കുക്കിംഗ് ചെയ്യുന്ന സ്ത്രീകള്‍ നല്ല വീട്ടമ്മ ആയിരിക്കുമെന്നു പറഞ്ഞ നടി ആനിയ്ക്ക് നവ്യ നല്‍കിയ മറുപടിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ ആനീസ് കിച്ചണില്‍ അതിഥി ആയി എത്തിയപ്പോഴുള്ള ഒരു രംഗമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സ്ത്രീ പുരുഷ സമത്വം പാചകത്തില്‍ വേണമെന്ന് നവ്യ ഷോയില്‍ പറഞ്ഞു. ‘സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും കുക്കിങ്ങ് പഠിക്കണമെന്ന്. അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്. ഇപ്പോള്‍ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ.. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേര്‍തിരിവ് ഒന്നും അതിന് പാടില്ല’ എന്നാണ് നവ്യ പറഞ്ഞത്. അതുപോലെ എല്ലാ ദിവസവും ഒട്ടെറെ കറികള്‍ വയ്ക്കുന്നതിനെയും നവ്യ വിമര്‍ശിച്ചു.
അതിനു മറുപടിയായി കുക്കിങ്ങ് ഇഷ്ടമല്ലാഞ്ഞിട്ടാണ് നവ്യ അത് പറയുന്നത് എന്നും കുക്കിങ്ങ് ഇഷ്ടമുള്ള നല്ല വീട്ടമ്മയാണെങ്കില്‍ പ്രശ്‌നമില്ലെന്നും ആനി പറഞ്ഞു. ഇതിനു നവ്യ നല്‍കിയത മറുപടിയാണ് കൈയടി നേടിയത്. ‘കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? അങ്ങനെയൊന്നുമില്ല’- നവ്യ പറഞ്ഞു. ഈ മറുപടിക്ക് തിരിച്ചൊന്നും പറയാൻ കഴിയാതെ പരുങ്ങുകയാണ് ആനി.
Post Your Comments