കഥാകൃത്തും, എഴുത്തുകാരിയുമായ ലിനു മറിയം ഏബ്രഹാമിൻ്റെ ‘ ഇമ്മിണി ചെറിയ 100 ഒന്ന്’ എന്ന പുസ്തകം ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സി’ ൽ ഇടം നേടി. ഫെഡറൽ ബാങ്ക് മുളകുഴ ശാഖയിൽ മാനേജരായി ജോലി ചെയ്യുന്ന ലിനു മറിയം ഏബ്രഹാമിൻ്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘ഇമ്മിണി ചെറിയ 100 ഒന്ന്’. ഒറ്റ വാക്യത്തിൽ ഒതുങ്ങുന്ന നൂറ് ചെറിയ കഥകളുടെ സമാഹാരമാണിത്. ഈ ഒരു പ്രത്യേകത കൊണ്ടാണ് ഇമ്മിണി ചെറിയ 100 ഒന്ന്, ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയത്.
കവിത പോലെ സുന്ദരമായ നൂറ് കഥകളും വായനക്കാരെ ആകർഷിക്കും. സ്ക്കൂൾ പഠനകാലത്ത് എഴുതിയ കവിതകളുടെ സമാഹാരമായ മഴവില്ല് എന്ന പുസ്തകം 2007-ൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ‘കാപ്സ്യൂൾ-22’ എന്ന കുറുങ്കഥകളുടെ സമാഹാരവും 2020-ൽ പ്രസിദ്ധീകരിച്ചിരുന്നു.
ആലപ്പുഴ വെണ്മണിയിൽ, ഏബ്രഹാം കോശി, ജിജി ഏബ്രഹാം ദമ്പതികളുടെ മകളായ ലിനു മറിയം ഏബ്രഹാം, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടി. ഇപ്പോൾ പുതിയ പുസ്തകത്തിൻ്റെ രചനയിലാണ് ലിനു മറിയം ഏബ്രഹാം.
അയ്മനം സാജൻ
Post Your Comments