നാടക കലാകാരൻമാരായ ശ്രീ അപ്പുണ്ണി ശശിയുടെ “ചക്കരപ്പന്തൽ”, ശ്രീ സന്തോഷ് കീഴാറ്റൂരിൻറെ “പെൺനടൻ ” എന്നീ രണ്ടു നാടകങ്ങൾ അതിമനോഹരമായിരുന്നുവെന്ന് സാഹിത്യകാരി രേണുക വിജയകുമാരൻ.
ശ്രീ അപ്പുണ്ണി ശശിയുടെ “ചക്കരപ്പന്തൽ”, ശ്രീ സന്തോഷ് കീഴാറ്റൂരിൻറെ “പെൺനടൻ ” എന്നീ രണ്ടു നാടകങ്ങൾ അക്ഷരാർത്ഥത്തിൽ നാടകോത്സവം തന്നെയായിരുന്നു. അതി മനോഹരം! അത്യുജ്ജ്വല പ്രകടനം, അഭിനയ രസതന്ത്രം അറിഞ്ഞ മഹാപ്രതിഭകൾ തന്നെയാണ് നിങ്ങൾ.
ആഗ്രഹിച്ച പൗരുഷമുള്ള കഥാപാത്രങ്ങൾ ലഭിക്കാതെ പെൺനടനായി 38 വർഷത്തോളം വേഷമിട്ട, ഒരായുഷ്കാലം മുഴുവൻ തൻറെ സ്വതസിദ്ധമായ വ്യക്തിത്വം നഷ്ടപ്പെടുകയും, സ്വന്തം ഭാര്യ പോലും കൈവിട്ട അവസ്ഥയിൽ ദുരന്ത പൂർണ്ണമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരികയും ചെയ്ത ഓച്ചിറ വേലുക്കുട്ടി ആശാൻറെ ജീവിതം പ്രമേയമാക്കി അവതരിപ്പിച്ച “പെൺനടൻ ” നാടകം ഹാളിൽ നിരന്നിരുന്ന കാണികളെ ഈറനണിയിക്കുന്ന കാഴ്ച്ച വാക്കുകൾ കൊണ്ട് വർണിക്കാവതല്ലെന്നും രേണുക കുറിച്ചു.
കുറിപ്പ് വായിക്കാം
മെൽബൺ മലയാളികൾക്ക് അവിസ്മരണീയമായ നാടകപ്പെരുമയുടെ ഓർമ്മകൾ സമ്മാനിച്ച് പ്രശസ്ത സിനിമാ താരങ്ങളായ ശ്രീ സന്തോഷ് കീഴാറ്റൂരും, ശ്രീ അപ്പുണ്ണി ശശിയും താൽക്കാലികമെങ്കിലും വിട പറഞ്ഞപ്പോൾ എന്തോ ഇഷ്ടഭക്ഷണം കഴിച്ച് ആർത്തി തീരാത്തതുപോലെ.
പ്രൗഢഗംഭീരമാർന്ന് ഇന്നും തലയുയർത്തി നിൽക്കുന്ന പഴയ കെട്ടിടം. അതാണ് Box hill town hall. May 13. നാടകപ്രേമതലമുറകളുടെ, സംഗമ വേദിയായിരുന്നു അന്ന് അവിടം. ശ്രീ അപ്പുണ്ണി ശശിയുടെ ” ചക്കരപ്പന്തൽ”, ശ്രീ സന്തോഷ് കീഴാറ്റൂരിൻറെ “പെൺനടൻ ” എന്നീ രണ്ടു നാടകങ്ങൾ അക്ഷരാർത്ഥത്തിൽ നാടകോത്സവം തന്നെയായിരുന്നു. അതി മനോഹരം! അത്യുജ്ജ്വല പ്രകടനം, അഭിനയ രസതന്ത്രം അറിഞ്ഞ മഹാപ്രതിഭകൾ തന്നെയാണ് നിങ്ങൾ.
അപ്പുണ്ണീ ജീ , മാളുവമ്മ, ചക്കര, ആങ്ങള ( സഹോദരൻ ), വെട്ടുകാരൻ കരുണൻ എന്നീ കഥാപാത്രങ്ങൾ കൺമുന്നിൽ മാറി മാറി വേഷമിടുമ്പോഴും വാക്കിലോ, നോക്കിലോ ഒരണു മാറിപ്പോകാതെ ആ കോഴിക്കോടൻ സംഭാഷണത്തിലൂടെ ഏകാങ്കനാടകം താങ്കൾ അതി മനോഹരമാക്കുകയായിരുന്നു. ഏതു അർത്ഥത്തിലും ജീവിക്കുവാൻ സ്വാതന്ത്ര്യം നൽകാത്ത ഒരു സമൂഹത്തെ വരച്ചു കാട്ടുവാനും ചില നന്മതിന്മകൾ സ്വന്തമായ അവതരണ ശൈലിയിലൂടെ കൊണ്ടുവരുവാനും ആ കഥാപാത്രങ്ങളിലൂടെ ശ്രീ അപ്പുണ്ണി ശശിക്കു ശരിക്കും സാധിച്ചു. മമ്മൂട്ടിക്കൊപ്പം പുഴു എന്ന സിനിമയിൽ തകർത്തഭിനയിച്ച ആ വലിയ കലാകാരനെ സ്ക്രീനിൽ കണ്ടപ്പോൾ അറിഞ്ഞില്ല ഇത്ര വേഗം നേരിട്ടു കാണാനും ഇടപഴകാനും കഴിയുമെന്ന്.
