Latest News

പൊതുദര്‍ശനം തുടങ്ങി: ഇന്നസെന്റിന്റെ ഭൗതികശരീരം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചു

കൊച്ചി : നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. രാവിലെ എട്ട് മണി മുതല്‍ 11 മണിവരെ ഇവിടെ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 5ന് വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തും.

അഞ്ചു പതിറ്റാണ്ടിലേറെ നര്‍മ്മവും ഗൗരവവും നിറഞ്ഞ വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടനും മുന്‍ പാര്‍ലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ ഇന്നസെന്റ് ഇന്നലെ രാത്രി 10.30 ന് ആണ് അന്തരിച്ചത്. 75 വയസായിരുന്നു. മാര്‍ച്ച്‌ രണ്ടിനാണ് ഇന്നസെന്റിനെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്‌നങ്ങള്‍ ബാധിച്ചിരുന്നു. വെന്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ നില രണ്ടാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു. അതേസമയം തുടർച്ചയായി കോവിഡ് ബാധിച്ചതാണ് ഇന്നസെന്റിന്റെ ആരോഗ്യ നില വഷളാകാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു.

ഇന്നലെ രാത്രി ഒമ്പതിന് ഇന്നസെന്റിനെ ചികിത്സിക്കുന്ന കാന്‍സര്‍ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അതീവഗുരുതരമായതിനാല്‍ ജീവന്‍ നിലനിറുത്തിയിരുന്ന എക്സ്ട്രാകോര്‍പ്പറിയല്‍ മെമ്പറന്‍സ് ഓക്‌സിജനേഷന്‍ (ഇ.സി.എം.ഒ) സംവിധാനം നീക്കാന്‍ 10 മണിയോടെ തീരുമാനിച്ചു. 10.30ന് മരണം സ്ഥിരീകരിച്ചു. മരണവിവരമറിഞ്ഞ് താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.

2013ല്‍ തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കീമോതെറാപ്പിക്ക് വിധേയനായി. സുഖം പ്രാപിച്ച ശേഷം സിനിമയില്‍ സജീവമായി. പിന്നീട് മൂന്നുതവണ കാന്‍സര്‍ രോഗം അലട്ടിയെങ്കിലും ചിരിച്ച മുഖത്തോടെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. 18 വര്‍ഷം ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. 2014 മേയില്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെ ചാലക്കുടിയില്‍ നിന്ന് പാര്‍ലമെന്റിലെത്തി. 2019ല്‍ ബെന്നിബെഹ്‌നാനോട് പരാജയപ്പെട്ടു. മുമ്പ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്നു.

700ലേറെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം, പകര്‍ന്നാടിയ ചെറുതും വലുതുമായ വേഷങ്ങള്‍ ജീവസ്സുറ്റതും വ്യത്യസ്തങ്ങളുമായിരുന്നു. ഹാസ്യനടനില്‍ നിന്ന് സ്വഭാവനടനായും പ്രതിനായകനും നായകനുമായി വളര്‍ന്നു.1948 ഫെബ്രുവരി 28ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ആലീസാണ് ഭാര്യ. ഏകമകന്‍; സോണറ്റ്. മരുമകള്‍: രശ്മി. പേരമക്കള്‍: ഇന്നസെന്റ് ജൂനിയര്‍, അന്ന.

 

 

shortlink

Related Articles

Post Your Comments


Back to top button