CinemaLatest NewsMollywoodWOODs

ഞാൻ ബിജെപി വിടുന്നുവെന്ന് പറയുന്നവരോട് – എന്റെ ഇന്നിംഗ്സ് ആരംഭിച്ചിട്ടേയുള്ളൂ, ചെയ്യാനൊരുപാടുണ്ട്: നടൻ കൃഷ്ണകുമാർ

സൂര്യനില്ലെങ്കിൽ നമ്മളാരുമില്ലെന്ന ലളിതമായ സത്യംപോലും അവർ മനസ്സിലാക്കുന്നില്ല

നടൻ കൃഷ്ണകുമാർ ബിജെപി വിടുന്നുവെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരണം ശക്തമായിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായി രം​ഗത്ത് വന്നിരിക്കുകയാണ് കൃഷ്ണകുമാർ.

കുറിപ്പ് വായിക്കാം

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് ചില ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ കറങ്ങിനടക്കുന്നത് കാണാനിടയായി. പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമെന്ന നിലയ്ക്ക് കേന്ദ്രനേതൃത്വത്തിനെ ഞാനെന്റെ നിലപാടുകൾ അറിയിച്ചുകഴിഞ്ഞു. പക്ഷെ ഒരു കലാകാരനും രാഷ്ട്രീയക്കാരനുമെന്ന നിലയിൽ എന്റെ ഏറ്റവും പ്രാഥമികമായ കടമ, എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങളോരോരോരുത്തരോടും എന്റെ നിലപാടുകൾ അർത്ഥശങ്കയില്ലാത്തവണ്ണം ചുരുങ്ങിയ വാക്കുകളിൽ വിശദീകരിക്കുകയെന്നത് തന്നെയാണ്. കാരണം നിങ്ങളാണ് എന്റെ ശബ്ദം. തിരുവനന്തപുരവും, പിന്നെ നിങ്ങളെല്ലാവരും തന്നെയാണ് എനിക്കെന്നും മുഖ്യം.
അതിനാൽത്തന്നെ എന്റെ നിലപാട് നിങ്ങളോട് നേരിട്ട് അറിയിക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടാണ് ഞാൻ ബി ജെ പിയിൽ അംഗമായത് എന്നുപറഞ്ഞുകൊണ്ടുതന്നെ ആരംഭിക്കാം.

രണ്ടായിരത്തി ഇരുപത്തിയൊന്നിലാണ് ഞാൻ പാർട്ടിയിൽ വന്നതെങ്കിലും ചെറുപ്പം മുതൽ തന്നെ, ശാഖകളിൽ നിന്ന് പകർന്നുകിട്ടിയ ദേശീയബോധവും അച്ചടക്കവും സേവനമനോഭാവവും ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. അതിന്റെ സ്വാഭാവികമായ ഒരു തുടർച്ചയായിട്ടാണ് ബി ജെ പി യുടെ പ്രത്യയശാസ്ത്രവുമായി മാനസികമായി എനിക്ക് ഐക്യപ്പെടാനായത്. പക്ഷെ നരേന്ദ്ര മോദി എന്ന ഐതിഹാസിക വ്യക്തിത്വവും അദ്ദേഹത്തിന്റെ നേതൃത്വപാടവവുമാണ് എന്നെ ഏറ്റവുമധികം അതിശയിപ്പിച്ചതും സ്വാധീനിച്ചതും. അദ്ദേഹത്തിന്റെയും പാർട്ടിയുടെയും വിജയത്തിനുവേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ട തിരുവനന്തപുരത്തിന് വേണ്ടി പ്രവർത്തിക്കാൻ വലിയൊരവസരം വന്നപ്പോൾ ഞാനാ വലിയ തീരുമാനമെടുത്തു. അന്നുമുതൽ ഇന്നീ നിമിഷം വരെ ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു, അടിയുറച്ചു വിശ്വസിച്ചു പ്രവർത്തിക്കുന്നു.

