംഘോഷിനെ കൂടാതെ ഗൗതമി, മുംബൈയില്‍ സ്ഥിരതാമസക്കാരനായ മലയാളി ഛായാഗ്രാഹകന്‍ ഹരി നായര്‍ എന്നിവരുമുണ്ട്. ഇവര്‍ സിനിമ മാത്രമേ കാണുന്നുള്ളൂ. അവര്‍ക്ക് രഹസ്യ അജന്‍ഡകളില്ല. ‘അയ്യോ ഞാന്‍ വാക്ക് കൊടുത്തുപോയതാണ്. അയാളെ ഒന്ന് പരിഗണിക്കണ’മെന്ന വിലകുറഞ്ഞ വര്‍ത്തമാനങ്ങള്‍ ഈ ക്യാമ്ബസിലോ, സിനിമകള്‍ കാണുന്ന അക്കാദമി തിയറ്ററിന് അകത്തോ കേള്‍ക്കുന്ന സാഹചര്യം ഇപ്പോഴില്ല. ഇതിനെല്ലാം കാരണമെന്ന് പറയുന്നത് സര്‍ക്കാരും സാംസ്‌കാരിക വകുപ്പും നമുക്ക് വിശ്വസിച്ചുനല്‍കുന്ന പിന്തുണയാണ്. കാരശേരിയോട് പറയാനുള്ളത്, ഈ പ്രായത്തില്‍ വലിയ ഖേദവും വ്യസനവുംപേറി നടക്കേണ്ട കാര്യമില്ല. അതിനുമാത്രം ഇവിടെയൊന്നും സംഭവിച്ചിട്ടുമില്ല.

സാഹിത്യ അക്കാദമിയില്‍ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഒരുകാര്യം നടന്നതായി പറയുന്നു. അതും സര്‍ക്കാര്‍ നിര്‍ദേശം കൊടുത്ത പ്രകാരമല്ലെന്നും ബന്ധപ്പെട്ടവര്‍ പ്രതികരിച്ചിട്ടുണ്ട്. ആ നിലയ്ക്ക് അത് വിട്ടുകളയേണ്ടതാണ്. അക്കാദമി ചെയര്‍മാനോ മറ്റാരെങ്കിലുമോ ഇടപെടലുകളുമായി മുന്നോട്ടുപോകുന്നില്ല. ഇടപെടലുകളുടെ വൃത്തികെട്ട, പോയ ഒരുകാലത്തിന്റെ അവസ്ഥയല്ല ഇന്ന് ഭരിക്കുന്ന സര്‍ക്കാരിനുള്ളത്. സാഹിത്യ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തുള്ളത് മലയാളത്തിന്റെ ഒരേയൊരു സച്ചിദാനന്ദനാണ്.
സാംസ്‌കാരിക സെക്രട്ടറി 10 നിർദേശമാണ്‌ അക്കാദമി ഉൾപ്പെടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങൾക്ക്‌ നൽകിയത്‌. അതിൽ ആറെണ്ണമാണ്‌ ലേഖനത്തിൽ കാരശേരി എടുത്തുപറയുന്നത്‌. അതിലൊന്ന്‌ നിയമസഭാ സമ്മേളനം നടക്കുമ്പോൾ അക്കാദമികൾ കമ്മിറ്റിയോഗങ്ങൾ ചേർന്നുകൂടായെന്ന നിർദേശത്തെയാണ്‌. നിയമസഭാ സമ്മേളനം നടക്കുമ്പോൾത്തന്നെ അക്കാദമികൾ മീറ്റിങ്‌ നടത്തി കാര്യങ്ങൾ തീരുമാനിക്കുകയെന്ന കീഴ്‌വഴക്കം ഇവിടെയില്ല. എല്ലാ അക്കാദമിയുടെയും ഭരണസമിതികളിൽ എക്‌സ്‌ ഒഫീഷ്യോ അംഗങ്ങളായി സർക്കാർ പ്രതിനിധികളുണ്ട്‌. ധനവകുപ്പിൽനിന്നുള്ളവരുണ്ടാകും. സാംസ്‌കാരിക വകുപ്പിൽനിന്നുള്ളവരുമുണ്ടാകും. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഇവർക്ക്‌ അവിടെ പോകേണ്ടിവരും. അതിനാൽ അത്തരം സന്ദർഭങ്ങൾ ഒഴിവാക്കിത്തന്നെയാണ്‌ യോഗങ്ങൾ ചേരാറുള്ളത്‌. മറ്റൊന്ന്‌ യോഗങ്ങൾ മുൻകൂട്ടി സർക്കാരിനെ അറിയിക്കണമെന്നാണ്‌. അങ്ങനെയാണ്‌ ഇതുവരെ ചെയ്‌തുവന്നിട്ടുള്ളത്‌. അജൻഡ വച്ചുതന്നെയാണ്‌ യോഗങ്ങൾ അറിയിക്കുന്നത്‌. അതും പുതിയ കാര്യമല്ല. കാലാകാലങ്ങളിൽ ഇത്തരത്തിലുള്ള നിർദേശങ്ങൾ ഉണ്ടാകാറുണ്ട്‌. സാംസ്‌കാരിക സ്ഥാപനങ്ങളെ കുപ്പിക്കകത്താക്കി അതിനു മുകളിൽ മന്ത്രി സജി ചെറിയാൻ കയറി ഇരിക്കുന്നുവെന്ന്‌ പറയുന്നത്‌ ഇടതുപക്ഷ സർക്കാരിനെ എറിയാൻ ചില മാധ്യമങ്ങൾ കണ്ടെത്തുന്ന മറ്റൊരു കല്ലാണ്‌. യാഥാർഥ്യവുമായി ബന്ധമില്ലാത്തതിനാൽ അത്‌ ലക്ഷ്യംകാണില്ല. ഈ നിമിഷംവരെ മുഖ്യമന്ത്രിയോ, സാംസ്‌കാരിക മന്ത്രിയോ ഒരുതരത്തിലും ഒരുനിർദേശവും സാംസ്‌കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒരു കലാകാരനും നൽകിയിട്ടില്ല. നിങ്ങൾ എന്തു ചിന്തിക്കണം, എന്തു ചെയ്യണമെന്ന്‌ ഒരുവാക്ക്‌ പറഞ്ഞിട്ടില്ല. പറയുകയുമില്ല. ആ രാഷ്‌ട്രീയ അന്തസ്സ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്‌; സിപിഐ എമ്മിനുണ്ട്‌.

shortlink

Related Articles

Post Your Comments


Back to top button