ഗെയിമറും സോഷ്യൽ മീഡിയ താരവുമായ തൊപ്പി എന്ന നിഹാദിനെ മുറിയുടെ വാതിൽ തകർത്ത് അറസ്റ്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
എന്നാൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയവർക്കെതിരെ ഇത്തരം നടപടികൾ പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടാകുകയോ, അവരെ ട്രോളി വീഡിയോ ഇറക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിക്കുകയാണ് എഴുത്തുകാരിയായ അഞ്ജു പാർവതി പ്രഭീഷ്.
കുറിപ്പ് വായിക്കാം
ശരിയാണ്, രാജ്യത്തിന്റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത എന്തിനും ഏതിനും എതിരെ കർശന നടപടികൾ വേണം! നല്ല കാര്യം തന്നെയാണത്. നീതിയും നിയമവും നടപ്പാക്കുക തന്നെ വേണം!! പക്ഷേ ഒരു പ്രശ്നമുണ്ടല്ലോ. ഈ നീതിയും നിയമവും ഇവിടെ എല്ലാവർക്കും ഒരുപോലെ ബാധകമാണോ? രാജ്യത്തിന്റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്തത് ചെയ്യുന്ന എല്ലാവരെയും ഒരുപോലെ ആണോ ട്രീറ്റ് ചെയ്യുന്നത്? അല്ല! അവിടെയാണ് പ്രശ്നം ഏമാന്മാരെ! രാഷ്ട്രീയം, പണം, പദവി, സെലിബ്രിറ്റി സ്റ്റാറ്റസ് ഈ നാല് കാര്യങ്ങൾ നോക്കി ജനങ്ങളെ തട്ടുകളായി തിരിച്ചു, ഈ നാലെണ്ണം ഒരുമിച്ചു ഉള്ളവനോ, നാലെണ്ണത്തിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവന് ഒരു നിയമവും ഇതൊന്നും ഇല്ലാത്ത വെറും സാധാ മനുഷ്യർക്ക് ഒരു നിയമവും വരുന്നതിനെയാണ് പിഴച്ച സിസ്റ്റം എന്ന് പറയുന്നത്. ആ പിഴച്ച സിസ്റ്റത്തിൽ നീതിപാലനവും പങ്കാളി ആവുമ്പോൾ നിയമം വെറും നോക്കുക്കുത്തിയാകുന്നു.
തൊപ്പിയെ അറസ്റ്റ് ചെയ്തു. കേസും എടുത്തു, കഴിഞ്ഞു! അത് വരെ ഒക്കെ. നിയമം അവന്റെ തെറ്റു കുറ്റങ്ങൾ നോക്കി, ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും വേണ്ട പോലെ ജഡ്ജ് ചെയ്തു അവന്റെ തെറ്റ് എന്താണെന്ന് മനസിലാക്കി കൊടുക്കട്ടെ. കൗൺസിലിങ്ങും അവനു വേണ്ട മെന്റൽ ഹെൽത്ത് സപ്പോർട്ടും ഒക്കെ അതിൽ ഉൾപ്പെടുമല്ലോ. എന്നാൽ പോലീസ് പേജിൽ പോലും അവന്റെ പേരിൽ ഒരു ട്രോൾ വീഡിയോ ഇട്ട് വീണ്ടും അവനെ സൈബർ അറ്റാക്കിന് എറിഞ്ഞുകൊടുക്കാൻ അവൻ എന്താ പിടികിട്ടാപുള്ളിയോ കൊടും ക്രിമിനലോ അണ്ടർ വേൾഡ് ഡോണോ ആയിരുന്നോ? ആണോ? ഡോമസ്റ്റിക് വയലൻസിന് ഇരയായി, ചൈൽഡ് ഹുഡ് trauma അനുഭവിച്ച ഒരു പയ്യനെ ഈ രീതിയിൽ ആണോ പ്രബുദ്ധർ മര്യാദ പഠിപ്പിക്കേണ്ടത്? സ്വന്തം നാട്ടിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും അവൻ ചെറു പ്രായത്തിൽ അനുഭവിച്ച കുറേ ടോർച്ചർകളുടെ ആകെ തുകയാണ് നിലവിലെ അവന്റെ സ്വഭാവം. ഇപ്പോൾ ഒരു നാട് മൊത്തം, നാട്ടിലെ നീതിന്യായം മൊത്തം അവനെ ഈ വിധം പരസ്യ വിചാരണ ചെയ്യുമ്പോൾ, അതിൽ നിന്നും കിട്ടുന്ന മെന്റൽ ടോർച്ചർ കൊണ്ട് അവനെ പോലൊരാൾക്ക് സർവൈവ് ചെയ്യാൻ കഴിയുമോ? അറിയില്ല.
