GeneralLatest NewsMollywoodNEWSWOODs

അച്ഛൻ്റെ കളരിയിൽ പഠിച്ച മക്കൾക്ക് പിഴക്കില്ല, താരപുത്രനെക്കുറിച്ച് നിർമ്മാതാവ്

സത്യേട്ടൻ്റെ മൂന്ന് മക്കളിൽ ഇരട്ടക്കുട്ടികളാണ് അനൂപും അഖിലും.

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നിർമ്മാതാവ് ആന്റോ ജോസഫ് സംവിധായകൻ അഖിൽ സത്യനെക്കുറിച്ച് പങ്കുവച്ച കുറിപ്പാണ്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും’തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍.

READ ALSO: മയ്യത്ത് കബര്‍സ്ഥാനില്‍ കയറ്റാന്‍ പോലും സമ്മതിക്കാതെ വീഡിയോ, സിനിമാ സീന്‍ ഒന്നുമല്ലല്ലോ: മറുപടിയുമായി മാമുക്കോയയുടെ മകൻ

കുറിപ്പ് പൂർണ്ണ രൂപം

അഖിൽ സത്യൻ എന്ന പേര് ഇന്ന് വെള്ളിത്തിരയിൽ തെളിഞ്ഞു തുടങ്ങുമ്പോൾ മനോഹരമായൊരു കുടുംബചിത്രത്തിലെ ക്ലൈമാക്സ് രംഗം പോലെയാകുന്നു അത്. കുടുംബ ചിത്രങ്ങളുടെ സംവിധായകൻ സത്യൻ അന്തിക്കാടിൻ്റേത് സംവിധായക കുടുംബമാകുന്ന കാഴ്ച. സത്യേട്ടൻ്റെ മൂന്ന് മക്കളിൽ ഇരട്ടക്കുട്ടികളാണ് അനൂപും അഖിലും.

അനൂപിന് പിന്നാലെ അഖിലും സ്വതന്ത്ര സംവിധായകനാകുകയാണ് ‘പാച്ചുവും അത്ഭുതവിളക്കും ‘ എന്ന സിനിമയിലൂടെ. അച്ഛൻ്റെ കളരിയിൽ പഠിച്ച മക്കൾക്ക് പിഴക്കില്ല. ‘വരനെ ആവശ്യമുണ്ട് ‘ എന്ന കന്നി ചിത്രത്തിലൂടെ അനൂപ് അത് തെളിയിച്ചതാണ്. അഖിലിൻ്റെ പാച്ചുവും അത്ഭുതം തെളിച്ചു തരുമെന്ന് ഉറപ്പ്. മലയാളി കുടുംബങ്ങളുടെ മനസ്സിനെ അന്തിക്കാടൻ ഒപ്പുകടലാസിനോളം പകർത്തിയെടുത്ത മറ്റാരാണുള്ളത്! പഠിച്ച് മിടുക്കരായി ഉയർന്നജോലി നേടിയതിനു ശേഷമാണ് സത്യേട്ടൻ്റെ മക്കൾ സിനിമയിലേക്കിറങ്ങുന്നത്. അച്ഛൻ്റെ വഴിയാണ് ഞങ്ങളുടേതും എന്ന തിരിച്ചറിവിലായിരുന്നിരിക്കണം അത്.

അച്ഛൻ മുന്നേ നടക്കുമ്പോൾ അവരുടെ ചുവടുകൾ തെറ്റില്ല. സത്യേട്ടൻ്റെ മൂത്ത മകൻ അരുൺ എം.ബി.എ.കഴിഞ്ഞ ശേഷം സിനിമ തിരഞ്ഞെടുക്കാതെ ബിസിനസ് രംഗത്താണ്. ഇവിടെയും സത്യൻ അന്തിക്കാട് സിനിമകൾ നമ്മുടെ മനസ്സിലേക്കെത്തുന്നു. ഈ നല്ല നിമിഷത്തിൽ ഞാൻ ഓർക്കുന്നത് മറ്റൊരാളെയാണ്. സത്യേട്ടൻ്റെ ഭാര്യയും അനൂപിൻ്റേയും അഖിലിൻ്റേയും അമ്മയുമായ നിർമല എന്ന നിമ്മിച്ചേച്ചിയെ.

സത്യേട്ടൻ എഴുതിയ ‘ഒരു നിമിഷം തരൂ നിന്നിലലിയാൻ’ പാട്ടിലെ ‘നിര്‍മ്മലേ എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍’ എന്ന വരികളിലെ നായിക. അന്തിക്കാട്ടെ വീട്ടിലും പറമ്പിലുമായി മറഞ്ഞു നിൽക്കുന്ന, ചേച്ചിയാണ് യഥാർഥത്തിൽ സത്യൻ അന്തിക്കാട് നായകനാകുന്ന കുടുംബകഥയിലെ ഏറ്റവും ഹൃദ്യമായ കഥാപാത്രം. ഭർത്താവും മക്കളും നേട്ടങ്ങളിലേക്ക് വളരുന്നത് തൻ്റേതായ ലോകത്തു നിന്നു കണ്ട് സന്തോഷിക്കുന്നയാൾ. മക്കളിൽ രണ്ടാമത്തെയാളും സംവിധായകനാകുന്ന ഈ പകലിലും നിമ്മിച്ചേച്ചി വാഴയിലത്തണലിനോ പടർന്നേറി നിൽക്കുന്ന പയർ വള്ളികൾക്കിടയിലോ ആയിരിക്കും. അതാണ് നല്ല കൃഷിക്കാരിയായ അവരുടെ സന്തോഷം. അവിടത്തെ തോട്ടത്തിലെ നൂറുമേനി പോലെ അഖിലിൻ്റെ സിനിമയും പൊലിക്കട്ടെ. ഒരിക്കൽക്കൂടി വിജയാശംസകൾ..

shortlink

Related Articles

Post Your Comments


Back to top button