GeneralKollywoodLatest NewsNEWSWOODs

താനൊരിക്കലും അതിന് വേണ്ടി കള്ളം പറയുന്നില്ല: രാഷ്‌ട്രീയ പ്രവേശനം വേണ്ടെന്ന് വച്ചതിന്റെ കാരണം വെളിപ്പെടുത്തി രജനീകാന്ത്

രാഷ്‌ട്രീയത്തെ താന്‍ ഭയക്കുന്നു എന്നായിരിക്കും ആളുകള്‍ പറയുക

സജീവ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാതിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ രജനീകാന്ത്. ശനിയാഴ്ച ചെന്നൈയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ മാധ്യമങ്ങളെ കാണവെയാണ് രജനികാന്ത് വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാനായി ഒരുങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് സംഭവിച്ചു. ആ ഘട്ടത്തില്‍ തനിക്ക് ഇമ്യൂണോ സപ്രസന്റ് മരുന്നുകള്‍ കഴിക്കേണ്ടി വന്നു. ഡോക്ടറോട് താന്‍ സംസാരിച്ചു. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങണമോ വേണ്ടയോ എന്ന തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഡോക്ടര്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാം തരംഗം തുടങ്ങിയ സാഹര്യത്തില്‍ തനിക്ക് ജനങ്ങളുടെ അടുത്ത് പോയി, ഇടപഴകി പ്രചാരണം നടത്താന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പ് ദിവസമാണെങ്കില്‍ അതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.

read also: പത്തു ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച്‌ നൂറു ലോറിയാക്കി കാണിച്ച്‌ പണം തട്ടണ്ടേ: പരിഹസിച്ച് ശ്രീനിവാസന്‍

തന്നെ ഏറെക്കാലമായി ചികിത്സിക്കുന്ന പേഴ്‌സണല്‍ ഡോക്ടര്‍ എന്നുള്ള നിലയ്‌ക്ക് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണങ്ങള്‍ അദ്ദേഹം തനിക്ക് വിലക്കി. രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചേ തീരൂവെന്നാണെങ്കില്‍ ജനങ്ങളില്‍ നിന്നും പത്തടി ദൂരം അകലം പാലിക്കുകയും സദാസമയം മാസ്‌ക് ധരിക്കുകയും വേണം. ഈ നിബന്ധന അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിക്കോളൂവെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

പ്രചാരണത്തിന്റെ ഭാഗമായി വാഹനത്തില്‍ കയറി നിന്നാലും ജനക്കൂട്ടത്തിന് ഇടയിലെത്തിയാല്‍ അവര്‍ തന്നോട് മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെടും. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ചെയ്യുമെന്ന് താന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഇത് മനസില്‍ കണ്ട് നീങ്ങിയാല്‍ രാഷ്‌ട്രീയത്തെ താന്‍ ഭയക്കുന്നു എന്നായിരിക്കും ആളുകള്‍ പറയുക. അപ്പോള്‍ തന്റെ പ്രശസ്തിക്ക് കോട്ടം വരില്ലേയെന്ന് ചിന്തിച്ചു.

ഇക്കാര്യങ്ങളെല്ലാം ഡോക്ടറോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ വീണ്ടുമുപദേശിച്ചു. മാധ്യമങ്ങളും ആരാധകരും എന്ത് പറയുമെന്നോര്‍ത്ത് വിഷമിക്കേണ്ടെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. കാരണം ആരോഗ്യമെന്നത് തന്റേത് മാത്രമാണ്. താനൊരിക്കലും അതിന് വേണ്ടി കള്ളം പറയുന്നില്ലെന്ന് ഓര്‍ക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതോടെയാണ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന് താന്‍ തുറന്നുപറഞ്ഞത്’- രജനീകാന്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button