അസുഖബാധിതനായി വിശ്രമത്തിലായിരുന്ന നടൻ ശ്രീനിവാസൻ തന്റെ മകനായ വിനീത് ശ്രീനിവാസനൊപ്പം കുറുക്കന്‍ എന്ന സിനിമയിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. കൂടാതെ തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലുമാണ് താരം.
ആശുപത്രിയിലായിരുന്ന സമയത്ത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും ഇനിയും സിനിമകള്‍ ചെയ്യുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഐസിയുവിലായിരുന്ന സമയത്തും കഥകള്‍ കേട്ടിരുന്നുവെന്നും വരാനിരിക്കുന്ന സിനിമയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നുമായിരുന്നു അദ്ദേഹം സുഹൃത്തുക്കളോടെല്ലാം പറഞ്ഞിരുന്നത്. സിനിമാലോകവും പ്രേക്ഷകരും ഏറെ ആഗ്രഹിച്ച തിരിച്ചുവരവായിരുന്നു ശ്രീനിവാസന്റേത്. ഇപ്പോഴിതാ, രോഗാവസ്ഥയെ അച്ഛന്‍ ശ്രീനിവാസന്‍ നേരിട്ടതിനെക്കുറിച്ചുള്ള വിനീതിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്.
വാക്കുകൾ വിശദമായി :
‘ഒരു രോഗാവസ്ഥയെ ധൈര്യത്തോടെ, ചിരിച്ച മുഖത്തോടെ നേരിട്ട ഒരാളെ ഞാന്‍ എന്റെ വീട്ടില്‍ കാണുന്നുണ്ട്. ആദ്യം ഐസിയുവിലായിരുന്നു അച്ഛന്‍ ബോധം വന്ന സമയം മുതല്‍ എന്നോട് സംസാരിച്ചിരുന്നത് ചെയ്യാന്‍ പോവുന്ന സിനിമകളെ കുറിച്ചായിരുന്നു. മുന്നോട്ട് പോവാന്‍ ഭയങ്കരമായ ആഗ്രഹം അച്ഛന്‍ കാണിച്ചത് ജോലിയുമായി ബന്ധപ്പെടുത്തിയാണ്.
ലാസ്റ്റ് ബൈപ്പാസ് കഴിഞ്ഞ സമയത്ത് കുറുക്കന്‍ എന്ന സിനിമ ഞങ്ങള്‍ ഒന്നിച്ച് ചെയ്തു. ആ സമയത്ത് രാവിലെ ഞാന്‍ എഴുന്നേറ്റ് കഴിഞ്ഞാല്‍ താഴെ നിന്ന് അച്ഛന്‍ ഡയലോഗ് പഠിക്കുന്നത് കേള്‍ക്കാമായിരുന്നു. ഈ ഒരു സമയത്ത് ഡയലോഗ് ഓര്‍ത്തിരിക്കാന്‍ പറ്റുമോ എന്ന തരത്തിലുള്ള ആശങ്ക ഉണ്ടായിരുന്നു അച്ഛന്. സെറ്റില്‍ വരുമ്പോൾ അങ്ങനെയുള്ള കണ്‍ഫ്യൂഷന്‍ വരാതിരിക്കാന്‍ വേണ്ടി ഇരുന്ന് പഠിക്കുകയാണ്. സെറ്റില്‍ വരുമ്പോൾ ഒറ്റ ടേക്കില്‍ അത് ഓക്കെ ആക്കുകയും ചെയ്യും. ആള്‍ക്കാര്‍ ക്ലാപ്പ് ചെയ്യുന്നതൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്.
അച്ഛന്‍ എനിക്ക് ഇന്‍സ്പിരേഷനാണ്. അച്ഛന്റെ അടുത്ത സുഹൃത്തായ ഇന്നസെന്റ് അങ്കിള്‍ ക്യാന്‍സര്‍ സര്‍വൈവറാണ്. സ്ഥിരമായി അദ്ദേഹം ആരോഗ്യവുമായി മല്ലിട്ട് കൊണ്ടിരിക്കുന്നയാളാണ്. എല്ലാത്തിനെയും തമാശയോടെയാണ് അദ്ദേഹം കാണുന്നത്. അങ്ങനെയുള്ള ആളുകളെ നമ്മള്‍ ചുറ്റും കാണുമ്പോൾ ഇതിനെ ഇങ്ങനെയും സമീപിക്കാം. വിഷമത്തോടെയോ ഭയത്തോടെയോ ഇതിനെ കാണേണ്ടതില്ലെന്ന് നമുക്ക് തോന്നാം. നമുക്ക് മാതൃക കാണിച്ച് കൊടുക്കാന്‍ ഇങ്ങനെയുള്ളവര്‍ നമുക്ക് ചുറ്റിലുമുണ്ട്.’
Post Your Comments