മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 5 എൺപതു ദിവസത്തോട് അടുത്തിരിക്കുകയാണ്. ഈ സീസണിലെ മത്സരാർത്ഥിയായ അനിയന് മിഥുന് ഇന്ത്യൻ ആര്‍മിയെക്കുറിച്ച് പറഞ്ഞ കഥ പച്ചക്കള്ളമെന്ന് മേജര്‍ രവി. അനിയൻ മിഥുൻ തന്റെ പ്രണയ കഥ പങ്കുവച്ചപ്പോഴാണ് ഇന്ത്യൻ ആർമിയെ കുറിച്ച് പങ്കുവച്ചത്. ഇതിനെതിരെയാണ് മേജർ രവി രംഗത്ത് വന്നത്.
എല്ലാവരും ഏറെ ബഹുമാനിക്കുന്ന രാജ്യത്തെ ഏറ്റവും അന്തസുറ്റ സൈന്യമായ ഇന്ത്യൻ പട്ടാളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് മേജര്‍ രവി പറയുന്നു.
read also: പോസ്റ്റ് ഒടിഞ്ഞ് ലൈന്‍ പൊട്ടി വീണത് എന്റെ ഭാഗത്ത്: അപകടത്തെക്കുറിച്ച് ഗൗരി നന്ദ
മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ,
‘ഇതുപോലെ കേരളം മുഴുവൻ കാണുന്ന ഒരു പരിപാടിയില്‍ ഒരാള്‍ വന്നിട്ട് എന്ത് പറഞ്ഞാലും അത് മലയാളികള്‍ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന ധാരണ തെറ്റാണ്. ഈ മനുഷ്യന്റെ പേരില്‍ വേണമെങ്കില്‍ കേസ് കൊടുക്കാൻ എനിക്കു സാധിക്കും. മലയാളി ആയ എന്റെ ഒരു ബാച്ച്മേറ്റ് ഇന്നും എനിക്ക് മെസ്സേജ് അയച്ചു, ‘എടാ ഇത് എന്താണ്’ എന്ന് ചോദിച്ചു. ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുകയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. ലാലേട്ടനും ഞാനുമൊക്കെ ഒരുമിച്ച് കശ്മീരില്‍ സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെ പോയിട്ടുള്ള ലാലേട്ടൻ ഇതിനു കൃത്യമായി മറുപടി കൊടുക്കുകയും ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ വരുന്നത് 1992-ല്‍ ആണ്. ആദ്യത്തെ പാസിങ് ഔട്ടിന് ഞങ്ങള്‍ പോയിട്ടുണ്ട്. ഏറ്റവും റിസ്ക്കുള്ള സെക്ഷൻ സ്ത്രീകള്‍ക്ക് കൊടുത്തിട്ടില്ല. ഇന്റലിജൻസില്‍ ആണ് സ്ത്രീകള്‍ പിന്നീട് കശ്മീര്‍ സേനയില്‍ പോയത്. അതും അവര്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ആയിരിക്കും ഇരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആയുധം ഉപയോഗിക്കുന്ന സേനയില്‍ സ്ത്രീകള്‍ക്ക് പൊസിഷൻ കൊടുക്കാം എന്ന തീരുമാനം വന്നത് തന്നെ. പിന്നെ എങ്ങനെയാണ് ഈ മനുഷ്യൻ പാരാ കമാന്‍ഡോയില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നതെന്ന് എനിക്ക് അറിയില്ല. ഞാൻ പാരാ കമാൻഡോയില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് എൻഎസ്ജി കമാൻഡോയുടെ ഓഫര്‍ വന്ന് അങ്ങോട്ട് പോയത്. ഏറ്റവും ദുഷ്കരമായ ജോലി ആണ് പാരാ കമാന്‍ഡോയുടേത്. അതില്‍ ഉള്ള എല്ലാവരും ഒരുപോലെ റിസ്ക് ഉള്ള ജോലി ആണ് ചെയ്യുന്നത്. ഈ മത്സരാര്‍ഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫിസറും ഇന്നേവരെ ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ല. ഇയാള്‍ പറഞ്ഞതുപോലെ സന എന്നൊരു പേര് ഞാൻ കേട്ടിട്ടുണ്ട്. അവര്‍ പക്ഷേ യുദ്ധത്തില്‍ മരിച്ചതല്ല എന്തോ അപകടത്തില്‍ ആണ് മരിച്ചത്.