പണ്ട് പണ്ട് നാടകങ്ങളെ പ്രണയിച്ച ഒരു കാലമുണ്ടായിരുന്നു. ജോലിത്തിരക്കുകൾക്കിടയിലും അച്ഛൻ രചനയും സംവിധാനവും നിർവ്വഹിച്ച ദൈർഘ്യമേറിയ നാടകങ്ങളിൽ കുഞ്ഞു നായികയായും, നായകനായും വേഷമിട്ടിരുന്ന ഞാൻ നാടകങ്ങളോട് എന്നും ഒരു പ്രത്യേക മമത പുലർത്തിയിരുന്നു. എൻറെ കുഞ്ഞുനാൾ മുതൽ വളരെയധികം കണ്ടും കേട്ടും, ആസ്വദിച്ചുമിരുന്ന, വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മനസ്സിൽ മായാതെ കാത്തു സൂക്ഷിച്ച എൻറെ നാട്ടുകാരനൊരാൾ ഉണ്ടായിരുന്നു. അതാണ് പ്രിയപ്പെട്ട സന്തോഷ് കീഴാറ്റൂർ.
കണ്ണൂർ സംഘചേതനയുടെയും മറ്റും നാടകങ്ങളിൽ എന്നും പരിചിതമായിരുന്ന ആ ചെറിയ മനുഷ്യൻ പിന്നീട് ഒരു വലിയ സിനിമാ താരമായപ്പോഴും ലോകത്തിൻറെ ഏതു കോണിലിരുന്നും ഞാൻ ഏറെ കൊതിയോടെ തന്നെ അദ്ദേഹത്തിൻറെ എല്ലാ പരിപാടികളും കാണുമായിരുന്നു. അപ്രതീക്ഷിതമായി ഇവിടെ മെൽബണിൽ വച്ച് ഇങ്ങനെയൊരു കൂടിച്ചേരൽ പണ്ടെങ്ങോ ഊട്ടിയുറപ്പിച്ച മനുഷ്യബന്ധങ്ങളുടെ ഓർമ്മകൾ ഇന്നലെയെന്ന പോലെ എന്നിലേക്ക് ഓടിയെത്തിയ നിമിഷങ്ങൾ. അന്നും ഇന്നും താങ്കൾ അഭിനയിക്കുകയായിരുന്നില്ല. കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു.
ആഗ്രഹിച്ച പൗരുഷമുള്ള കഥാപാത്രങ്ങൾ ലഭിക്കാതെ പെൺനടനായി 38 വർഷത്തോളം വേഷമിട്ട, ഒരായുഷ്കാലം മുഴുവൻ തൻറെ സ്വതസിദ്ധമായ വ്യക്തിത്വം നഷ്ടപ്പെടുകയും, സ്വന്തം ഭാര്യ പോലും കൈവിട്ട അവസ്ഥയിൽ ദുരന്ത പൂർണ്ണമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരികയും ചെയ്ത ഓച്ചിറ വേലുക്കുട്ടി ആശാൻറെ ജീവിതം പ്രമേയമാക്കി അവതരിപ്പിച്ച “പെൺനടൻ ” നാടകം ഹാളിൽ നിരന്നിരുന്ന കാണികളെ ഈറനണിയിക്കുന്ന കാഴ്ച്ച വാക്കുകൾ കൊണ്ട് വർണിക്കാവതല്ല.
വേഷഭൂഷാദികളാലും, ശരീരചലനങ്ങളാലും, നാട്യ ഭംഗിയും, സംഗീത പ്രാധാന്യവും നൽകി കടുത്ത മാനസിക സംഘർഷങ്ങളും, വ്യാകുലതകളും, സ്ത്രൈണ ഭാവവും, പ്രണയാർദ്രഭാവവും, ലജ്ജാ പരവേശവും, നിരാശയുമെല്ലാം ഇത്രയും തന്മയത്വത്തോടെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി അവതരിപ്പിച്ച് ആസ്ത്രേലിയൻ മെൽബൺ കലാസ്വാദകർക്ക് നവ്യാനുഭവം നൽകുക മാത്രമല്ല, സന്തോഷ് ജീ, നിങ്ങളും അനശ്വര പ്രതിഭയായി പ്രേക്ഷക മനം കവരുകയായിരുന്നു.
