മലയാളികളുടെ പ്രിയപ്പെട്ട താരമായ മാമുക്കോയ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണ കാരണമായത്.
കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർസ്ഥാനിൽ കബറടക്കിയത്.
മാമുക്കോയയുടെ വീട്ടിൽ നിന്നും ഏഴ് കിലോമീറ്ററോളമുണ്ട് കബർസ്ഥാനിലേക്ക്. മാമുക്കോയയുടെ മകനാണ് നിസ്കാര ചടങ്ങുകൾ നടത്തിയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരെ പ്രിയ താരത്തെ കാണാൻ ജനങ്ങളുടെ പ്രവാഹമായിരുന്നു.
സിനിമാ- രാഷ്ട്രീയ- നാടക-സാസ്കാരിക മേഖലകളിൽ നിന്നുള്ളവരും, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരുമെല്ലാം ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച്ചയോടു കൂടിയാണ് മരണം സംഭവിച്ചത്. വണ്ടൂരിലെ പൊതു പരിപാടിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞ് വീഴുകയായിരുന്നു.
തുടർന്ന് പ്രാഥമിക ചികിത്സകൾക്ക് ശേഷം വണ്ടൂരിലും പിന്നീട് കോഴിക്കോടും ചികിത്സ ലഭ്യമാക്കുകയായിരുന്നു.
Post Your Comments