ഓസ്കര് പുരസ്കാരവും സ്വന്തമാക്കി ആര്.ആര്.ആര് ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം. 95-ാമത് ഓസ്കര് വേദിയില്‍ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഗാനം. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. കീരവാണിയും ചന്ദ്രബോസും ഓസ്കര് ഏറ്റുവാങ്ങി. തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം ഇന്ത്യയ്ക്ക് സമർപ്പിച്ച് അമേരിക്കൻ മണ്ണിൽ പുതുചരിത്രം എഴുതിച്ചേർത്തിരിക്കുകയോയാണ് കീരവാണി.
കീരവാണി സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. എ.ആര് റഹ്മാന്റെ നേട്ടത്തിന് ശേഷം ആദ്യമായാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ഇന്ത്യയിലേക്ക് എത്തുന്നത്. കാർപ്പെന്റേഴ്സിനെ കേട്ടാണ് താൻ വളർന്നതെന്നും, ഇപ്പോൾ ഓസ്കാർ വേദിയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ മനസ്സിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, അതുപോലെ രാജമൗലിയുടെയും എന്റെ കുടുംബത്തിന്റെയും ആഗ്രഹം. ആർ.ആർ.ആർ വിജയിക്കണം എന്നതായിരുന്നു. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ് ആ സിനിമ’, കീരവാണി പറഞ്ഞു.
മിറ്റ്സ്കി, ഡേവിഡ് ബൈര്ണ് എന്നിവരുടെ ‘ദിസ് ഈസ് ലൈഫ്’, റിഹാന, ടെംസ് എന്നിവര്‍ ആലപിച്ച ‘ലിഫ്റ്റ് മി അപ്പ്’, ലേഡി ഗാഗയുടെ ‘ഹോള്‍ഡ് മൈ ഹാന്‍ഡ്’, ഡയാന വാരന്റെ ‘അപ്ലോസ്’ എന്നിവയായിരുന്നു നാമനിര്‍ദേശത്തിലുള്ള മറ്റു ഗാനങ്ങള്‍. ഇന്ത്യയ്ക്ക് ഓസ്കറില് ഇത്തവണ ഇരട്ടി തിളക്കമാണ്. ‘ദ എലിഫന്റ് വിസ്പറേഴ്സ്’ ആണ് മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. അതേസമയം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് സിനിമ ഓസ്കര് നാമനിര്‍ദേശം നേടിയത്. ക്രിട്ടിക്സ് അവാർഡ്സിലും നാട്ടു നാട്ടു ഗാനവും ആർആർആറും പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.
Post Your Comments