ഉപഗുപ്തനെന്ന ബുദ്ധഭിക്ഷുവിനെ കണ്ട മാത്രയിൽ അനുരാഗ പരവശയായ വാസവദത്ത യുടെ പ്രണയ പാരവശ്യവും, പ്രണയ സന്ദേശം കൈമാറാൻ പോയ തോഴിയെ കാണാത്തതിലുള്ള അക്ഷമയും, നിർജ്ജീവാവസ്ഥയിലുള്ള ശാരദയുടെ മുന്നിൽ ഇഷ്ടവേഷം അവതരിപ്പിച്ച് പുനർ ജീവൻ നൽകിയ വേലുക്കുട്ടി ആശാനെയുമെല്ലാം ഭാവാഭിനയം കൊണ്ടും, ശരീരഭാഷ്യം കൊണ്ടും അതിൻറെ അത്യുന്നതിയിലെത്തിച്ച താങ്കളെ ആസ്ത്രേലിയ ഉടൻ തിരിച്ചുവിളിക്കുമെന്നത് നിസ്സംശയം പറയാം.
അഭിനയത്തിലോ സംഭാഷണത്തിലോ ഒട്ടും ഏകാഗ്രത നഷ്ടപ്പെടാതെ നിമിഷങ്ങൾ കൊണ്ട് മാറി മാറി വിവിധ വ്യക്തികളായി കാണികളുടെ കൺമുന്നിൽ വച്ച് തന്നെ മറ്റൊരു കൈ സഹായമില്ലാതെ ചമഞ്ഞ് ഒരുങ്ങി വരുവാനും, അതിനനുസരിച്ച് രംഗസജ്ജീകരണം നടത്തുവാനുമെല്ലാം നിതാന്ത പരിശ്രമവും അഭിനിവേശവും അത്യാവശ്യമാണ്. “ഹാ പുഷ്പമേ അധികതുംഗ പതത്തിലെത്ര,” ഇങ്ങനെ കുമാരനാശാൻറെ കവിതാശകലങ്ങളുടെ സന്ദർഭോചിതമായ ഉപയോഗത്തിലൂടെയും, വേലുക്കുട്ടി ആശാൻറെ ആത്മഗതങ്ങളിലൂടെയും അരങ്ങ് വാണവരുടെ കാലാന്തരത്തിലുള്ള അവഗണനെയെ എടുത്തുകാട്ടിയും, പൗരുഷഭാവമുള്ള കർണ്ണനിലൂടെ പെൺനടൻ വെറുമൊരു പെൺനടനല്ലെന്നതും എത്ര മനോഹരമായാണ് താങ്കൾ അവതരിപ്പിച്ചത്!!! കാണികൾ എല്ലാം മറന്ന് ലയിച്ചിരിക്കയായിരുന്നു. ഇതിനെല്ലാം technical support നൽകിയ മകൻ Yadusanth!! Well done Yadu !! You are amazing!!
ഓച്ചിറ വേലുക്കുട്ടി ആശാനിലൂടെ 7 വർഷം 7000 വേദി പങ്കിട്ട ഉപഗുപ്തനും, വാസവദത്തയുമെല്ലാം സന്തോഷിലൂടെ ഇതിനകം നൂറു വേദിയിലധികം പങ്കിട്ടുവെന്നതിന് അത്ഭുതമേയില്ല. സിനിമാരംഗത്ത് ശോഭിക്കുവാനവസരങ്ങൾ ഏറെയുണ്ടായിട്ടും ഏകാങ്കനാടകങ്ങളിലൂടെ വേദികളിൽ നിന്നും വേദികളിലേക്കൊഴുകുന്ന ആ തീവ്രമായ തീരുമാനത്തിന് നമോവാകം. കുഞ്ഞുനാൾ മുതൽ ഞാനറിയുന്ന എൻറെ നാട്ടുകാരനെന്ന നിലയിൽ ഞാനഭിമാന പുളകിതയാകുന്നതു പോലെ ഓരോ നാട്ടുകാരും താങ്കളെയോർത്ത് അഭിമാനിക്കട്ടെ. എന്തായാലും ഇങ്ങനെയൊരു നാടകോത്സവം സംഘടിപ്പിക്കുക മാത്രമല്ല, കാണികളെ പഴയ നാടകകാലങ്ങളിലൂടൊരു ജൈത്രയാത്ര ചെയ്യുവാൻ കൂടി പ്രേരണ നൽകി ഇത്തരമൊരു വേദി സംഘടിപ്പിച്ച നവോദയ വിക്റ്റോറിയയുടെ സംഘാടകർക്ക് പ്രത്യേകം നന്ദി പറയട്ടേ. സന്തോഷ് ജീ, അപ്പുണ്ണീ ജീ നാടകമെന്ന കലയെ നെഞ്ചേറ്റി ലാളിച്ച്, ലോകം മുഴുവൻ അരങ്ങേറി ഈ ജൈത്രയാത്ര തുടരൂ, ആസ്ത്രേലിയ നിങ്ങളെ കാത്തിരിക്കും. എല്ലാ ആശംസകളും!!
Post Your Comments