പർവ്വതാരോഹണം നടത്തിയിട്ട് കുറേ ഓഫ്റോഡ് കുഴികളിൽ ചാടി ചാടി മറിഞ്ഞു പുഴയിൽ വീണിട്ട് നീന്തി നീന്തി സമതലത്തിൽ വന്നിട്ട് കുറേ നേരം ഒരേ ഗിയറിൽ പോവുന്ന പോലെ ഉള്ള ഒരുപാട് സ്വരാജാലവിദ്യകൾ നിറഞ്ഞ പാട്ടുകൾ നമ്മുക്ക് രവീന്ദ്രൻ മാഷ് സമ്മാനിച്ചിട്ടുണ്ട്. ഇങ്ങനെ ഉള്ള മ്യൂസിക്കൽ ജിംനാസ്റ്റിക്സ് മാഷ് തുടങ്ങാൻ കാരണക്കാരൻ ആവട്ടെ, ശ്രീ ബാലചന്ദ്ര മേനോനും. (ഒരുപാട് നന്ദി മേനോൻ സാർ)
സത്യൻ അന്തിക്കാട് എഴുതിയ ‘താരകേ’ (ചൂള) സൃഷ്ടിച്ച് ശാന്തമായി തുടങ്ങിയ മാഷിന്റെ അടുത്ത ഘട്ടത്തിനു നാന്ദി കുറിക്കൽ ആയിരുന്നു ‘ചിരിയോ ചിരി’ എന്ന ചിത്രത്തിലെ ‘ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം’. അത് തികച്ചും അനന്യസാധാരണമായ ഒരു സൃഷ്ടി ആണ്. പരമ്പരാഗത സിനിമാശൈലി വിട്ടുള്ള ഈ ഈണം ദാസേട്ടനു പോലും വെല്ലുവിളിയായി. പക്ഷേ സംഗീതത്തിന്റെ അതിതീവ്ര ഉപാസകനായ അദ്ദേഹം തന്റെ കണ്ഠത്തിൽ ഇട്ട് ആ ഈണത്തെ വെണ്ണ പോലെ മൃദുവാക്കി ശ്രോതാക്കൾക്ക് സമ്മാനിച്ചു.
‘എനിക്ക് അവന്റെ കരച്ചിൽ ഇങ്ങനെ കേൾക്കാം, ഒരു വല്ലാത്ത കരച്ചിൽ’: ബിനു അടിമാലി
യേശുദാസിനെ കൊണ്ട് ആ പാട്ട് പാടാൻ പറ്റുമെന്ന് കുളത്തൂപുഴ രവി എന്ന രവീന്ദ്രൻ മാഷിന് അത്രേം ഉറപ്പ് ഉണ്ടായിരുന്നു. തന്റെ കൈയ്യിൽ ലഭിച്ചത് ഒരു ‘പ്രതിഭാസം ആണെന്ന് അറിയാവുന്ന ഈണ ശില്പി.,അത് വേണ്ട വിധം ഉപയോഗിക്കാൻ ഉതകുന്ന സൃഷ്ടികൾ അദ്ദേഹത്തിനു വേണ്ടി സൃഷ്ടിച്ചു. അതാണ് സത്യം. എന്നാൽ, മാഷിന്റെ ഗംഭീരമായ, പ്രയാസമേറിയ സൃഷ്ടി ഏതാണ്? ഏഴു സ്വരങ്ങളും? പ്രമദവനം? ഹരിമുരളീരവം? ഗംഗേ?
സംഗീതപരമായ രീതിയിൽ ചിന്തിച്ചാൽ ഇതെല്ലാം പലവരിശകളുടെയോ, ചില താളങ്ങളുടെയോ സീക്വൻസുകൾ ആണ് എന്ന് മനസിലാവും. പാശ്ചാത്യ സംഗീതതിലെ സിംഫണികളിലെ ഓർക്കസ്ട്രകളിൽ ഉള്ള വയലിന്റെയും മറ്റും നോട്ടുകൾ പോലെ, ഉള്ള ശാസ്ത്രീയമായ, അടുക്കും ചിട്ടയും ഉള്ള ഒഴുക്ക് മാഷിന്റെ പാട്ടിലെ ഈണങ്ങളിലും ഉണ്ട് (കോപ്പി അടി എന്ന് വ്യാഖ്യാനിക്കരുത്).
ജി. മാർത്താണ്ഡന്റെ മഹാറാണി ഉടൻ തിയേറ്ററുകളിലേക്ക്
കർണാട്ടിക് – ഹിന്ദുസ്ഥാനി രാഗങ്ങൾ കൊണ്ടും ഒഴുക്കുള്ള സുന്ദര ഈണങ്ങൾ സൃഷ്ടിക്കാം എന്ന് അദ്ദേഹം തെളിയിച്ചു. നല്ല ശ്വാസക്ഷമതയും, ശബ്ദ സൗകുമാര്യവും ഉള്ള ആർക്കും ഈ പാട്ടുകൾ പാടാൻ പറ്റും വിധം മാഷ് സ്വന്തമായി ഒരു ശൈലി തന്നെ ഉണ്ടാക്കിയെടുത്തു എന്ന് നമ്മുക്ക് മനസ്സിലാവും. കാരണം മിക്ക ഗാനമേളകൾക്കും റിയാലിറ്റി ഷോവിലും ഈ പാട്ടുകൾ പാടപ്പെടുന്നു. ചില വരികൾ കുറേ നേരം ശ്വാസം വിടാതെ പിടിച്ചു പാടുന്ന പാട്ടുകൾ മഹനീയം എന്ന് ഒരു പൊതുധാരണ ഉണ്ട്.
എന്നാൽ ഒരേ പാട്ടിൽ വരുന്ന ശ്രുതി ഭേദ പ്രയോഗങ്ങൾ കൊണ്ട് മറ്റൊരു രാഗത്തിലോട്ട് പെട്ടെന്നു മാറ്റി പാടാൻ ഉള്ള ജ്ഞാനവും ശാരീരവും കണ്ഠക്ഷമതയും, അതാണ് ഗായകന്റെ മഹിമ. അങ്ങനെ ഉള്ള പാട്ടുകളുടെ നീണ്ട നിരയും മാഷിന്റെ സൃഷ്ടികളിൽ ഉണ്ട്.
അമരം എന്ന ചിത്രത്തിലെ ‘പുലരെ പൂന്തോണിയിൽ’ എന്ന പാട്ട്,തുടങ്ങുന്നത് വാസന്തി എന്ന രാഗത്തിൽ ആണ്. പക്ഷേ ‘മുത്താണേ’ എന്ന ഭാഗം മുതൽ ഈണം ശുദ്ധ സാവേരിയിലെക്കും, തുടർന്ന് വീണ്ടും വാസന്തിയിലേക്ക്. പതിയെ അകമ്പടി സംഗീതം ഹിന്ദോളത്തിലേക്ക് ‘കാണേ കാണേ’ മുതൽ ഹിന്ദോളം ആണ്. ഈ ശബ്ദരാഗ വ്യതിയാനങ്ങൾ എത്ര സുന്ദരമായാണ് ദാസേട്ടൻ പാടിയിരിക്കുന്നത്; ഹൃദ്യം.
സാളക ഭൈരവി രാഗത്തിൽ ഉള്ള ‘നിറങ്ങളെ’ എന്ന ഗാനം (ചിത്രം: അഹം) എടുത്തു പറയേണ്ടതായ ഗാനം ആണ്. അതിലെ നായകന്റെ മനോവ്യതിയാനങ്ങളെ പ്രതിധ്വനിപ്പിക്കുന്ന ഒരു മിശ്രവികാരം ഉള്ള പാട്ട്. ആ പാട്ടിന്റെ പശ്ചാത്തലത്തിലുള്ള ചടുലമായ ഹിന്ദുസ്ഥാനി തബല ശൈലിയിൽ ഉള്ള ‘തിർകിട്ട്’ പ്രയോഗങ്ങളും ഷെഹനായി പ്രയോഗവും രാഗത്തിന് വേറൊരു നിറം നൽകി. ശ്രീ കാവാലം നാരായണപണിക്കരുടെ വസന്ത കാലത്തിലെ നിറങ്ങളോട് പാടാൻ ആവശ്യപെടുന്ന വരികൾ അനിതരസാധാരണവും ആയിരുന്നു.
അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ ‘ഏതോ നിദ്രതൻ’ എന്ന ഗാനവും തികച്ചും വ്യതസ്ത ഗണത്തിൽ പെട്ടവയാണ്. ‘ഏതോ നിദ്രതൻ’ എന്ന പാട്ടിൽ മോഹനം എന്ന രാഗത്തിനെ മറ്റൊരു തലത്തിലും തരത്തിലും ഉപയോഗപ്പെടുത്തിയ മാഷിന്റെ വൈദഗ്ധ്യം അനിർവ്വചനീയമാണ്. നായകനു നായികയോടുള്ള സ്നേഹാർദ്രമായ കരുതലിനെ കാണിക്കാൻ, ദാസേട്ടന്റ ബേസ് വോയിസ് പരമാവധി ഉപയോഗപെടുത്തിയ ഗാനം, വശ്യമോഹനമാണ്.
വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ച കനല് കണ്ണനെതിരെ കേസ്
അതുപോലെ തേനും വയമ്പും എന്ന ചിത്രത്തിലെ ‘ഒറ്റകമ്പി നാദം മാത്രം മൂളും’ എന്ന പാട്ട് മാധ്യമാവതി രാഗത്തിൽ പിറന്ന മനോഹര സൃഷ്ടിയാണ്. ഈ പാട്ടിന്റെ അവസാന ഭാഗത്തു പല്ലവി പാട്ടുമ്പോൾ മാഷ് കൊടുത്ത വ്യതിയാനം ‘ഒറ്റ കമ്പി’ കഴിഞ്ഞ് ‘നാദം മാത്രം മൂളും വീണാ…ഗാനം ഞാൻ’ എന്ന് ദാസേട്ടൻ പിടിച്ചുപാടുന്നുണ്ട്, അതേ ഈണത്തിന് അനുസൃതം തബലയും, ശ്രദ്ധിച്ചാൽ അതിന്റെ ഭംഗി മനസിലാവും.
1999ൽ ഇറങ്ങിയ ‘തച്ചിലേടത്തു ചുണ്ടൻ’ എന്ന ചിത്രത്തിലെ ‘ശോകമൂകമായി വഴിമാറി യാത്രയായി’ എന്ന ഗാനം .ദേശ് രാഗത്തിൽ ചിട്ടപെടുത്തിയ ഈ പാട്ടിന്റെ ഈണം നമ്മളിൽ ആ വരികളിലെ വികാരം പകർന്നു നൽകും.
ബിഗ് ബോസിൽ താരങ്ങളുടെ ലിപ്ലോക്ക്!!
തേനും വയമ്പും എന്ന ചിത്രത്തിലെ ‘തേനും വയമ്പും’ എന്ന പാട്ടും മാന്ത്രികമാണ്.ശിവരഞ്ജനി രാഗത്തിൽ ഉള്ള ഈ പാട്ടിന്റെ പല്ലവി ഭാഗം പിയാനോയിൽ വായിച്ചു നോക്കിയാൽ ,അത് ലോകോത്തര നിലവാരം ഉള്ള “സോണാറ്റ” ആണോ എന്ന് തോന്നും. മാഷിന്റെ പല പാട്ടുകളും സിംഫണി ശൈലിയിൽ ആക്കാൻ മാത്രം നിലവാരം ഉയർന്നവയാണ്. ഏതെങ്കിലും കാലത്ത് അത് വിദേശങ്ങളിലും, നമ്മുടെ നാട്ടിലും പഠന വിധേയമാവും തീർച്ച.
ഭരതം എന്ന ചിത്രത്തിലെ ശുഭപന്തുവരാളി രാഗത്തിൽ ചിട്ടപെടുത്തിയ ‘രാമകഥ ഗാനലയം’ എന്ന പാട്ട് ഒരു വയലിൻ കോൺസർട്ടോ ആയി പാശ്ചാത്യ ഓർക്കസ്റ്റ്ര ശൈലിയിൽ അവതരിപ്പിച്ചാൽ അതിന് വിശ്വ വിഖ്യാതനായ ഇറ്റലിക്കാരൻ വയലിൻ ഇതിഹാസപ്രതിഭാസവും സംഗീതജ്ഞനുമായ നിക്കോളോ പാഗനിനിയുടെ ഒപ്പം നിലവാരം ഉണ്ടെന്ന് മനസിലാവും.
ഏപ്രിൽ 19 എന്ന ചിത്രത്തിലെ ‘ശരപൊളി മാല ചാർത്തി’ എന്ന പാട്ട് മറ്റൊരു രവീന്ദ്രജാലമാണ്. മണിരംഗ് രാഗത്തിൽ ഉള്ള ആ പാട്ട് മലയാള സിനിമാഗാന ചരിത്രത്തിലെ ഏറ്റവും മികച്ച യുഗ്മ ഗാനങ്ങളിൽ പ്രഥമഗണ നീയമാണ് എന്ന് നിസംശയം പറയാം.
ശ്രീനേഷ് എൽ പ്രഭു.
Post Your Comments