തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ബാലകൃഷ്ണയുടെ അനന്തരവന് നടന് നന്ദമുരി താരകരത്ന ( 40 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 23 ദിവസമായി ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു. എന്‍ടിആറിന്റെ ചെറുമകനാണ് ഇദ്ദേഹം.
ചിറ്റൂര്‍ ജില്ലയിലെ കുപ്പം എന്ന സ്ഥലത്ത് വച്ച് ടിഡിപി നേതാവ് നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നന്ദമുരി താരകരത്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യാത്ര ആരംഭിച്ച ശേഷം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയിലും നടന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. പള്ളിയില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
2002-ല്‍ ഒകടോ നമ്പർ കുര്‍റാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഇതില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് ‘മനമന്ത’. ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത 9 അവേഴ്സ് എന്ന വെബ് സീരീസിലും ഇദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments