ഉദയനിധിയും, ഫഹദ് ഫാസിലും, വടിവേലുവും ഒന്നിച്ച മാമന്നനെന്ന ചിത്രം സൂപ്പർ ഹിറ്റായി മാറുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ജ്യോതിസ് എന്ന വ്യകതി പങ്കുവച്ച കുറിപ്പ്.
കുറിപ്പ് വായിക്കാം
മാമന്നൻ, വടി വേലു വലിച്ചിട്ടിരുന്ന കസേര നായക സങ്കൽപ്പങ്ങൾക്ക് മേലെ ഒരു കറുത്ത നടന ശരീരത്തിന്റെ ഉയർത്തെഴുന്നേൽപ്പ് കൂടിയാണ്. സ്ഥിരം നായകന്റെ തല്ലു വാങ്ങി ഒടിവും, ചതവും, വെച്ചുകെട്ടുമായി നടന്ന്, ആ ദയനീയതയെ ആഘോഷമാക്കി ആൾക്കൂട്ടത്തിന്റെ നേരമ്പോക്കിനായി തന്റെ ശരീരത്തെയും, ശബ്ദത്തെയും വിട്ട് കൊടുത്ത ഒരു നടൻ.
പക്ഷെ ആ നടന്റെ മനസ്സ് കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളെ ആഴത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന, അവയെ ശക്തമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒന്നാണെന്ന് ആദ്യ സിനിമയിൽ തന്നെ (തേവർ മകൻ ) തെളിയിക്കപെട്ടിരിന്നു. എന്നിട്ടും മൂന്നു പതിറ്റാണ്ടോളം കാലം വിഡ്ഢിയും, കോമാളിയും, മണ്ടനുമായ കഥാപാത്രങ്ങളിൽ തൻറെ പ്രതിഭയെ തളച്ചിടേണ്ടിവന്നത് എന്തുകൊണ്ടാവാം, മാമന്നൻ എന്ന സിനിമയിലെ കഥാഗതിയെ സിനിമയിലെ കറുത്ത നടന ശരീരങ്ങളുടെ ചരിത്രവും കൂടെയാണ് എന്ന നിലയിൽ വായിച്ചെടുക്കാം. തമിഴ് സിനിമകളിൽ ഇത്തരം കാഴ്ചകൾക്ക് നേരിയ വ്യത്യാസമുണ്ടാകാമെങ്കിലും, വടിവേലുവിനെ പോലെയുള്ള ഒരു നടനെ ക്യാരക്ടർ റോളുകളിൽ ഒരിക്കൽപോലും കണ്ടിട്ടുതന്നെയില്ല.
സിനിമയിൽ നിലനിൽക്കുന്ന സൗന്ദര്യ സങ്കൽപങ്ങൾക്കും, വർണ്ണ രാഷ്ട്രീയത്തിനും എതിരെ ഒരു നിലപാടായി തന്നെയാണ് മാരി സെൽവരാജ് വടിവേലു എന്ന നടന്റെ പൊട്ടൻഷ്യൽ മാമന്നൻ എന്ന കഥാപാത്രത്തിലൂടെ ഉയർത്തി കാട്ടുന്നത്, മാമന്നൻ എന്ന കഥാപാത്രത്തെ ഇത്തരത്തിൽ ഒരു അനുഭവമാക്കി മാറ്റാൻ മറ്റൊരു നടന് കഴിയുമോ എന്ന സംശയം തോന്നിക്കത്ത വിധം കഥാപാത്രത്തിന്റെ എല്ലാംശങ്ങളും ആഴത്തിൽ അനുഭവിപ്പിക്കാൻ വടിവേലു എന്ന നടനു കഴിഞ്ഞു, സിനിമയിലെ കഥാപാത്രങ്ങൾക്ക് വേണ്ടി നടന്മാരെ തിരഞ്ഞെടുക്കുന്നത് ഒരു രാഷ്ട്രീയ നിലപാടായി മാറുന്നത് ചുരുക്കം കാഴ്ചകളിലൊന്നാണ്, പണിയേരും പെരുമാളും ജാതീയതയും വ്യക്തിയും തമ്മിലുള്ള സംഘർഷമാകുമ്പോൾ കർണ്ണനിൽ അത് സാമൂഹിക തലത്തിലേക്ക് വളരുകയും, മാമന്നനിൽ അത് അധികാരത്തിന്റെ പങ്കിടലിലെ നീതി നടത്തിപ്പിലേക്ക് വളർത്തിയെടുക്കുകയാണ് മാരി സെൽവരാജ് ചെയ്യുന്നത്.
സമകാലിക ജീവിതത്തിലെ തീക്ഷണമായ ജീവിതയാഥാർത്ഥ്യങ്ങൾ മുഖ്യധാര സിനിമയുടെ കാഴ്ച ശീലങ്ങളിലേക്ക് കടത്തിവിടുമ്പോൾ അനിവാര്യമായി സംഭവിക്കേണ്ട ചർച്ചകൾക്ക് വേണ്ടി നടത്തുന്ന ശക്തമായ ഒരു ഇടപെടലായി മാറുകയാണ് മാമന്നൻ.
Post Your Comments