ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ‘സന്യാസിമാര്‍ ആന്തരികാവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വയ്ക്കും’ എന്ന നവ്യ നായരുടെ പരാമര്‍ശം ട്രോളുകള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ നവ്യ പറഞ്ഞത് ശരിയാണെന്നും അതിന്റെ ആധികാരികതയെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് വെള്ളാശേരി ജോസഫ് എന്ന വ്യക്തി. യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന ക്ഷാളനക്രിയയെ കുറിച്ചാണ് നവ്യ സംസാരിച്ചത് എന്ന് പറഞ്ഞു കൊണ്ടാണ് ഇയാളുടെ കുറിപ്പ്.
കുറിപ്പ്:
‘ഭാരതത്തിലെ സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു” എന്ന് നടി നവ്യാ നായര്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ ചിലരൊക്കെ പോസ്റ്റ് ചെയ്യുന്നൂ; എന്നിട്ട് ആ പ്രസ്താവനയെ അവര്‍ ട്രോളുന്നൂ. ‘ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക’ എന്നതിലൂടെ നവ്യാ നായര്‍ ഉദ്ദേശിച്ചത് മിക്കവാറും യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കും. യോഗയിലെ ഈ ‘വസ്ത്ര ധൗതി’-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ആറു മീറ്ററോളം വരുന്ന ഒരുതരം വെള്ള റിബണ്‍ ആണ് ‘വസ്ത്ര ധൗതി’ – ക്ക് വേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്.
ചെറു ചൂടുള്ള ഉപ്പു വെള്ളത്തിന്റ്റെ കൂടെ ഒരറ്റം കയ്യില്‍ പിടിച്ചുകൊണ്ട് ആ റിബണ്‍ വിഴുങ്ങാറാണ് പതിവ്. പിന്നീട് ‘വസ്ത്ര ധൗതി’-യില്‍ അത് പതുക്കെ പതുക്കെ പുറത്തേക്ക് വലിച്ചെടുക്കും. ഗ്യാസ് ട്രബിളിനും അസിഡിറ്റിയില്‍ നിന്നും രക്ഷ നേടാനായാണ് ഈ ശുദ്ധീകരണ ക്രിയ ചെയ്യുന്നത്. ‘വമന ധൗതി’ എന്നുള്ള ശര്‍ദ്ദിപ്പിക്കല്‍ പരിപാടിയെക്കാള്‍ കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയുള്ള ഒരു ക്രിയ മാത്രമാണിത്. ശരീരത്തിന് അകത്തുള്ള ഒരു അവയവും വലിച്ച് പുറത്തേക്കെടുക്കുന്നില്ല. ആയുര്‍വേദത്തിലും പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായി ‘വമനം’ ഉണ്ട്. യോഗയില്‍ അത് കുറച്ചുകൂടി വ്യക്തി ‘എഫര്‍ട്ട്’ എടുത്ത് ചെയ്യണമെന്നേയുള്ളൂ.
സത്യം പറഞ്ഞാല്‍, പൊലിപ്പിച്ച് പൊലിപ്പിച്ച് യോഗയെ കുറിച്ചും, ക്ഷാളന ക്രിയകളെ കുറിച്ചും കണ്ടമാനം തെറ്റിദ്ധാരണകള്‍ ആണ് സാധാരണ ജനത്തിനുള്ളത്. സാധാരണ ജനത്തിന് മാത്രമല്ലാ; വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും കണ്ടമാനം തെറ്റിധാരണകളുണ്ട്. യമ, നിയമ, ആസന, പ്രാണായാമം, പ്രത്യഹര, ധ്യാന, ധാരണ, സമാധി – ഇവയാണ് അഷ്ടാംഗ യോഗത്തിലെ എട്ടു രീതികള്‍. ഇതിലൊന്നും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റ്റെ കീഴില്‍ പോയി ഇതൊക്കെ അഭ്യസിച്ചാല്‍ മാത്രം മതി. മുന്‍ഗറിലെ ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’ പോലെ ഇതൊക്കെ നന്നായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇനി ക്ഷാളന ക്രിയകളെ കുറിച്ച് പറഞ്ഞാല്‍, ജലനേതി, സൂത്രനേതി, വമന ധൗതി, വസ്ത്ര ധൗതി, പ്രക്ഷാളന്‍ – എന്നിങ്ങനെയുള്ള ആറു ക്ഷാളന ക്രിയകളുണ്ട് യോഗയില്‍.
ഇവിടേയും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റ്റെ കീഴില്‍ പോയി ഇതൊക്കെ അഭ്യസിച്ചാല്‍ മാത്രം മതി. ‘വസ്ത്ര ധൗതി’ പോലുള്ള അഡ്വാന്‍സ്ഡ് ആയുള്ള ക്രിയകള്‍ ഒരു ഗുരുവിന്റ്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചെയ്യാവൂ. യോഗയുടെ ഗുണങ്ങള്‍ 99 ശതമാനം ‘പ്രാക്റ്റിസിലൂടെ’ അല്ലെങ്കില്‍ പരിശീലനത്തിലൂടെ മാത്രമാണ് ലഭിക്കുന്നത്. അപ്പോള്‍, യാതൊരു രീതിയിലും ഉള്ള യോഗാ പരിശീലനവും ഇല്ലാത്തവര്‍ എങ്ങനെയാണ് ആധികാരികമായി യോഗയെ കുറിച്ച് അഭിപ്രായം പറയുന്നത്? ചിലര്‍ യോഗയെ തീര്‍ത്തും പരിഹസിച്ചു കൊണ്ട് തുടരെ തുടരെ പോസ്റ്റുകള്‍ ഇടുന്നു. ഇങ്ങനെ പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് യോഗയോട് ‘പോസിറ്റിവ് മനസ്ഥിതി’ ഇല്ല. എല്ലാത്തിനേയും കളിയാക്കുക, പുച്ഛിക്കുക – എന്ന മലയാളികളുടെ സ്ഥിരം സ്വഭാവം മാത്രമാണ് ചിലര്‍ ഇത്തരം പ്രവൃത്തികളിലൂടെ പുറത്തെടുക്കുന്നത്.
Post Your Comments