വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. ഈ ചിത്രം ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ഇലവീഴാപൂഞ്ചിറ, ജിന്ന് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സൗബിൻ ഷാഹിര്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ജയ ജയ ജയ ജയ ഹേയിലെ പ്രകടനം മികച്ച നടിയ്ക്കുള്ള പുരസ്കാരം ദർശന രാജേന്ദ്രനു നേടിക്കൊടുത്തു.
ജനപ്രിയ ചിത്രമായി 2018 തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര പ്രതിഭാ പുരസ്കാരം സംവിധായകൻ പ്രിയദർശൻ, നടൻ ശങ്കർ, നടി മേനക എന്നിവർക്ക് സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ സമിതി മുൻ അംഗവും സംവിധായകനുമായ അഡ്വ. ശശി പരവൂർ അധ്യക്ഷനും സംവിധായകരായ ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂർ, ഗായകൻ രവിശങ്കർ, ചലച്ചിത്ര അക്കാദമി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജയന്തി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ ആദ്യവാരം തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
മറ്റ് പുരസ്കാരങ്ങൾ ഇങ്ങനെ,
മികച്ച രണ്ടാമത്തെ നടൻ പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്), മികച്ച രണ്ടാമത്തെ നടി ഗ്രേസ് ആന്റണി (റോഷാക്ക്, അപ്പൻ), മികച്ച തിരക്കഥ രതീഷ് പൊതുവാൾ (ന്നാ താൻ കേസ് കൊട്), ഛായാഗ്രഹണം അഖിൽ ജോർജ്, സംഗീത സംവിധായകൻ:കൈലാസ് മേനോൻ (കൊത്ത്, വാശി), ഗാനരചന പ്രഭാവർമ്മ, ഗായകൻ ഹരിശങ്കർ, ഗായിക ശ്രീദേവി തെക്കേടത്ത്, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പൻ, എഡിറ്റർ കിരൺദാസ്, കലാസംവിധാനം മോഹൻദാസ്, മേക്കപ്പ് പട്ടണം റഷീദ്, ജനപ്രിയ നടൻ ബേസിൽ ജോസഫ്, ജനപ്രിയ നടി കല്യാണി പ്രിയദർശൻ. സ്റ്റാർ ഓഫ് ദി ഇയർ ഷൈൻ ടോം ചാക്കോ.
Post Your Comments