തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2023ലെ സിനിമാ, ടെലിവിഷൻ, ദൃശ്യ, മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ സംവിധായകനുള്ള അവാർഡ് നിർമ്മാതാവും സംവിധായകനുമായ ഈസ്‌റ്റ്‌കോസ്റ്റ് വിജയന് ലഭിച്ചു. കള്ളനും ഭഗവതിയും എന്ന സിനിമയുടെ സംവിധാനത്തിനാണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിച്ചത്. മികച്ച നടനുള്ള അവാർഡ് അതേസിനിമയിലെ അഭിനയത്തിന് നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ലഭിച്ചു. മികച്ച സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി അജി മസ്‌ക്കറ്റ് (കള്ളനും ഭഗവതിയും) തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടിയായി 2018 ലെ അഭിനയത്തിന് നടി തൻവി റാം അർഹയായി. ദൃശ്യമാധ്യമ അവാർഡ് കൗമുദിയിലെ ലൈഫ് സ്റ്റൈലിൽ റിയൽ ടേസ്റ്റ് ഓഫ് കേരളയ്ക്ക് ലഭിച്ചു. ഈമാസം 21-ന് ഹോട്ടൽ സൗത്ത് പാർക്കിൽ നടക്കുന്ന പുരസ്‌കാര ദാന ചടങ്ങ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, വികെ പ്രശാന്ത് എംഎൽഎ, ജി.സ്റ്റീഫൻ എംഎൽഎ, ഐബി സതീഷ് എംഎൽഎ, മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട എന്നിവർ പുരസ്‌കാര വിതരണം നിർവ്വഹിക്കുമെന്ന് കൾച്ചറൽ ഫോറം പ്രസിഡന്റ് പൂവച്ചൽ സുധീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംവിധായകരായ സച്ചിൻ കെ ഐബക്, ശ്യാം വെമ്പായം, ഗണേഷ് ഓലിക്കര, പൂവച്ചൽ നാസർ, അനുജ എന്നിവർ പങ്കെടുത്തു.
Post Your Comments