ബ്രഹ്മപുര മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ കഴിഞ്ഞെങ്കിലും അതില്‍ നിന്നും ഉയര്‍ന്ന വിഷപ്പുക കൊച്ചി നഗരത്തിൽ നിറഞ്ഞിരിക്കുകയാണെന്നും ഇത് കാരണം കുട്ടികളുമായി കുറച്ചു ദിവസം മാറി താമിസിക്കുന്നതാണ് നല്ലതെന്നും സംവിധായകനും ഛായാഗ്രാഹകനുമായ ഷാംദത്ത് സൈനുദീന്‍. പുക നഗരം മുഴുവന്‍ ബാധിച്ചിരിക്കുകയാണെന്നും കുട്ടികള്‍ക്ക് സ്കൂളുകള്‍ ഒരു മാസത്തേക്ക് അവധി നല്‍കണമെന്നും ഷാംദത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു.
സംവിധായകന്റെ വാക്കുകൾ ഇങ്ങനെ,
‘കൊച്ചിയില്‍ കുറച്ച് ദിവസങ്ങളായി മുഴുവന്‍ പുകയാണ്. നഗരത്തില്‍ പ്ലാസ്റ്റിക് കത്തി എരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുട്ടികളെ സ്കൂളില്‍ വിടുന്നത് സംബന്ധിച്ച് വാട്സാപ്പിലും മറ്റും പലയും ചര്‍ച്ച ചെയ്യുന്നത് കണ്ടു. എങ്ങനെ കുട്ടികളെ സ്കൂളില്‍ വിടാതിരിക്കും, എന്ത് ചെയ്യും എന്നുള്ള സംശയങ്ങള്‍. എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയാനാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നത്.
നമ്മള് എന്തൊക്കെ പഠിപ്പിച്ചാലും ആരോഗ്യമില്ലാത്ത കുട്ടിക്ക് ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വിദ്യാഭ്യാസമുണ്ട് എന്ന് പറയുന്ന ആളുകള്‍ വായുമലിനീകരണം പരിശോധിച്ച് നടപടി എടുക്കും എന്നുപറയുമ്ബോള്‍ കോമണ്‍സെന്‍സ് വച്ച് ആലോചിച്ചാല്‍ നമുക്ക് മനസ്സിലാകും. ഏക്കര്‍ കണക്കിന് സ്ഥലത്ത് പ്ലാസ്റ്റിക് കൂമ്പാരമായി കത്തിക്കൊണ്ടിരിക്കുകയാണ്. അത് പെട്ടെന്ന് ഒരു ദിവസം കൊണ്ട് നില്ക്കുന്നതല്ല.
നമ്മുടെ കണ്മുന്നില് പുക കാണാന്‍ പറ്റിയില്ലെങ്കില്‍ പോലും പ്ലാസ്റ്റിക് കത്തുന്ന പുക കൊണ്ട് നമ്മുടെ നാട് മലിനമായിരിക്കുകയാണ് എന്ന് നമുക്കെല്ലാം അറിയാം. നമുക്ക് വീടിനുള്ളില്‍ വാതിലടച്ച് ഇരിക്കാന്‍ പറ്റുമെങ്കിലും നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും ഫയര്‍ ഫോഴ്സും ആ പുകയ്ക്കകത്ത് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല ആളുകളും തലകറങ്ങി വീഴുന്നു, അസുഖ ബാധിതരാകുന്നുണ്ട്. ഇങ്ങനെയൊരു സമയത്ത് ജില്ലാ കലക്ടര്‍ സ്കൂളിന് ഒരു മാസത്തെ അവധി കൊടുക്കുകയാണ് വേണ്ടത്, കാരണം ഇതുകൊണ്ടു ഭാവിയില്‍ എന്താണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് നമുക്ക് തന്നെ ആലോചിച്ചാല്‍ മനസ്സിലാകും.
പല ഡോക്ടര്‍മാരും ഇതിന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്. സ്കൂള്‍ അധികൃതര്‍ ചേര്‍ന്ന് ഒരുമാസം സ്കൂള്‍ തുറക്കില്ല എന്ന് തീരുമാനിക്കുകയാണ് വേണ്ടത്. അങ്ങനെയുള്ള തീരുമാനവുമായി അവര്‍ വരുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ തീരുമാനം എടുത്തില്ലെങ്കില്‍ മാതാപിതാക്കള്‍ കുട്ടികളെയും വൃദ്ധ ജനങ്ങളെയും കൊണ്ട് കൊച്ചിയില്‍നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടത്.
എന്നാല്‍ എല്ലാവരുടെയും ആശങ്ക കുട്ടികളുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്. കുട്ടികള്‍ ഒരു വര്‍ഷം പഠിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. ആ ഒരു വര്‍ഷം നഷ്ടപ്പെടുന്നതുകൊണ്ടു ചിലപ്പോള്‍ കുട്ടികള്‍ക്ക് 20 വര്‍ഷം കൂടുതല്‍ ജീവിക്കാന്‍ കഴിയും. ഇത്രയും വലിയ മലിനീകരണം കാരണം ഇപ്പോള്‍ത്തന്നെ ചില കുട്ടികള്‍ക്ക് ശ്വാസംമുട്ടലും കണ്ണ് ചൊറിച്ചിലും മറ്റ് ആരോഗ്യ പ്രശനങ്ങളും തുടങ്ങിക്കഴിഞ്ഞു.
ഈ വിദ്യാഭ്യാസത്തിനു യാതൊരു വിലയും ഇല്ലാതെ പോകും. നമ്മുടെ ആരോഗ്യമാണ് പ്രധാനം അത് കണക്കിലെടുത്ത് തീരുമാനം എടുക്കുക. സമയം വെറുതെ കളയാതിരിക്കുക. ഇതിനായി അധ്വാനിക്കുന്ന ആളുകള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനേ നമുക്ക് കഴിയൂ. അവരുടെ ബുദ്ധിമുട്ട് നമ്മള് മനസിലാക്കുക. നമ്മളെങ്കിലും സേഫ് ആയിരിക്കുക. എല്ലാവരും അവരവരുടെ ആരോഗ്യം സംരക്ഷിക്കുക.’
Post Your Comments