ഞാൻ ഇദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളുണ്ട്. ഒരെണ്ണത്തിനെങ്കിലും ശരിയായ ഉത്തരം ഇദ്ദേഹം പറയുമെന്ന് തോന്നുന്നില്ല. ആ വനിതാ ഓഫിസറെക്കുറിച്ച് വളരെ ചീപ്പ് ആയിട്ടാണ് ഇയാള്‍ സംസാരിച്ചിരിക്കുന്നത്. ‘ഞാൻ അവിടെ ചെന്നു അപ്പോള്‍ അവള് എന്നെ പ്രൊപ്പോസ് ചെയ്തു’ ? ഇയാള്‍ അവിടെ ചെല്ലുമ്പോള്‍ തന്നെ പ്രൊപ്പോസ് ചെയ്യാൻ സ്ത്രീകള്‍ അവിടെ കാത്തിരിക്കുകയായിരുന്നോ? കശ്മീരില്‍ യുദ്ധത്തിന് സന്നദ്ധയായി നില്ക്കുന്ന ഒരു പാരാ കമാൻഡോ എന്ന് പറയപ്പെടുന്ന വ്യക്തി അത്രക്ക് ചീപ്പാണോ? ഇന്ത്യൻ ആര്‍മിയിലെ വനിതാ ഓഫിസര്‍മാര്‍ ആരും പ്രൊപ്പോസ് ചെയ്യാൻ കഴിയുന്ന രീതിയില്‍ ചീപ്പല്ല. അവര്‍ക്ക് ഒരു അന്തസ്സുള്ള സ്ഥാനമുണ്ട്. അവള്, ഇവള് എന്നൊക്കെയാണ് ഇയാള്‍ അവരെ സംബോധന ചെയ്യുന്നത് അവിടെ തന്നെ ഇയാളുടെ സ്റ്റാൻഡേര്‍ഡ് നമുക്ക് മനസ്സിലാക്കാം.
ഇതെല്ലാം പോട്ടെ ആ വനിതാ ഓഫിസര്‍ പ്രൊപ്പോസ് ചെയ്തപ്പോള്‍ അയാള്‍ അത് തിരസ്കരിച്ചു അത്രേ. എന്നിട്ട് അവരെയും കൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങി എന്നാണ് പറയുന്നത്. അതുകഴിഞ്ഞു വന്നപ്പോള്‍ അവര്‍ വീണ്ടും പ്രൊപ്പോസ് ചെയ്തു അയാള്‍ റിജെക്ട് ചെയ്തു എന്തുകൊണ്ട്. ഇയാള്‍ക്ക് ഇത്രയും ഡിമാൻഡോ. അവരുടെ വീട്ടില്‍ പോയി ശാപ്പാട് കഴിച്ചു എന്നിട്ടും പ്രൊപ്പോസല്‍ തിരസ്കരിക്കുകയാണ്. ഇതൊക്കെ ഒരു തള്ളല്‍ ആണ് എന്നാണ് മനസ്സിലാകുന്നത്. അവിടെ ഉള്ള ഒരു മത്സരാര്‍ഥി പോലും ഇതൊന്നും വിശ്വസിച്ചിട്ടില്ല.
പിന്നെ പറയുന്നത് ഇയാള്‍ ചെല്ലുമ്പോള്‍ വനിതാ ഓഫിസറുടെ മേശപ്പുറത്ത് പുതിയ പുതിയ തോക്കുകള്‍ നിരത്തി വച്ചിരിക്കുന്നു എന്നാണ്. ഇത് വെറും അസംബന്ധമാണ് . ഇങ്ങനെ പുതിയ തോക്കുകള്‍ ഒന്നുമില്ല, തോക്കുകള്‍ വന്നാല്‍ അത് ഒരാള്‍ക്ക് കൊടുക്കുന്നതിന് മുന്നേ ഒരു അയ്യായിരം പ്രാവശ്യം ഫയര്‍ ചെയ്തുകാണും. പല പല പ്രോസസ്സ് വഴി കടന്നുപോയിട്ടാണ് ഒരു ആയുധം ഒരാളുടെ കയ്യിൽ എത്തുന്നത്. ഈ ആയുധം ഒന്നും ആരുടേയും മുറിയില്‍ കൊണ്ടുപോയി നിരത്തി ഇടാൻ കഴിയില്ല. അത് വയ്ക്കുന്ന സ്ഥലത്ത് ചെന്ന് അത് എടുത്ത് നേരെ പോവുകയാണ് ചെയ്യുന്നത്. പിന്നെ ഈ ഓഫിസര്‍ എന്ത് ഓപ്പറേഷന് ആണ് പോയത്? ഏതു സെക്ടറില്‍ ആണ് ഈ സംഭവം നടന്നത്?
ഞാൻ അടക്കം കാശ്മീരില്‍ പട്ടാള ക്യാമ്പില്‍ ചെന്നാല്‍ കയറാൻ പല ഫോര്മാലിറ്റി ഉണ്ട്. എന്റെ ബാച്ച് മേറ്റ് ഗേറ്റില്‍ എന്റെ പേര് കൊടുത്തിട്ടുണ്ടാകും. അല്ലാതെ പെട്ടെന്ന് ആര്‍ക്കും കടന്നു ചെല്ലാൻ കഴിയില്ല. ഒരു ഓഫിസര്‍ ആയാല്‍ പോലും ഒരുപാട് പ്രാവശ്യം ചെക്ക് ചെയ്തിട്ടാണ് അകത്ത് വിടുന്നത്. ഒരു സാധാരണക്കാരനാണെങ്കില് പത്ത് പ്രാവശ്യം ചെക്ക് ചെയ്യും. പറയുന്നത് കേട്ടിട്ട് ഈ പറയുന്ന സന ഒരു ക്യാപ്റ്റൻ അല്ലെങ്കില്‍ താഴ്ന്ന റാങ്കില്‍ ഉള്ള ഓഫിസര്‍ ആയിരിക്കും. അവര്‍ക്ക് ഒരു സാധാരണക്കാരനെ അകത്ത് കയറ്റണമെങ്കില്‍ മുകളില്‍ നിന്നൊക്കെ പെര്മിഷൻ വാങ്ങണം. അങ്ങനെയുള്ളിടത്താണ് ഡെയിലി അഫയറിനായി പോകുന്നത്. എന്ത് അസംബന്ധമാണ് ഈ പറയുന്നത്. നിങ്ങള്‍ കശ്മീരില്‍ ടൂറിസ്റ്റ് ആയി പോയാല്‍ പോലും കാണാം കോട്ട പോലത്തെ മതിലിനുള്ളില്‍ ഉള്ള പട്ടാള ക്യാമ്പുകള്‍. അവിടെ അങ്ങനെ പെട്ടെന്നൊന്നും കയറി ചെല്ലാൻ കഴിയില്ല. ഇത്തരത്തില്‍ നുണക്കഥകള്‍ പറഞ്ഞ് ഒരു ഷോയില്‍ പിടിച്ചു നില്ക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്.
ഇദ്ദേഹം വുഷുവില്‍ ഇന്റര്‍നാഷ്നല്‍ ചാമ്പ്യൻ ആണെന്നൊക്കെ ആണ് പറയുന്നത്. പക്ഷേ അയാള്‍ ചാമ്പ്യൻ ആണെന്ന് പറയുന്ന വര്‍ഷം വേറൊരാളുടെ പേരാണ് സൈറ്റില്‍ കൊടുത്തിരിക്കുന്നത്. അവിടെത്തന്നെ കള്ളത്തരം പറഞ്ഞാണ് കയറിയിരിക്കുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണം. ഒരു സ്ത്രീക്ക് എങ്ങനെ ബഹുമാനം കൊടുക്കണം എന്നൊക്കെ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. അതുപോലെ തന്നെ അനിയൻ മിഥുന്റെ പേരിനൊപ്പം പ്രചരിക്കുന്ന കമാൻഡര്‍ സന എന്ന ഓഫിസറുടെ ഫോട്ടോ ഒരു പാക്കിസ്ഥാൻ ഓഫിസറുടേതാണ്. അവരുടെ തോളില്‍ കിടക്കുന്നത് പാക്കിസ്ഥാൻ ആര്‍മിയുടെ മേജറിന്റെ റാങ്കാണ്. അത് ഒരു ഇന്ത്യൻ അല്ല. ഏതോ ഒരു ഓഫിസറുടെ പടം എടുത്ത് പ്രചരിപ്പിക്കുകയാണ്. ഇന്ത്യയുടെ പതാക പൊതിഞ്ഞ മൃതശരീരത്തെ കെട്ടിപ്പിടിച്ച് കരഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുവത്രേ. ദേശീയ പതാക പുതച്ച ദേഹത്ത് എന്ത് പറഞ്ഞാണ് വീണു കരയാൻ പോയത്. അങ്ങനെ ഒരു മൃതദേഹം കൊണ്ട് വന്നാല്‍ വളരെ അച്ചടക്കമുള്ള ഒരു സെറിമണി ആയിട്ടായിരിക്കും ചടങ്ങു നടത്തുക. അവിടെയാണോ ഞാൻ അവളുടെ കാമുകൻ ആണെന്ന് പറഞ്ഞു കരയാൻ ചെല്ലുന്നത്. കുറച്ചെങ്കിലും ഭാവന ഉണ്ടെങ്കില്‍ ഇതിലും വിശ്വാസം വരുന്ന രീതിയില്‍ കഥപറയാമായിരുന്നു.
