മലയാള സിനിമയില്‍ ചില നടീ-നടന്മാരും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്. വാർത്താസമ്മേളത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമ ബുദ്ധിമുട്ട് നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നാടിനടന്മാർ സിനിമയുടെ ചിത്രീകരണത്തില്‍ നിസ്സഹകരണവും എഡിറ്റില്‍ അനാവശ്യമായ ഇടപെടലും നടത്തുന്നുവെന്നും ഉണ്ണികൃഷ്ണൻ ആരോപിച്ചു.
‘നടീ-നടന്മാര് ഒരേ സമയം പല സിനിമകള്‍ക്ക് തീയതി കൊടുക്കുന്നുണ്ട്, അമ്മ അംഗീകരിച്ച എഗ്രിമെന്റ് ഒപ്പിടുന്നില്ല. ചില അഭിനേതാക്കള്‍ എഡിറ്റ് കാണിക്കാന്‍ ആവശ്യപ്പെടുകയാണ്. ഡബ്ബിംഗ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാന്‍ ഒരു നടന് ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമേ തുടര്‍ന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്. താരങ്ങള്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങള്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് തങ്ങള്‍ പിന്നീട് വ്യക്തമാക്കും’- ഉണ്ണികൃഷ്ണൻ പറഞ്ഞു.
പണം മുടക്കിയ നിര്‍മാതാക്കളെ മാത്രമേ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എടുക്കുന്ന ഏത് തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും വാർത്താ സമ്മേളനത്തിൽ ഉണ്ണികൃഷ്ണൻ അറിയിച്ചു.
Post Your Comments