അക്കാദമി സെക്രട്ടറി വളരെ മോശമായി പെരുമാറിഎന്നും ശമ്പളം പോലും ലഭിക്കുന്നില്ലെന്നും ആരോപിച്ചു ചലച്ചിത്ര അക്കാദമി ആർട്ടിസ്റ്റിക് ഡയറക്ടർ ദീപികാ സുശീലൻ. ദ ക്യുവിനു നൽകിയ അഭിമുഖത്തിലാണ് ദീപികയുടെ തുറന്നു പറച്ചിൽ.
ദീപികയുടെ വാക്കുകൾ ഇങ്ങനെ,
ഈ വർഷത്തെ ഫെസ്റ്റിവൽ കഴിഞ്ഞ് മൂന്നു നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ ഞാൻ പൂർണ്ണമായും ഫെസ്റ്റിവൽ ചുമതലകളിൽ നിന്ന് വിട്ടിരുന്നു. പക്ഷെ പബ്ലിക്കിൽ ഞാൻ ഒന്നും പറഞ്ഞിരുന്നില്ല. ഇത് കോൺട്രാക്ട് തീർന്ന് അവസാനിപ്പിച്ചു എന്ന രീതിയിൽ തന്നെ പുറത്തേക്കറിഞ്ഞാൽ മതി എന്ന് കരുതിയിട്ടാണ്. ഈ സിസ്റ്റത്തിനകത്ത് സംസാരിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സംസാരിച്ചാൽ ഒരു സ്ത്രീ എന്ന രീതിയിൽ ഒരുപാട് കുത്ത് വാക്കുകൾ വീണ്ടും കേൾക്കേണ്ടി വരും. കുറെ കാലമായി നമ്മൾ ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത തരത്തിലുള്ള വിവേചനമാണ് എനിക്ക് അക്കാദമിയിൽ നിന്ന് അനുഭവിക്കേണ്ടി വന്നത്.
ഞാൻ ഡിസംബർ 19 നാണ് അക്കാദമിയുമായി അവസാനമായി അസ്സോസിയേറ്റ് ചെയ്തത്. അതിനു ശേഷം ഞാൻ അക്കാദമിയിൽ ഇല്ലാതിരുന്നിട്ടും ഒരു തരത്തിലും ആരും എന്നെ ബന്ധപ്പെടുകയോ എന്തായിരുന്നു വിഷയം എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. പലരും ചേർന്നെടുത്ത തീരുമാനത്തിന്റെ പുറത്ത് നടന്ന വിവേചനമാണ് ഇതെന്നാണ് കരുതുന്നത്. ഞാൻ ഒരുപാട് ആസ്വദിക്കുന്ന ഒരു കാര്യമാണ് പ്രോഗ്രാമിങ്. അപ്പോൾ തീർച്ചയായും ഒരു നല്ല ടീമിന്റെ കൂടെ പ്രവർത്തിക്കുക എന്നത് അത്യാവശ്യമാണ്. സാങ്കേതികമായി എന്റെ കോൺട്രാക്ട് ഫെബ്രുവരി 22 ന് അവസാനിച്ചു. ഓഗസ്റ്റ് 22 നാണു ഞാൻ ജോയിൻ ചെയ്യുന്നത്. പക്ഷെ അക്കാദമി അതിനു മുമ്പ് തന്നെ എനിക്ക് ശമ്പളം തരുന്നത് അവസാനിപ്പിച്ചിരുന്നു. ശമ്പളം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ല. എനിക്ക് അറ്റെൻഡൻസ് ഉണ്ടായിരുന്നില്ല. മുഴുവൻ സമയവും പ്രവർത്തിക്കുന്ന രീതിയിലാണ് ഒരു ആർട്ടിസ്റ്റിക് ഡയറക്ടറുടെ ജോലി. അപ്പൊ അറ്റെൻഡൻസ് അടിസ്ഥാനത്തിലാണ് ശമ്പളം നൽകുന്നത് എന്ന് അക്കാദമിക്ക് ഒരിക്കലും പറയാൻ കഴിയില്ല. എന്താണ് തരാത്തത് എന്നതിനെ കുറിച്ച് ഇതുവരെ പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
സിനിമ തെരഞ്ഞെടുക്കുക, ഗെസ്റ്റിനെ ക്ഷണിക്കുക എന്നത് മാത്രമല്ലല്ലോ നമ്മുടെ ജോലി. പുറത്ത് നിന്ന് കാണുന്നവർക്ക് എന്റെ കൂടെ പിന്തുണയിലാണ് ഇതെല്ലാം നടക്കുന്നത് എന്ന ധാരണയല്ലേ ഉണ്ടാകുന്നത്? അങ്ങനെ ഒരു അഭിപ്രായം പറയാൻ ഇടമില്ലാത്തിടത്ത് തുടരുന്നതുകൊണ്ട് കാര്യമില്ല. എന്നെ ഒരുതരത്തിലും വളരാൻ അനുവദിക്കാത്ത തരത്തിൽ ആളുകൾ പെരുമാറിയിട്ടുണ്ട്. ഞാൻ ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ ആകാൻ പോകുന്ന സമയത്ത്, നീ അത് ചെയ്യേണ്ട എന്ന് മുറിയിൽ വിളിപ്പിച്ച് പറയാൻ ആളുകൾ ഉണ്ടായിരുന്നു. നിങ്ങൾ അപ്ലൈ ചെയ്താലും കിട്ടില്ല എന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ നേരത്തെ ഐ.എഫ്.എഫ്.കെ വിട്ട് ഐ.എഫ്.എഫ്.ഐ യിൽ പോകുന്നത്. മുന്നോട്ടുള്ള യാത്ര ഇങ്ങനെയൊക്കെ മതി എന്ന് മറ്റു പലരും തീരുമാനിക്കുന്ന അവസരത്തിലാണ് നമ്മൾ മറ്റൊരു സ്ഥലത്തേക്ക് പോകുന്നത്. അതെല്ലാം കഴിഞ്ഞ് നമ്മൾ തിരിച്ചു വരുന്നു.
എന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ഞാൻ ആർട്ടിസ്റ്റിക് ഡയറക്ടർ സ്ഥാനത്ത് എത്തണമെന്നുള്ളത്. എന്റെ ബുദ്ധിമുട്ടുകൾ കണ്ട ആളാണ് അമ്മ. ഞാൻ ഒരുപാട് വിഷമിച്ചിട്ടാണ് അക്കാദമിയിൽ നിന്ന് രാജിവച്ച് ഡൽഹിക്കു പോയത്. മൂന്നു വർഷങ്ങൾക്കു ശേഷം തിരിച്ചു വന്നപ്പോൾ അമ്മയ്ക്ക് ക്യാൻസർ ബാധിച്ചിരുന്നു. അമ്മയുടെ അവസാനത്തെ ആഗ്രഹമായിരുന്നു എന്നെ ഈ സ്ഥാനത്ത് കാണുക എന്നുള്ളത്. അതുകൊണ്ടു കൂടിയാണ് ഞാൻ തിരിച്ചു വന്നത്. അമ്പതാമത് ഐ.എഫ്.എഫ്.ഐ ചെയ്തത് ഞാനായിരുന്നു. എന്നിട്ടും മുന്നിൽ പോയി നിന്ന് ഞാൻ ഇവിടെ ഉണ്ടെന്നും എന്നെ പരിഗണിക്കണമെന്നും പറയേണ്ടി വരുന്ന അവസ്ഥ കഷ്ടമാണ്.
കടപ്പാട് : ദ ക്യു
Post Your Comments