തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മയില്‍സാമി എന്നും, സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ഹൃദയാഘാതത്തെ തുടർന്ന് നടന്‍ മയില്‍സാമിയുടെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാമേഖലയ്ക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. മയില്‍സാമിയുടെ വീട്ടില്‍ എത്തിയാണ് രജനീകാന്ത് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. മയില്‍സാമിയുമായുള്ള സൗഹൃദത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
മയില്‍സാമിക്ക് ആദരാജ്ഞലി അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്.
താരത്തിന്റെ വാക്കുകൾ :
‘മയില്‍സാമിക്ക് 23- 24 വയസുള്ളപ്പോള്‍ മുതല്‍ എനിക്കറിയാം. മിമിക്രി ആര്‍ട്ടിസ്റ്റില്‍ നിന്ന് അഭിനേതാവായി വളര്‍ന്നു വന്നവനാണ്. എംജിആറിന്റെ കുടുത്ത ആരാധകനും കടുത്ത ശിവ ഭക്തനുമായിരുന്നു. ഞങ്ങള്‍ ഇടയ്ക്ക് കാണാറുണ്ട്. ഞാന്‍ സിനിമയെക്കുറിച്ചു ചോദിക്കും. പക്ഷേ അവന്‍ പറയുക എം ജി ആറിനേയും ശിവ ഭഗവാനേയും കുറിച്ചാണ്. എല്ലാ വര്‍ഷവും കാര്‍ത്തിക ദീപത്തിന് തിരുവണ്ണാമലൈയില്‍ പോകും. ആ ജനക്കൂട്ടത്തെ കാണുന്നത് അവന് സന്തോഷമാണ്. തന്റെ സിനിമയുടെ ആദ്യ ഷോയ്ക്കു വരുന്നവരെ കാണുന്നതു പോലെയാണത്. അത്രയ്ക്കായിരുന്നു ആരാധന. കാര്‍ത്തിക ദീപത്തിന് എന്നെ വിളിച്ച് ആശംസകള്‍ അറിയിക്കാറുണ്ട്. കഴിഞ്ഞ തവണ അവന്‍ വിളിച്ചപ്പോള്‍ എനിക്ക് എടുക്കാനായില്ല. ഞാന്‍ ജോലിയില്‍ ആയിരുന്നു. മൂന്നു തവണ വിളിച്ചു. പിന്നെ ഞാന്‍ വിചാരിച്ചു, അടുത്ത തവണ വിളിക്കുമ്പോൾ ക്ഷമ പറയണമെന്ന്. പക്ഷേ ഞാന്‍ മറന്നുപോയി. ഇപ്പോള്‍ അവന്‍ ഇല്ല’.
തന്റെ അന്ത്യകര്‍മങ്ങള്‍ക്കായി രജനീകാന്ത് അമ്പലത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മയില്‍സാമി നേരത്തെ പറഞ്ഞിരുന്നു. അതിനെക്കുറിച്ച് അറിയാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഞാന്‍ അതു കേട്ടിരുന്നു. ഞാന്‍ ശിവമണിയുമായി സംസാരിച്ച് മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കും’ എന്നായിരുന്നു രജനീകാന്തിന്റെ മറുപടി
Post Your Comments