തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനാണ് വെട്രിമാരൻ. അദ്ദേഹത്തിന്റെ ഏറ്റവും പുത്തൻ ചിത്രമായ വിടുതലൈ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
സൂരിയാണ് ചിത്രത്തിലെ നായകൻ. തിയേറ്ററുകളിൽ നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഗസ്റ്റ് റോളിൽ വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ചിത്രം വൻ പ്രേക്ഷക പിന്തുണ നേടി കുതിക്കുമ്പോൾ അടുത്തിടെ അണിയറ പ്രവർത്തകർക്കെല്ലാം സ്വർണ്ണ നാണയം സംവിധായകൻ സമ്മാനമായി നൽകിയത് വൻ വാർത്തയായി മാറിയിരുന്നു.
സിനിമക്ക് പിന്തുണയുമായി കൂടെ നിന്ന എല്ലാ അണിയറ പ്രവർത്തകർക്കും സംവിധായകൻ സമ്മാനം നൽകിയത് വമ്പൻ പ്രാധാന്യത്തോടെ ചാനലുകൾ വാർത്തയാക്കിയിരുന്നു.
എന്നാലിപ്പോൾ ചെന്നൈ തിയേറ്ററിൽ ചിത്രം കാണാനെത്തിയ ഒരു അമ്മയും രണ്ട് ചെറിയ കുട്ടികളുമാണ് വാർത്താ പ്രാധാന്യം നേടുന്നത്. വയലൻസ് അടക്കമുള്ള രംഗങ്ങൾ ഉള്ളതിനാൽ എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അതിനാൽ 18 വയസിൽ താഴെയുള്ള കുട്ടികളെ തിയറ്ററിൽ സിനിമ കാണുവാൻ നിയമം അനുവദിക്കുന്നില്ല.
എന്നാൽ തമിഴ് ആക്ടിവിസ്റ്റായ വളർമതി തന്റെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കൊപ്പം തിയേറ്ററിൽ എത്തുകയും ചിത്രം കാണണമെന്ന് ശാഠ്യം പിടിക്കുകയും ചെയ്തു. ചെറിയ കുട്ടികളെ എ സർട്ടിഫിക്കറ്റ് ചിത്രം കാണുവാൻ അനുവദിക്കാൻ ആകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞ് മനസിലാക്കാൻ നോക്കിയെങ്കിലും തന്റെ മക്കൾ എന്ത് കാണണമെന്ന് താൻ തീരുമാനിക്കുമെന്ന് വളർമതി സെക്യൂരിറ്റി ജീവനക്കാരോട് കയർത്തു.
വളർമതി കുട്ടികളുമായിരുന്ന് ചിത്രം മുഴുവൻ കാണുകയും ചെയ്തു. നിയമലംഘനം നടത്തിയതിന് ചെന്നൈ പോലീസ് വളർമതിക്കെതിരെ കേസെടുക്കുകയും ചെയ്തു.
Post Your Comments