പിന്നെ രാജ്യത്തിന്റെ സംസ്കാരം കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ തൊപ്പി എന്ന പേരുള്ള നിഹാലും തൊപ്പി വച്ച പോലീസും ഒന്നാണ് എന്ന് കോട്ടയത്തെ പോലീസ് സാർ കാണിച്ചു തന്നിരുന്നു. ഒരാൾ വെർച്വൽ വേൾഡിൽ ഇരുന്ന് കാ… പൂ… വിളിച്ചു പറഞ്ഞപ്പോൾ മറ്റൊരാൾ ക്യാമറകൾക്ക് മുന്നിൽ പരസ്യമായി കായും പൂവും ചേർത്ത് അക്ഷരശ്ലോകം ഉണ്ടാക്കി രാജ്യത്തിന്റെ സംസ്കാരം കാത്തു. ഇനി സാന്മാർഗിക മൂല്യങ്ങളെ കുറിച്ചാണെങ്കിൽ മിനിഞ്ഞാന്നും ഇന്നലെയുമായി വ്യാജ സർട്ടിഫിക്കറ്റ് വച്ചു ജോലിയും അഡ്മിഷനും നേടിയ രണ്ട് അമ്പോറ്റി സഖാക്കൾ കുഞ്ഞുങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു ട്രോൾ വീഡിയോ പോസ്റ്റ് ചെയ്യാം ആയിരുന്നില്ലേ പോലീസ് ഏമാന്മാരെ?.
അപ്പോൾ പ്രിവിലേജ് ആണ് പ്രശ്നം! ഭരണിപ്പാട്ട് പാടിയ തൊപ്പി വച്ച പോലീസ് ഏമാന് ഒരു നിയമം, ചക്കപ്പാട്ട് പാടിയ തൊപ്പിക്ക് വേറൊരു നിയമം. ഇക്കണ്ട ഉദ്ഘാടന മഹാമഹങ്ങൾ നടത്തി ഗതാഗത തടസ്സം ഉണ്ടാക്കുന്ന സെലിബ്രിറ്റി താരങ്ങൾക്കും കോടതി പോലും വിലക്കിയ സമരകോലാഹലങ്ങൾ സൃഷ്ടിക്കുന്ന ജനജീവിതം സ്തംഭിപ്പിക്കൽ, ഗതാഗത തടസ്സം ഇവ ഉണ്ടാക്കുന്ന രാഷ്ട്രീയക്കാർക്ക് ഒരു നിയമം ഒരേ ഒരു ഉദ്ഘാടനം മാത്രം ചെയ്ത തൊപ്പിക്ക് മറ്റൊരു നിയമം. ഒരു തലമുറയ്ക്ക് ഏറ്റവും മോശപ്പെട്ട സന്ദേശം നൽകുന്ന, വ്യാജ രേഖ കേസിലെ പ്രതികൾക്ക് അവർ ഭരണപക്ഷപ്പാർട്ടിയുടെ അമ്പോറ്റി കുഞ്ഞുങ്ങൾ ആയതിനാൽ ഒരു നിയമം ഒരു വ്യാജരേഖയും ഉണ്ടാക്കാതെ,പല ഇന്റർനാഷണൽ സ്ട്രീമേഴ്സിനെയും അനുകരിച്ചു ഗെയിമറും സ്ട്രീമറുമായ തൊപ്പിക്ക് ഒരു നിയമം! കാരണം തൊപ്പി വേണ്ടാതീനം കാണിച്ച, പ്രിവിലേജ് ഒന്നും ഇല്ലാത്ത, കേരളത്തിലെ പ്രമുഖ മതത്തിനു തലവേദന സൃഷ്ടിച്ച, ആരോരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു പയ്യൻ മാത്രമാണ്.
Post Your Comments