CinemaLatest News

പിതാവ് മിണ്ടാതായ, ഏക സുഹൃത്ത് ആത്മഹത്യ ചെയ്ത സങ്കടം പേറുന്നവൻ തൊപ്പി: ഡോ. ഷിംന അസീസ്

മക്കളിലേക്ക്‌ ഇഞ്ചക്‌ട്‌ ചെയ്യപ്പെടുന്ന നെഗറ്റീവ് വിഷയങ്ങളെ ഭയക്കണം

സോഷ്യൽ മീഡിയ താരവും ​ഗെയിമറുമായ തൊപ്പി എന്ന നിഹാദിനെക്കുറിച്ച് ഡോ. ഷിംന അസീസ് എഴുതുന്നു. സോഷ്യൽ മീഡിയയിൽ സമകാലീന കാര്യങ്ങളെക്കുറിച്ച് എഴുതുന്ന വ്യക്തികൂടിയാണ് ഡോ. ഷിംന.

ചൈൽഡ്‌ഹുഡ്‌ ട്രോമ ആവശ്യത്തിലേറെ അനുഭവിച്ച, ചെറുപ്പത്തിൽ നടത്തിയ ഒരു മോഷണശ്രമത്തിന്റെ പേരിൽ പത്ത്‌ വർഷമായി സ്വന്തം പിതാവ്‌ തന്നോട്‌ മിണ്ടാതിരിക്കുന്ന, ഏക സുഹൃത്ത് ആത്മഹത്യ ചെയ്‌ത തികച്ചും ഏകാകിയായ തൊപ്പി. അവന്റെ വിഷമങ്ങൾ മുഴുവൻ വാതിലടച്ചിരുന്ന്‌ ഗെയിം കളിക്കുമ്പോഴുള്ള ഒച്ചയിടീലിൽ തീർക്കുന്നവനാണ് തൊപ്പി എന്നാണ് ഷിംന പറയുന്നത്.

കുറിപ്പ് വായിക്കാം

‘തൊപ്പി’ അഥവാ നിഹാദ്‌ ഒരു ഗെയിമറാണ്‌. നിലവിൽ ഇഷ്‌ടം പോലെ ഹേറ്റേഴ്‌സും അതിലേറെ ഫാൻസും അയാൾക്കുണ്ട്‌. ചൈൽഡ്‌ഹുഡ്‌ ട്രോമ ആവശ്യത്തിലേറെ അനുഭവിച്ച, ചെറുപ്പത്തിൽ നടത്തിയ ഒരു മോഷണശ്രമത്തിന്റെ പേരിൽ പത്ത്‌ വർഷമായി സ്വന്തം പിതാവ്‌ തന്നോട്‌ മിണ്ടാതിരിക്കുന്ന, ഏക സുഹൃത്ത് ആത്മഹത്യ ചെയ്‌ത തികച്ചും ഏകാകിയായ തൊപ്പി. അവന്റെ വിഷമങ്ങൾ മുഴുവൻ വാതിലടച്ചിരുന്ന്‌ ഗെയിം കളിക്കുമ്പോഴുള്ള ഒച്ചയിടീലിൽ തീർക്കുന്നവൻ. ഈ പയ്യനൊരു വളിപ്പാട്ട്‌ പാടിയെന്നതിന്റെ പേരിൽ എതിർക്കപ്പെടുന്നത് കണ്ടു. തേന്മാവിൻ കൊമ്പത്തിൽ മോഹൻലാൽ “വളീ.. .” എന്ന്‌ പറയുമ്പോൾ ക്യൂട്ട്‌ ആവുകയും അതേ വാക്ക്‌ പാടുമ്പോൾ അശ്ളീലമാവുകയും ചെയ്യുന്നത്‌ എങ്ങനെയാണ്‌ !! ഇവിടെ പല വിഷയങ്ങൾ ഒരൊറ്റ വണ്ടിയിൽ കൂട്ടിക്കെട്ടാതെ ഇഴപിരിച്ച് നോക്കേണ്ടതുണ്ട്. ‘ഫേസ്ബുക്ക് അമ്മാവന്മാരും അമ്മായിമാരും’ എന്ന് ഇൻസ്റ്റാഗ്രാം ഡിസ്കോർഡ് തലമുറ സൂചിപ്പിക്കുന്ന എയ്റ്റീസ്, നൈന്റീസ് തലമുറക്കാർ പണ്ടേക്ക് പണ്ട് ദിവസങ്ങൾ നീണ്ട് നിന്ന ടെസ്റ്റ് ക്രിക്കറ്റ് കാണാൻ ലീവെടുത്ത് ടെലിവിഷനും റേഡിയോയ്‌ക്കും കീഴെ കുത്തിയിരുന്നിട്ടുണ്ടെങ്കിൽ, ഇന്നും ലോകകപ്പ് ഫുട്ബോൾ നടക്കുന്ന മാസങ്ങളിൽ തെരുവിൽ ആൾത്തിരക്കില്ലാതെ കച്ചവടം കുറയുന്നുണ്ടെങ്കിൽ, ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന സ്ട്രീം കാണാൻ പുതിയ ജനറേഷനും സമാനമായ ആവേശം കാണും.

