ബിഗ് ബോസ് മലയാളം സീസണ് 5 അമ്പതു ദിവസങ്ങൾ പിന്നിട്ട് മുന്നേറുകയാണ്. കൂടുതൽ ആരാധക പ്രീതി നേടുവാൻ ഷോയിലേയ്ക്ക് അതിഥിയായി സീസണ് 4 മത്സരാര്‍ഥി റോബിന് രാധാകൃഷ്ണനെയും മുൻ മത്സരാർത്ഥി രജിത് കുമാറിനെയും കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. എന്നാൽ ഷോയില്‍ നിന്ന് റോബിനെ പുറത്താക്കിയിരിക്കുകയാണ്.
ഷോയുടെ നിയമങ്ങൾ ലംഘിച്ചതിനും സംയമനം വിട്ട് പെരുമാറിയതിനുമാണ് ബിഗ് ബോസിന്റെ നടപടി. പുതിയ വീക്കിലി ടാസ്ക് ആയ ‘ബിബി ഹോട്ടൽ ടാസ്കിൽ’ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ അഖില്‍ തോള് ഉപയോഗിച്ച് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതാണ് റോബിനു വിനയായത്.
ഈ വിഷയത്തിൽ ഇടപ്പെട്ട് മാരാരിനെതിരെ പരാതി നൽകാൻ ജുനൈസിനോടു ആവശ്യപ്പെട്ടത് റോബിനാണ്. ‘ശാരീരിക ഉപദ്രവം എന്നു പറഞ്ഞു പരാതി കൊടുത്ത് അഖിലിനെ പുറത്താക്കാൻ ബിഗ്ബോസിനോട് പറയൂ, അല്ലെങ്കിൽ നീ ഇറങ്ങി പോകുമെന്നു പറ. അഖിൽ അങ്ങനെ തള്ളിയത് ശരിയല്ല’ എന്നും റോബിൻ ജുനൈസിന്റെ ചെവിയിൽ പറഞ്ഞു.
അഖിലിനും ജുനൈസിനുമിടയില്‍ പ്രശ്നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാന്‍ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നല്കി ഹൗസിലേക്ക് തിരിച്ചയച്ചു. അസ്വസ്ഥനായ റോബിൻ വീടിനകത്ത് ബഹളം വയ്ക്കുകയും അലറുകയും ചെയ്തു. ‘ഞാൻ ഈ ഷോ മുന്നോട്ട് നടത്തിക്കില്ല. ഈ ഷോ ഒരു തരത്തിലും മുന്നോട്ടുപോവൂല. ഞാനിവിടുന്നു ഇറങ്ങുകയുമില്ല. ഇവിടെ നിന്നും പോകുകയാണെങ്കിൽ മാരാരെയും കൊണ്ടേ പോകൂ.’ എന്നൊക്കെയായിരുന്നു റോബിന്റെ വെല്ലുവിളി. റോബിന്റെ വെല്ലുവിളി അതിരു കടന്നതോടെ ബിഗ്ബോസ് റോബിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു.
‘ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കിയത് കണക്കിലെടുത്ത് ഇപ്പോൾ തന്നെ നിങ്ങളെ ഈ വീട്ടിൽ നിന്നും ഇറക്കി വിടുകയാണ്’ എന്ന മുന്നറിയിപ്പോടെ കൺഫെഷൻ റൂമിൽ നിന്നു തന്നെ ബിഗ് ബോസ് റോബിനെ ഇറക്കിവിടുകയായിരുന്നു.
Post Your Comments