ഇന്നസെന്റിന്റെ വിയോഗത്തിൽ കണ്ണീരോടെ സിനിമാ ലോകം. മലയാളികളെ ചിരിപ്പിച്ച് മാഞ്ഞ് പോയ അതുല്യകാലാകാരനെ കുറിച്ച് വാക്കുകൾ മുറിഞ്ഞ് സഹപ്രവർത്തകർ. മരണവിവരം അറിഞ്ഞ് സിനിമാ താരങ്ങളായ മമ്മൂട്ടി, ജയറാം, ദിലീപ് അടക്കമുളളവർ ആശുപത്രിയിലെത്തിയിരുന്നു. ഇന്നസെന്റിനെ കുറിച്ച് ദിലീപ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആളായിരുന്നു ഇന്നസെന്റെന്ന ദിലീപ് പറയുന്നു.
‘വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും’, ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.
ആശുപത്രിയിൽ ഇന്നസെന്റിനെ കാണാനെത്തിയ ദിലീപിന്റെ വീഡിയോയും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. നിർമാതാവ് സുരേഷ്, മധുപാൽ തുടങ്ങിയവർക്കൊപ്പമാണ് ദിലീപും ആശുപത്രിയിലെത്തിയത്. ജീവിതത്തിൽ അച്ഛനായി ജേഷ്ഠ സഹോദരനായി എല്ലാ കാലവും ഒപ്പമുണ്ടായിരുന്ന വ്യക്തി, വിഷമഘട്ടങ്ങളിൽ കൈത്താങ്ങു ആയി നിന്ന വ്യക്തി, പെട്ടെന്ന് ഓർമ്മയാകുമ്പോൾ ഒരു ശൂന്യതയുണ്ടാകും. ആ ശൂന്യതയിൽ തകർന്ന് പോയ ദിലീപിനെയാണ് കാണാനാകുന്നത്. ദിലീപ് ടൈംസ് പുറത്തുവിട്ട വീഡിയോയിൽ നിരവധി പേരുണ്ട്.
Post Your Comments