കൊച്ചി: മലയാളത്തിൽ ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുള്ള നടനും നിർമ്മാതാവുമാണ് നാസർ ലത്തീഫ്. അദ്ദേഹം ആദ്യമായി നിർമ്മിച്ച ചിത്രമാണ് ‘ആഷിഖ് വന്ന ദിവസം’. ലത്തീഫ് തന്നെയായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പ്രിയ മണി ആയിരുന്നു നായിക. എന്നാൽ, സിനിമയിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവിന്റെ പ്രതിഫലം താങ്ങാൻ കഴിയാതെ വന്നതോടെയാണ് പ്രിയ മണിയെ കാസ്റ്റ് ചെയ്തത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നിർമ്മാതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
‘ഞാൻ സ്വന്തമായി നിർമ്മിച്ച സിനിമയാണ് ആഷിഖ് വന്ന ദിവസം. അതിൽ ഞാനും പ്രിയ മണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്രിഷ് കൈമൾ എന്നൊരാൾ നല്ലൊരു കഥയുമായി വന്നു, അങ്ങനെ ചെയ്തതാണ്. എനിക്ക് ഉടനീളമുള്ള നല്ലൊരു കഥാപാത്രമാണ് തന്നത്. ഞാൻ സിനിമയ്ക്ക് വേണ്ടി പത്ത് പന്ത്രണ്ട് കിലോയൊക്കെ കുറച്ചു. എന്റെ കഥാപാത്രത്തിന്റെ മരുമകളായിട്ടായിരുന്നു പ്രിയാമണി. രണ്ടു മക്കളൊക്കെ ഉള്ള കഥാപാത്രം.
മകൻ അഫഗാനിസ്ഥാനിൽ ജോലിക്ക് പോയി അവിടെ നിന്ന് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയിട്ട് അവനെ തിരികെയെത്തിക്കാൻ അച്ഛൻ നടത്തുന്ന ഓട്ടമായിരുന്നു ചിത്രം. ഞാൻ അതിൽ അഭിനയിച്ചില്ല, ജീവിച്ചു. അതിന്റെ ഗുണമുണ്ടായി. നാല് ഇന്റർനാഷണൽ അവാർഡുകൾ ലഭിച്ചു. നോമിനേഷനുകളിൽ വന്നു. അത് സാമ്പത്തികമായി നേട്ടമായില്ല. എങ്കിലും ഒരു കലാകാരൻ എന്ന നിലയിൽ വലിയ തൃപ്തി നൽകി.
പ്രിയാമണി നല്ലൊരു ആർട്ടിസ്റ്റാണ്. നല്ലൊരു മനുഷ്യനാണ്. എനിക്ക് അവരെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവർ ഇവിടെ വന്നു. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച ആയിരുന്നു ഷൂട്ടിങ്. വളരെ സത്യസന്ധമായി അഭിനയിച്ചു. അതുകൊണ്ട് ഇന്നും നല്ലൊരു ബന്ധം അവരുമായി ഉണ്ട്. നല്ലൊരു വ്യക്തിയാണ്. അവർക്ക് നായകൻ ഒന്നും പ്രശ്‌നമായിരുന്നില്ല. അവരോട് കഥ പറഞ്ഞു. ഇഷ്ടപ്പെട്ടു. ചെയ്യാമെന്ന് പറഞ്ഞു. പ്രിയാമണി വളരെ നല്ലൊരു തുകയ്ക്ക് വന്ന് അഭിനയിച്ചു. അവർ പൊതുവെ വാങ്ങുന്നതിന്റെ ഒരു 25 ശതമാനമേ എന്റടുത്തെന്ന് വാങ്ങിച്ചുള്ളു. അതിൽ സന്തോഷമുണ്ട്. ഇപ്പോഴും ഒരു സൗഹൃദം, സഹോദരി ബന്ധം അത് ഇന്നുമുണ്ട്.
ആദ്യം നായികയായി നമ്മൾ ഉദ്ദേശിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവിനെ ഒന്ന് രണ്ടു തവണ ഞാൻ വിളിച്ചു. ഡയറക്ടർ വിളിച്ചു സംസാരിച്ചു. അവർക്ക് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ തിരക്കായിരുന്നു. അവർ പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാനും പറ്റാത്തത് ആയിരുന്നു. അവർ അതിന് അർഹതപ്പെട്ടവർ തന്നെയാണ്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. അവർ അർഹതപ്പെട്ടത് ചോദിച്ചു. അത് താങ്ങാൻ പറ്റിയില്ല’, അദ്ദേഹം പറഞ്ഞു.
Post Your Comments