മലയാളികളുടെ പ്രിയതാരം ഇന്നസെന്റ് ചെയ്യാൻ ബാക്കി വച്ച ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയാക്കി യാത്ര പോയെങ്കിലും ലോകമെങ്ങുമുള്ള മലയാളികൾക്ക് അദ്ദേഹത്തെ മറക്കാനാകില്ല.
എത്രയെത്ര സിനിമകൾ, വേഷങ്ങൾ തന്നാണ് പ്രിയപ്പെട്ട ഇന്നച്ചൻ പോയിരിക്കുന്നത്. അതുകൊണ്ടാവണം ഓരോ മലയാളിക്കും സ്വന്തം കുടുംബത്തിലെ ഒരംഗത്തെ നഷ്ടമായ വേദന തോന്നുന്നത്.
ജീവിതത്തിൽ അടിമുടി സിനിമയെ സ്നേഹിച്ച്, സിനിമയോടൊപ്പം ജീവിച്ച വ്യക്തികൂടിയായിരുന്നു നടൻ ഇന്നസെന്റ്. ഓരോ മലയാളിക്കും ജീവിതകാലം മുഴുവൻ ചിരിക്കാനുള്ള വക തന്നെങ്കിലും ഇടക്കാലത്ത് കൂടെകൂടിയ ക്യാൻസറിനെ പൊരുതി തോൽപ്പിച്ചാണ് ഇന്നസെന്റ് വീണ്ടും അഭിനയ ലോകത്തേക്ക് മടങ്ങിയെത്തിയത്.
ഇന്നച്ചൻ ഉറങ്ങുന്ന കല്ലറയിൽ ഇനി മുതൽ ജീവിതത്തിൽ ചെയ്ത അതി മനോഹരങ്ങളായ കഥാപാത്രങ്ങൾ കൂടി ഉണ്ടാകും. ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയത്തിലെ കിഴക്കേ പള്ളിയോട് ചേർന്നുള്ള ദേവാലയത്തിൽ കല്ലറയിൽ പ്രിയ കഥാപാത്രങ്ങളെ ചെറുമക്കളുടെ ആഗ്രഹം പോലെ ആലേഖനം ചെയ്തു.
സിനിമയിൽ അനശ്വരമാക്കിയ മുപ്പതോളം കഥാപാത്രങ്ങളാണ് ഇത്തരത്തിൽ ആലേഖനം ചെയ്തത്. മാന്നാർ മത്തായിയിലെ മത്തായിച്ചനും, കാബൂളിവാലയിലെ കന്നാസും, ദേവാസുരത്തിലെ വാര്യരും വിയറ്റ്നാം കോളനിയിലെ ജോസഫും ഒക്കെ ഇങ്ങനെ ചിത്രങ്ങളായി ഇന്നച്ചന്റെ അരികിലുണ്ട്.
കൊച്ചുമക്കളായ ഇന്നസെന്റിന്റെയും (ജൂനിയർ), അന്നയുടെയും ആഗ്രഹത്തിനനുസരിച്ചാണ് കല്ലറയിൽ ചിത്രങ്ങൾ ആലേഖനം ചെയ്തത്. അതിനായി വെള്ളിത്തിരയിൽ അനശ്വരമാക്കിയ മുപ്പത് കഥാപാത്രങ്ങളും തിരഞ്ഞെടുത്ത് ചേർത്തു.
ഇന്നസെന്റിന്റെ പേരും വിവരങ്ങളും കല്ലറയിൽ ആലേഖനം ചെയ്തിരിക്കുന്നത് പോലും സിനിമാ റീലുപോലെയാണ്. മലയാളികളെ നൊമ്പരത്തിലാക്കി കടന്നുപോയ ഇന്നച്ചന്റെ കല്ലറയിൽ ഇപ്പോഴും ഒട്ടേറെപേർ കാണുവാനായി എത്തുന്നുണ്ട്.
Post Your Comments