ഇത്തരത്തിലുള്ള നുണക്കഥകള്‍ പടച്ചു വിടുമ്പോള്‍ പത്തുപ്രാവശ്യം ചിന്തിക്കുക കുറെ ആളുകള്‍ അകത്തും പുറത്തുമിരിപ്പുണ്ട്. ഇതിനെല്ലാം വിശദീകരണം കൊടുക്കേണ്ടി വരും. മോഹൻലാല്‍ രാജ്യസ്നേഹിയായ ഒരു വ്യക്തിയാണ്. അദ്ദേഹം ആര്‍മിയിലും ജോലിയിലും കൊടുക്കുന്ന ബഹുമാനവും ആത്മസമര്‍പ്പണവും വളരെ വലുതാണ്. അദ്ദേഹം ഈ വിഷയം വെറുതെ വിടുമെന്ന് തോന്നുന്നില്ല. മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ പേരും പട്ടാളത്തെയും മോശമാക്കുന്ന രീതിയില്‍ സംസാരിക്കുന്നതിന് വലിയ വില കൊടുക്കേണ്ടി വരും. ആ മനുഷ്യന്റെ വിവരം അത്രയേ ഉള്ളൂ എന്നാണു ഞാൻ കരുതുന്നത്. ഇന്ത്യൻ പട്ടാളത്തിന് എതിരെ ഇത്തരത്തില്‍ നുണക്കഥ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റം ആയി വരും. പക്ഷേ ഇവിടെ നമുക്ക് ഈ മനുഷ്യൻ പറയുന്നത് അവഗണിക്കാം എന്ന് തോന്നുന്നു. ഒന്നുമില്ലാതെ ഇരിക്കുന്ന സമയത്ത് ആളുകളെ കയ്യിലെടുക്കാൻ എന്തോ പറഞ്ഞു എന്ന് കരുതിയാല്‍ മതി.
അയാള്‍ ഫേക്ക് ആണ്. വുഷു ചാമ്പ്യൻഷിപ്പുമായി ബന്ധമില്ലെന്നാണ് അധികാരികള്‍ തന്നെ പറയുന്നത്. ഇത്രയും വലിയ റീച്ചുള്ള ബിഗ് ബോസ് പോലൊരു ഷോയില്‍ കയറി നിന്നു കൊണ്ട് ഇന്ത്യൻ ആര്‍മിയെക്കുറിച്ചും അതില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ത്തു. ഈ വ്യക്തിയെ നമ്മള് ഔദ്യോഗികമായി വിളിപ്പിച്ച് കഴിഞ്ഞാല്‍ എന്താകുമെന്ന് അറിയില്ല. കാരണം ലാലേട്ടന്റെ നാല് ചോദ്യങ്ങള്‍ ആയാള്‍ക്ക് താങ്ങാൻ പറ്റിയില്ല. ബോധം കെട്ട് വീണ് പോയി. ഔദ്യോഗികമായി ചോദ്യം ചെയ്താല്‍ അയാള്‍ ഒറ്റ ചോദ്യത്തിന് തലകറങ്ങി വീഴും. ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കും വരാം. സ്വന്തം സംസ്കാരവും വിവരമില്ലായ്മയും ആണ് ആ വ്യക്തി തുറന്നുകാട്ടുന്നത്. താൻ വലിയ സംഭവമാണെന്ന് കാണിക്കാൻ ചെയ്ത കാട്ടിക്കൂട്ടലുകള്‍ ആണ് ഇതെല്ലാം.
നടപടി എടുക്കുക ആണെങ്കില്‍ ആര്‍മി ഇയാള്‍ക്ക് ആദ്യം നോട്ടീസ് അയയ്ക്കും. പിന്നീട് ആര്‍മി കേന്ദ്രത്തിന് പരാതി നല്‍കും. പിന്നെ എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും. താങ്ങാൻ പറ്റില്ല ആ പയ്യന്. ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യം. ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം. ലാലേട്ടന് അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷേ അവനത് എടുത്തില്ല. അത്രയും മെന്റലി ഓഫായിരിക്കുന്നു. ബിഗ് ബോസിലും അധികനാള്‍ തുടരാനാകുമെന്ന് തോന്നുന്നില്ല. ആക്ഷൻ എടുത്ത് കഴിഞ്ഞാല്‍ വളരെ സീരിയസ് ആയിരിക്കും. ഞാന്‍ ഇതിനെ കാണുന്നത് മാനസിക പ്രശ്നമുള്ളൊരു വ്യക്തി ഒരു സ്വപ്ന ലോകമുണ്ടാക്കി അതിനകത്ത് ജീവിക്കുകയാണ്’.- മേജര്‍ രവി പറഞ്ഞു.
Post Your Comments