സച്ചിനും മെസ്സിക്കും ആരാധകരുണ്ടായത് പോലെ, ഇവിടെ മികച്ച ഓൺലൈൻ ഗെയിം കളിക്കാർക്ക് അതിഷ്ടപ്പെടുന്ന ഫാൻ ഫോളോവിംഗും കാണും. ഏതൊരു സെലിബ്രിറ്റി പൊതുപരിപാടിക്ക് വന്നാലും ആ സെലിബ്രിറ്റിയെ കാണാൻ ആളും ആരവവും ഉന്തും തള്ളുമൊക്കെ ഉണ്ടാവും. അവിടെ വിരാട് കോലിയുടെയും ഹണി റോസിന്റെയും ഉന്ത് നല്ലതും തൊപ്പിയുടെത് വെറും തള്ളും ആവേണ്ടതില്ല. തൊപ്പി ഒരു എക്‌സ്‌ട്രീംലി ടാലന്റഡ് ഗെയിമറായിരിക്കാം. അതാവുകയെന്നത്‌ അത്ര എളുപ്പവുമല്ല. അങ്ങനെ എളുപ്പമല്ലാത്തത്‌ കാണാൻ ചരിത്രാതീത കാലം തൊട്ട്‌ ആളുണ്ടായിട്ടുമുണ്ട്‌. അതൊരു തെറ്റുമല്ല. എന്നാൽ, ഈ ഗെയിമിനിടയിൽ അയാളുപയോഗിക്കുന്ന സോ കോൾഡ്‌ തെറിപ്പദങ്ങളും വയലന്റായ ശരീരഭാഷയും കുട്ടികളിൽ നിന്ന്‌ മറച്ച്‌ പിടിക്കേണ്ടവയാണ്. അവ കുട്ടികൾ കേൾക്കരുതെന്നും അവരത്‌ പൊതുമദ്ധ്യത്തിൽ ഉപയോഗിക്കരുതെന്നും ഒരു സിവിലൈസ്ഡ് സമൂഹത്തിന് നിർബന്ധമുണ്ട്‌.

ഇങ്ങനെയൊരു വിഷയം എടുത്തിട്ടാലുടനെ ഈ നാട്ടിൽ ചുരുളിയില്ലേ വയലൻസ് സെക്സ് സിനിമകളില്ലേ എന്ന ചോദ്യവുമായി ഇറങ്ങാനും ആളുണ്ട്. ഉവ്വ്, അവയെല്ലാം ഇവിടെ നിയമവിധേയമായിത്തന്നെ ഉണ്ട്, പക്ഷേ അവിടെയൊരു വ്യത്യാസമുണ്ടല്ലോ… ഈ നാട്ടിൽ ഒരു സിനിമയിറങ്ങുമ്പോൾ അതിൽ വയലൻസും തെറിയുമൊക്കെ വരുമ്പോൾ അതിലുപയോഗിക്കുന്ന ഭാഷയും രംഗങ്ങളും അനുസരിച്ച്‌ അത്‌ 13+, 16+, 18+ എന്നിങ്ങനെ തരം തിരിച്ചാണതിന് അനുമതി നൽകുന്നത്. ചില വാക്കുകൾക്കും അവയിലൂന്നിയ ആശയങ്ങൾക്കും കണ്ണുകളിലും കാതുകളിലുമെത്താൻ അതത് പ്രായം ആവുക തന്നെ വേണം. അങ്ങനെയൊരു സെൻസർഷിപ്പ് ഇല്ലാതെ വായിൽ തോന്നിയതെന്തും വിളിച്ച്‌ പറയുന്ന, വയലന്റായ ശരീരഭാഷയും ചേഷ്ടയുമായി മുന്നിൽ വരുന്ന ഒരാളെ കേൾക്കാൻ പിഞ്ചു പ്രായത്തിലുള്ള കുട്ടികൾ മത്സരിക്കുന്ന സ്‌ഥിതി അപകടമാണ്‌. ഉദ്‌ഘാടനത്തിന് തടിച്ച് കൂടിയ പല കുട്ടികളും ആവേശത്തിനിടയിൽ വിളിച്ച് പറയുന്ന ഭാഷയും ചേഷ്ടയും കണ്ട് അമ്പരന്ന് ഭയപ്പെട്ട് പോയവരുണ്ട്, അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കോവിഡ് ലോക്‌ഡൗൺ കാലത്തിനു ശേഷം പൊതുവെ ചുമരുകൾക്കുള്ളിൽ മൊബൈലിനുള്ളിലേക്ക് ഉൾവലിഞ്ഞിരിക്കാൻ ഇഷ്‌ടപ്പെടുന്നൊരു ശീലം കുട്ടികൾക്കിടയിൽ വല്ലാതെ കൂടിയിട്ടുണ്ട്. ആ മക്കളിലേക്ക്‌ ഇഞ്ചക്‌ട്‌ ചെയ്യപ്പെടുന്ന നെഗറ്റീവ് വിഷയങ്ങളെ ഭയക്കണം.

അവിടെ പരിധികൾ ലംഘിക്കുന്നുണ്ടെങ്കിൽ പൂട്ട്‌ വീണേ തീരൂ. എട്ടുംപൊട്ടും തിരിയാത്ത കുട്ടികൾ ഇയാളെപ്പോലുള്ളവരോട്‌ അന്ധമായ ആരാധന വെച്ച്‌ പുലർത്തുന്നേരം നമ്മുടെ മക്കൾക്ക്‌ കൈവിട്ട്‌ പോകുന്ന അതിരുകളെ തിരിച്ച്‌ പിടിക്കാൻ നമുക്കാവണം.

കുട്ടികളുടെ മുന്നിലെത്തുന്ന ഗെയിമിങ്ങിന്റെ രസം തെറിയല്ല, പെർഫോമൻസാണ്‌. കാര്യങ്ങൾ ശക്തമായും വ്യക്തമായും തന്നെ പറഞ്ഞ്‌ മക്കളെ മനസ്സിലാക്കി കൊടുക്കുക. തൊപ്പിയിടുന്നത് നല്ലതാവുന്നത്, അത് ജീവിതത്തിൽ തോറ്റ് തൊപ്പിയിടൽ ആവാത്തിടത്തോളമാണ്.

shortlink

Related Articles

Post Your Comments


Back to top button