അടുത്തിടെ നടന്ന ഒരു പൊതുയോഗത്തിൽ എന്റെ ഇരിപ്പിട ക്രമീകരണം സംബന്ധിച്ച് ചില പ്രതികരണങ്ങളും ചർച്ചകളും നടന്നിരുന്നു. പൊതുപരിപാടികൾ പ്രാഥമികമായി സംഘടിപ്പിക്കുന്നത് പ്രാദേശിക നേതൃത്വമാണ്. ഇരിപ്പിട ക്രമീകരണം നിർണ്ണയിക്കുന്നതും അവർതന്നെ. സ്റ്റേജിൽ ഇരിപ്പിടം അനുവദിച്ചതുകൊണ്ടോ അതിന്റെ കുറവുകൊണ്ടോ — തിരുവനന്തപുരത്തിന്റെ ഉന്നമനത്തിനായി ഞാൻ നടത്തിവരുന്ന പ്രവർത്തനങ്ങളെ അത് യാതൊരു തരത്തിലും ബാധിക്കാൻപോകുന്നില്ലായെന്ന് എന്നെ അറിയുന്ന നിങ്ങൾക്കെല്ലാമറിയാം. എല്ലാ ജനവിഭാഗങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് എന്റെ ശ്രദ്ധ എന്നും കേന്ദ്രീകരിച്ചിട്ടുള്ളത്. ഇരിപ്പിടങ്ങളല്ല, നമ്മളുടെ പ്രവൃത്തികളും, നയങ്ങളും, മൂല്യങ്ങളുമാണ് നമ്മെ അടയാളപ്പെടുത്തുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദീർഘിപ്പിക്കുന്നില്ല. ഞാൻ ബിജെപിയോട് എന്നെന്നും പ്രതിജ്ഞാബദ്ധനാണെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഒരു സമർപ്പിത ബിജെപി പ്രവർത്തകൻ എന്ന നിലയിൽ, തിരുവനന്തപുരത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പുരോഗതിക്കായി ഞാൻ നിസ്വാർത്ഥമായി പ്രവർത്തിച്ചുവരികയാണ്, അത് തുടരുകതന്നെ ചെയ്യും. നല്ല മാറ്റങ്ങൾക്കു പിന്നിലെ ചാലകശക്തിയായി പ്രവർത്തിക്കുക എന്നതുമാത്രമാണ് എന്റെ ലക്ഷ്യം. ഈ ദൗത്യത്തോടുള്ള എന്റെ സമർപ്പണം ദൃഢമായിത്തന്നെ തുടരും. കാരണം, വെറും ആവേശം കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും ആവശ്യങ്ങൾ നേടിയെടുക്കാനോ അല്ല, മറിച്ച് തികഞ്ഞ ആദർശബോധം കൊണ്ട് മാത്രം ഈ പാത തിരഞ്ഞെടുത്തയാളാണ് ഞാൻ. നരേന്ദ്രമോദിയെന്ന സൂര്യനാണ് ഭാരതത്തെ സ്നേഹിക്കുന്ന ഓരോരുത്തർക്കുമെന്നപോലെ എന്റെയും ഊർജസ്രോതസ്സ്. അതാണെന്റെ ശക്തി. അതാണെന്റെ വിജയവും.

ചിലരുണ്ട്, സൂര്യൻ എന്നും ഒരേ സ്ഥാനത്തുതന്നെയാണെന്നും, ഭൂമിയാണ് അതിനുചുറ്റും കറങ്ങി എന്നും രാവിലെ നമ്മെ ആ പ്രകാശവർഷം കണികാണിക്കുന്നതെന്നും അറിയാത്ത ചിലർ. അവർ ചിന്തിക്കുന്നത് അവരാണെല്ലാമെന്നും, എല്ലാ ദിവസവും സൂര്യൻ ഇങ്ങോട്ടുവന്ന് അവരെക്കണ്ട് വണങ്ങിപ്പോകുകയുമാണെന്നാണ്. സൂര്യനില്ലെങ്കിൽ നമ്മളാരുമില്ലെന്ന ലളിതമായ സത്യംപോലും അവർ മനസ്സിലാക്കുന്നില്ല. ഇനിയും നേരം വെളുക്കാത്ത ആ ചിലരെപ്പറ്റി, ‘കൃഷ്ണകുമാർ ബിജെപി വിടുന്നതിനെക്കുറിച്ച്’ എഴുതിയവർക്കായി ഇത്രമാത്രം പറയുന്നു — ഞാൻ എന്റെ ഇന്നിംഗ്സ് ആരംഭിച്ചിട്ടേയുള്ളൂ. ഒത്തിരിയൊത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. മാറ്റത്തിന്റെ കാറ്റ് തിരുവനന്തപുരത്ത് വീശാനാരംഭിച്ചിട്ടുണ്ട്. ദേശീയനേതൃത്വം എന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുണ്ടെന്നും താരം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button