
ഭോപ്പാൽ: വിവാദങ്ങള്‍ക്കൊടുവില്‍ ദി കേരള സ്റ്റോറി എന്ന ചിത്രം രാജ്യമൊട്ടാകെ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് നികുതി ഒഴിവാക്കി ഉത്തരവ് ഇറക്കിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശില്‍ ദി കേരള സ്റ്റോറി നികുതി രഹിതമാക്കണമെന്ന് ബിജെപിയും ഹിന്ദു സംഘടനകളും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് മുഖ്യമന്ത്രി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
‘തീവ്രവാദത്തിന്റെ ഭീകരമായ സത്യം തുറന്നുകാട്ടിയ ചിത്രമാണ് കേരള സ്റ്റോറി. മധ്യപ്രദേശില്‍ ചിത്രം ടാക്സ് ഫ്രീ ആക്കാന്‍ തീരുമാനിച്ചു, ‘ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തു.
അദാ ശര്‍മ്മ മുഖ്യകഥാപാത്രമായെത്തുന്ന ദി കേരള സ്റ്റോറി സുദീപ്തോ സെന്‍ ആണ് സംവിധാനം ചെയ്തത്. കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയമാണ് ചിത്രം പങ്കുവെയ്ക്കുന്നത്. എന്നാൽ, ദി കേരള സ്റ്റോറി, സംഘപരിവാര്‍ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ട്രെയ്ലര് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ചിത്രം വിവാദമായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്നുള്പ്പെടെ ആവശ്യപ്പെട്ട് ഹര്‍ജികളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചിത്രം മെയ് 5 ന് തീയറ്ററുകളിലെത്തി.
Post Your Comments