GeneralNEWS

കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ, ശരീരത്തിന് രൂപമാറ്റം, വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഇല്ല: സാമന്ത

കഴിഞ്ഞ കുറച്ചു കാലങ്ങളായി വലിയ ഒരു പോരാട്ടത്തിലാണ് തെന്നിന്ത്യൻ താര സുന്ദരി സാമന്ത. മയോസൈറ്റിസ് രോഗം ബാധിച്ച് ചികിത്സയിലാണ് താരമിപ്പോൾ. തന്റെ ആരാ​ഗ്യ സ്ഥിതിയെപ്പറ്റി വൈകാരികമായി പല അഭിമുഖങ്ങളിലും താരം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, രോഗം നിര്‍ണയിക്കുന്ന സമയവും ചികിത്സാദിനങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ പ്രയാസകരമായ നാളുകളായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി.

ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് മയോസൈറ്റിസ് രോഗം ബാധിച്ചപ്പോൾ മുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സാമന്ത വെളിപ്പെടുത്തിയത്. ‘മയോസൈറ്റിസ് എന്ന രോഗത്താൽ  മരുന്ന് കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടി വന്നു. ചിലപ്പോൾ ശരീരം വല്ലാതെ തടിക്കും, മറ്റു ചില ദിവസങ്ങളിൽ തീരെ ക്ഷീണിക്കും. എന്‍റെ രൂപത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ അനുഭവപ്പെടും. വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല.

പ്രകാശത്തിലേക്ക് നേരിട്ട് നോക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് കണ്ണട വെയ്‌ക്കേണ്ടി വന്നത്. തീവ്രമായ മൈഗ്രേൻ ബാധിച്ചു. കണ്ണുകള്‍ വീർത്തു തടിച്ചുവരും. അസഹനീയമായ വേദനയും. കഴിഞ്ഞ എട്ട് മാസമായി ഇതാണ് എന്റെ അവസ്ഥ’- എന്ന് സാമന്ത പറഞ്ഞു. ‘ഒരുപാട് യാതനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് ഞാൻ കടന്നുപോയത്. ഒരു നടി എന്ന നിലയിൽ പൂർണതയോടെ നിലകൊള്ളാനാണ് ആ​ഗ്രഹിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ അതിനെയെല്ലാം തകർത്തെറിയുന്ന ഒരവസ്ഥ എനിക്ക് വന്നുപെട്ടു.’ സാമന്ത കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button