ചിന്നക്കനാലിലെ ജനങ്ങൾക്ക് തലവേദനയായിരുന്ന കാട്ടാന അരിക്കൊമ്പന്റെ കഥ പറയുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു. സിനിമയുടെ പുതിയ പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി. ‘റിട്ടേൺ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. സംവിധായകൻ സാജിദ് യഹിയ ആണ് അരിക്കൊമ്പന്റെ കഥ പറയുന്ന സിനിമ ഒരുക്കുന്നത്. അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അരികൊമ്പന്റെ ജീവിതം സിനിമയാകുന്നുവെന്ന് സംവിധായകൻ സാജിദ് യഹിയ അറിയിച്ചത്.
‘മലകടത്തീട്ടും മരുന്നുവെടി വെച്ചിട്ടും മനുഷ്യര്‍ മറന്നിട്ടും അവൻ തിരിച്ചു വന്നു. അവന്റെ അമ്മയുടെ ഓർമ്മയിലേക്ക്’ എന്ന് കുറിച്ചുകൊണ്ടാണ് അരിക്കൊമ്പന്റെ പോസ്റ്റർ സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശ്രീലങ്കയിലെ സിഗിരിയ ആണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായി സംവിധായകൻ സാജിദ് യഹിയ അറിയിച്ചിരുന്നു.
അതേസമയം, പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരികൊമ്പന് കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് എത്തിയാതായി പുതിയ റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയെ തുരത്തിയത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നല്‍ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്.
Post Your Comments