General

3.5കോടി മുടക്കിയെടുത്ത പടമാണ്, ഞാനാത്മഹത്യ ചെയ്താല്‍ ആറാട്ടണ്ണന്‍ സമാധാനം പറയുമോ? കേസുമായി മുന്നോട്ടെന്ന് നിർമ്മാതാവ്

സന്തോഷ് വര്‍ക്കിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ സിനിമയുടെ നിര്‍മ്മാതാവ് സംഗീത് ധര്‍മരാജന്‍. മൂന്നര കോടി രൂപ മുടക്കി ഒരു പടം എടുത്തിട്ട് ഒരു നിമിഷം കൊണ്ട് നിങ്ങള്‍ അത് ഇല്ലാതാകുമ്പോള്‍ തന്റെ ജീവിതം വച്ചാണ് കളിക്കുന്നത്. അയാളെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആരും കയ്യേറ്റം ചെയ്തിട്ടില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. വലിയ പ്രതീക്ഷയിലാണ് ഒരു സിനിമ ചെയ്യാനിറങ്ങിയത്.

ആ സിനിമ തിയേറ്ററില്‍ വന്ന്, ഒരു നിമിഷം കൊണ്ട് ഇത്തരത്തില്‍ നെഗറ്റീവ് റിവ്യൂ പറഞ്ഞു തകര്‍ക്കുന്നത് ശരിയാണോ? ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള ആരുമല്ല അയാളെ ആക്രമിച്ചത്. പക്ഷേ ഞങ്ങള്‍ അയാളോട് ചോദിച്ചു. ചോദിക്കുന്നത് നമ്മുടെ വികാരമാണ്. ഈ സിനിമ ചെയ്യാന്‍ ഞങ്ങള്‍ എത്രമാത്രം പണം ചിലവഴിച്ചിട്ടുണ്ടെന്നും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആലോചിക്കാതെ വന്നു പടം കാണാതെ നെഗറ്റീവ് പറയുകയാണ്.

പുള്ളിയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞത് ഞാന്‍ നെഗറ്റീവ് പറയാന്‍ ഉദ്ദേശിച്ചതല്ല, എന്നെ അബൂബക്കര്‍ എന്ന ആള്‍ പറയിച്ചതാണ് എന്നാണ്.അബൂബക്കര്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ കണ്ണ് പരതി അവിടെയെല്ലാം നോക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അങ്ങനെ ഒരു വ്യക്തിയുണ്ട്. ഞങ്ങള്‍ക്ക് അങ്ങനെ ഒരാളെ അറിയില്ല. എന്തിനാണ് നെഗറ്റീവ് റിവ്യൂ പറഞ്ഞതെന്ന് ഞങ്ങള്‍ ചോദിച്ചു, പക്ഷേ അയാളെ കൈവച്ചിട്ടില്ല.

നിങ്ങള്‍ കണ്ട ഒരു സീന്‍ പറയൂ എന്ന് പറഞ്ഞിട്ട് അത് പോലും പുള്ളിക്ക് അറിയില്ല. മൂന്നര കോടി രൂപ മുടക്കി ഒരു പടം എടുത്തിട്ട് ഒരു നിമിഷം കൊണ്ട് നിങ്ങള്‍ അത് ഇല്ലാതാകുമ്പോള്‍ എന്റെ ജീവിതം വച്ചാണ് നിങ്ങള്‍ കളിക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഞാന്‍ നഷ്ടം കേറി ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ എന്റെ വീട്ടുകാരോട് സമാധാനം പറയുമോ എന്നും ചോദിച്ചു. അല്ലാതെ ചീത്ത വിളിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ല.

അവര്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ട് എന്ന ധാരണയില്‍ ആണ് ഇതൊക്കെ ചെയ്യുന്നത്. ഇത് നിര്‍ത്തണം അതിന് കേസുമായി മുന്നോട്ട് പോവുകയാണ്. ഇതുപോലെ ഒരവസ്ഥ മറ്റൊരാള്‍ക്ക് ഉണ്ടാകരുത്. തിയേറ്ററില്‍ ആളുകള്‍ കയറണേ എന്ന പ്രാര്‍ഥനയില്‍ ഞങ്ങള്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ ഇത്തരത്തില്‍ ചെയ്യുന്നത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

 

 

shortlink

Post Your Comments


Back to top button