ചില ചലച്ചിത്രതാരങ്ങൾ സിനിമയ്ക്കും ഉദ്ഘാടന പരിപാടികൾക്കും മറ്റും വാങ്ങുന്ന പ്രതിഫലത്തിന് കൃത്യമായി ജിഎസ്ടി അടയ്ക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ. സിനിമാ താരങ്ങൾ പ്രതിഫലത്തിന്റെ 18 ശതമാനമാണ് സേവന നികുതിയായി അടയ്ക്കേണ്ടത്. എന്നാൽ, സിനിമയിൽ നിന്നുള്ള വരുമാനത്തിന് അനുസരിച്ചു ജിഎസ്ടി അടയ്ക്കുന്നത് വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രമാണ് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
നിർമ്മാതാക്കളിൽ നിന്നു സേവന നികുതി അടക്കം പ്രതിഫലം വാങ്ങുന്ന ചിലർ പോലും നികുതി സർക്കാരിനു കൈമാറുന്നില്ലെന്നാണ് വകുപ്പിന്റെ തന്നെ കണ്ടെത്തൽ. ചിലർ ജിഎസ്ടി റജിസ്ട്രേഷൻ പോലും എടുത്തിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ നികുതി വെട്ടിച്ച താരങ്ങളിൽ നിന്നു കുടിശികയും പിഴയും വാങ്ങാതെ ഈ വർഷത്തെ നികുതി മാത്രം ഈടാക്കി ചില ഉദ്യോഗസ്ഥർ ക്രമക്കേടു കാട്ടിയെന്നും വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ചില താരങ്ങളുടെ നികുതി വെട്ടിപ്പിനു കൂട്ടായി ഉദ്യോഗസ്ഥർക്കിടയിലെ വൻകിട ലോബി തന്നെയുണ്ട്. ഉദ്യോഗസ്ഥ സംഘടനകളുടെ പരിപാടികളിൽ പങ്കെടുത്തും സംഘടനകൾക്കായി പിരിവെടുത്തു നൽകിയുമാണ് താരങ്ങളുടെ പ്രത്യുപകാരം. ഈയിടെ ഒരു സംഘടനയ്ക്കായി ഒരു കോടിയോളം രൂപ താരങ്ങൾ പിരിച്ചു നൽകിയത് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാഷ്ട്രീയ സമ്മർദം കാരണം തുടർ നടപടി ഉണ്ടായില്ല.
സിനിമാ നിർമ്മാണക്കമ്പനികളിൽ നിന്നുള്ള കണക്കെടുത്തപ്പോഴും താരങ്ങൾ വാങ്ങിയ പ്രതിഫലമനുസരിച്ച് ജിഎസ്ടി അടച്ചിട്ടില്ലെന്നു വെളിപ്പെട്ടു. റജിസ്ട്രേഷനുള്ള പലരും കൃത്യമായി റിട്ടേൺ സമർപ്പിക്കുന്നുമില്ല. ഒരു യുവതാരം നിയമവിരുദ്ധമായി 3 വട്ടം ജിഎസ്ടി റജിസ്ട്രേഷൻ എടുത്തിട്ടും വകുപ്പിലെ ഉദ്യോഗസ്ഥർ അറിഞ്ഞില്ല. 5 വർഷമായി സജീവമായി സിനിമയിലുള്ള നടി കഴിഞ്ഞ വർഷം മുതലാണ് നികുതി അടച്ചു തുടങ്ങിയത്. ഒരു പ്രമുഖ നടൻ കഴിഞ്ഞ 5 വർഷത്തിനിടെ 26 സിനിമകളിൽ അഭിനയിക്കുകയും ഏതാനും സിനിമകൾ നിർമ്മിക്കുകയും ചെയ്തെങ്കിലും വളരെ കുറച്ചു തുക മാത്രമാണ് ജിഎസ്ടി അടച്ചതെന്നും അന്വേഷണത്തിൽ വെളിപ്പെട്ടു. 2018നു ശേഷം 13 ആഡംബര കാറുകൾ ആണ് ഈ നടൻ സ്വന്തമാക്കിയത്.
Post Your Comments