ലോകം മുഴുവൻ കോടാനുകോടി ആരാധകരുള്ള സംഗീത ബാൻഡാണ് ബിടിഎസ്. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ വലിയൊരു ആരാധകനിര തന്നെ ബിടിഎസിനുണ്ട്.
ബുള്ളറ്റ് പ്രൂഫ് ബോയ്സ് സ്കൗട്ട്സ് എന്നാണ് ബിടിഎസിന്റെ പൂർണ്ണരൂപം. 7 പേരടങ്ങുന്ന ബാൻഡാണ് ലോകം മുഴുവൻ ആരാധകരെ സൃഷ്ട്ടിച്ച ബിടിഎസ്.
കൊറിയൻ ത്രില്ലർ ചിത്രങ്ങളും, കൊറിയൻ പ്രണയ ചിത്രങ്ങളും എന്നിങ്ങനെ തേടിപ്പിടിച്ച് കൊറിയൻ സിനിമകൾ ധാരാളം കാണുന്ന മലയാളികളുണ്ട്. അവരിൽ ഭൂരിഭാഗവും ബിടിഎസിന്റെ കട്ട ഫാനുകളുമാണ്. ബിടിഎസിന്റെ ഡൈനമിറ്റ് പോലുള്ള ഗാനങ്ങളടക്കം യുവ തലമുറയും കൊച്ചു കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ട്ടപ്പെട്ടവയാണ്.
പെൺകുട്ടികളും ആൺകുട്ടികളുമെല്ലാം താൻ സോഷ്യൽ മീഡിയയിലെ ബിടിഎസ് ആർമിയിലെ അംഗമാണെന്ന് ആരാധനയോടെ, എന്നാൽ സ്വൽപ്പം തലക്കനത്തോടെ പറയാറുണ്ട്. ബിടിഎസ് ഗാനങ്ങൾ പുറത്തിറങ്ങിയാൽ അതിനെക്കുറിച്ച് സ്കൂൾ, കോളേജ് തലങ്ങളിൽ വരെയുള്ള കുട്ടികൾ കേരളത്തിൽ പോലും വാ തോരാതെ ചർച്ച ചെയ്യാൻ ഇഷ്ടമുള്ളവരാണ്.
ലോകത്തെ തന്നെ ഏറ്റവും മികച്ച ബാൻഡുകളിലൊന്നായി ചുരുങ്ങിയ സമയം കൊണ്ടാണ് ബിടിഎസ് മാറിയത്. ഇപ്പോൾ ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ബിടിഎസിലെ മുതിർന്ന അംഗമായ ജിൻ ഇക്കഴിഞ്ഞ ഡിസംബറിൽ സൈനിക സേവനം തുടങ്ങിയിരുന്നു. ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ 18 മാസത്തോളം നീളുന്ന സൈനിക സേവനമാണ് അന്ന് തുടങ്ങിയത്. എന്നാലിപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജെ ഹോപ്പും സൈനിക സേവനത്തിന്റെ പാതയിലാണ്.
ഇതിന്റെ മുന്നോടിയായി നിർബന്ധിത സൈനിക സേവനം നീട്ടി വയ്ക്കാനുള്ള അപേക്ഷ പിൻവലിച്ചതായും വാർത്തകൾ പുറത്തെത്തുന്നു. മറ്റ് വമ്പൻ ചടങ്ങുകൾ ഒന്നും ഇല്ലാതെ ലളിതമായിട്ടായിരിക്കും തന്റെ സൈനിക സേവനത്തിനുള്ള എൻട്രിയെന്നും മികച്ച റാപ്പർ കൂടിയായ ജെ ഹോപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments