ചെന്നൈ: കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ കുത്തുന്നത് പോലെയെന്ന് തമിഴ് താരം വിജയ്. സംസ്ഥാനത്ത് പത്ത്, പ്ലസ്ടു ക്ലാസുകളിൽ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. നാളത്തെ വോട്ടർമാർ നിങ്ങളാണെന്നും പണം വാങ്ങി വോട്ട് ചെയ്യരുതെന്നും കുട്ടികളോട് വിജയ് വ്യക്തമാക്കി.
‘നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ തന്നെ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. കാശ് വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ എന്ന് വിചാരിക്കുക. ഒന്നര ലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി വരും. ജയിക്കാൻ 15 കോടി ചെലവാക്കുന്നവർ നേരത്തെ അതിലുമെത്ര സമ്പാദിച്ച് കാണുമെന്ന് ചിന്തിച്ചാൽ മതി. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികൾക്ക് ഇതെല്ലാം പഠിപ്പിച്ച് കൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഓരോരുത്തരും കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണം’, വിജയ് പറഞ്ഞു.
പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്, നടൻ വിജയുടെ ആരാധക സംഘടനയായ ‘വിജയ് മക്കൾ ഇയക്കം’ സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഒരോ നിയമസഭാ മണ്ഡലത്തിൽ നിന്നും ആറ് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
Post Your Comments