GeneralLatest NewsMollywoodNEWSWOODs

തലേ ദിവസത്തെ കഞ്ഞിയുടെ വെള്ളം ഉപ്പിട്ട് കുടിക്കും, ഒരു കിലോ അരി തരാമോ എന്ന് ചോദിച്ചകാലം: പൗളി വത്സന്‍

ദാരിദ്ര്യം അനുഭവിച്ച നാളുകളെക്കുറിച്ച്‌ പൗളി വത്സന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി പൗളി വത്സന്‍ പട്ടിണിയും പ്രാരാബ്ദവും നിറഞ്ഞ തന്റെ കുട്ടിക്കാലത്തെക്കുറിച്ച്‌ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് ദാരിദ്ര്യം അനുഭവിച്ച നാളുകളെക്കുറിച്ച് തുറന്നു പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

അപ്പച്ചന്‍ ഫിഷിംഗ് ബോട്ടില്‍ പോവുന്ന ആളായിരുന്നു. ആ സമയത്തൊക്കെ ദാരിദ്ര്യമുണ്ട്. കഞ്ഞിവെക്കാന്‍ അരിയില്ലാതെ വിഷമിക്കുന്ന കാലഘട്ടമായിരുന്നു അന്നൊക്കെ. അങ്ങനെ ഒരു മഴയത്ത് ഇനി എന്ത് ചെയ്യും മോളേ എന്ന് അപ്പച്ചന്‍ ചോദിച്ചു. അപ്പച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി. പാവാട തലയില്‍ കൂടെയിട്ട് ഞാന്‍ ഓടി. ഒരു പലചരക്ക് കടയുണ്ട്. ആ കട അടയ്ക്കാന്‍ നോക്കുകയായിരുന്നു, ജോസഫേട്ടാ എനിക്കൊരു കിലോ അരി തരാമോ ഇപ്പോള്‍ പൈസയില്ല എപ്പോഴെങ്കിലും തരാമെന്ന് പറഞ്ഞു.

read also: മതത്തിന് എതിരല്ല ‘ഫർഹാന’: അപവാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംവിധായകൻ്റെ അഭ്യർഥന

അങ്ങനെ അയാള്‍ അരി തന്നു. മഴയത്ത് അരി പാവാടയില്‍ പൊതിഞ്ഞ് വീട്ടിലേക്കോടി. കഞ്ഞി വെക്ക് അമ്മേ എന്ന് പറഞ്ഞു. എല്ലാ പിള്ളേരും കിടന്ന് ഉറങ്ങുകയാണ്. അമ്മച്ചി വേഗം കഞ്ഞി വെച്ച്‌ ഉറക്കത്തില്‍ നിന്ന് എണീപ്പിച്ച്‌ എല്ലാവര്‍ക്കും കൊടുത്തു. ഇവര്‍ കുടിക്കുന്നത് കണ്ട് ഞാന്‍ നോക്കിയിരുന്നു. മോന്‍ കുടിക്കുന്നില്ലേയെന്ന് അപ്പച്ചന്‍ ചോദിച്ചു. ഞാന്‍ കുടിക്കാം, ഇവര്‍ കുടിക്കട്ടെ എന്ന് പറഞ്ഞു. എന്നെക്കൊണ്ട് സാധിച്ചല്ലോ എന്നാണ് എനിക്ക് തോന്നിയത്.

അപ്പച്ചന്‍ എന്നെ കെട്ടിപ്പിടിച്ചു. ഇത്രയല്ലേ എനിക്ക് ചെയ്യാന്‍ പറ്റൂ, എന്നോടല്ലേ അപ്പച്ചന് പറയാന്‍ പറ്റൂ ഞാനല്ലേ മൂത്തതെന്ന് പറഞ്ഞു. രാത്രിയിലെ എന്റെ ചോറ് ഞാന്‍ തിന്നാറില്ല. ആ ചോറ് ഉറിയിലോട്ട് എടുത്ത് വെക്കും. രാവിലെ നാല് പേര്‍ക്കും കൂടി വീതിച്ച്‌ കൊടുക്കാന്‍ പറയും. തലേ ദിവസത്തെ കഞ്ഞിയുടെ വെള്ളം ഉപ്പിട്ട് കുടിച്ച്‌ ഞാന്‍ സ്കൂളില്‍ പോവും.

എന്റെ കൂട്ടുകാരി അന്ന് നല്ലൊരു പൊസിഷനിലാണ്. അവള്‍ എനിക്ക് ചോറ് കൊണ്ട് വരും. വീട്ടില്‍ ചോറുണ്ടാവില്ലല്ലോ എന്ന് കരുതി ചോറ് ഇറങ്ങാന്‍ പ്രയാസമാണ്. പിള്ളേരുടെ കൈയില്‍ അഞ്ച് പൈസയൊക്കെയുണ്ടാവും. അവരോട് ചോദിക്കും. ഒരു രൂപ എണ്‍പത്ത് രണ്ട് പൈസ ഉണ്ടെങ്കില്‍ അന്ന് റേഷന്‍ കടയില്‍ നിന്ന് ഒരു യൂണിറ്റ് അരി കിട്ടും.

വൈകുന്നേരം ഒരു രൂപ എണ്‍പത്ത് രണ്ട് പൈസ ഞാന്‍ റെഡിയാക്കിയിട്ടുണ്ടാവും. പിള്ളേര്‍ക്കൊക്കെ എന്നെ ഇഷ്ടമായിരുന്നു. ഒരാള്‍‌ പോലും അഞ്ച് പൈസ തിരിച്ച്‌ ചോദിച്ചിട്ടില്ല. 25 രൂപ എനിക്ക് സ്കൂളില്‍ കടമായി. സ്കൂള്‍ അടയ്ക്കാന്‍ പോവുകയാണ്. പിന്നെ ഇവരെ കാണില്ല’ അതിന് വേണ്ടിയാണ് ആദ്യ നാടകം അപ്പച്ചനറിയാതെ ചെയ്യുന്നത്’- പോളി വത്സന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button