വാഹനാപകടത്തിൽ പെട്ട് നീണ്ട പന്ത്രണ്ട് വർഷമായി സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ജഗതി എങ്കിലും ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ഇപ്പോഴും. കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തതെങ്കിലും സീരിയസ് വേഷങ്ങളിലും നടൻ ഒരുപോലെ മികവ് പുലർത്തി. ഇപ്പോഴിതാ ജഗതിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മകൾ പാർവതി സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ. അച്ഛന്റെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് അഭിനയത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചും പാർവതി ശ്രീകുമാർ സംസാരിച്ചു.
പാർവതിയുടെ വാക്കുകൾ :
‘സിനിമ തന്നെ പപ്പയെ തിരിച്ചു കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പപ്പ ഏതോയൊരു ഇന്റർവ്യൂയിൽ പറയുന്നുണ്ടായിരുന്നു, എനിക്ക് ജീവിതാവസാനം വരെ ഛായമണിഞ്ഞ് ക്യാമറയുടെ മുന്നിൽ നിൽക്കാനുള്ള ഭാഗ്യം ഈശ്വരൻ തരണമെന്ന്. നിഷ്കളങ്കനായ കലാകാരനാണ് അദ്ദേഹം. വർക്കിനെ ഏറ്റവും ആത്മാർത്ഥമായി കാണുന്നയാളാണ്. എന്റെ ആദ്യത്തെ ഭാര്യ സിനിമയാണ് എന്നായിരുന്നു അദ്ദേഹത്തിന്. കലയായിരുന്നു എല്ലാം. ബാക്കിയൊന്നിനും ജീവിതത്തിലാർക്കും അദ്ദേഹം പ്രാധാന്യം കൊടുത്തിട്ടില്ല.
മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ബോൾഡായ മനുഷ്യനാണ്. ആ വിൽപവറാണ് ഇന്നും നിലനിർത്തുന്നത്. തിരിച്ചു വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഞങ്ങൾക്ക് ഒരു ശതമാനം പോലും ഇനി തിരിച്ച് വരില്ല എന്ന് തോന്നിയിട്ടില്ല. ഞാനും അമ്മയും സഹോദരനും ഒരിക്കൽ പോലും പോലും അങ്ങനെ സംസാരിച്ചിട്ടില്ല. അദ്ദേഹം തിരിച്ചു വരും.ഇത്ര പോലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം കിടപ്പിലായിരുന്നു വെല്ലൂരിൽ നിന്ന് പോവുമ്പോൾ പൂർണമായും കിടക്കുന്ന മനുഷ്യനായിരുന്നു. ഇപ്പോൾ വീൽ ചെയറിലിരുന്ന് നമ്മൾ പറയുന്നതിന് പ്രതികരിക്കുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യമാണ്. ഇനിയും മാറ്റങ്ങൾ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. വാട്സ്ആപ്പിൽ ഒരാളുടെ നിസാര ഇമോഷന് പോലും ഇടുന്നത് പപ്പയുടെ ഇമോജീസാണ്. എന്ത് മാത്രം മനുഷ്യർ അദ്ദേഹത്തെ മിസ് ചെയ്യുന്നു.
ഇപ്പോഴത്തെ ഏത് അഭിനേതാവാണെങ്കിലും കുറച്ച് നാൾ അവരുടെ അഭിനയം കാണുമ്പോൾ ഒരേപോലെ അവർ അഭിനയിക്കുന്നത് പോലെ തോന്നാറുണ്ട്. എന്റെ അച്ഛനായത് കൊണ്ട് പറയുന്നതല്ല. പപ്പയുടെ ഓരോ സിനിമയിലെ ഓരോ കഥാപാത്രം എടുത്ത് നോക്കിയാലും അതിന്റേതായ വ്യത്യസ്തതയുണ്ട്. അത് കൊണ്ടായിരിക്കും ജഗതി ശ്രീകുമാർ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നത്. ഇത് പോലൊരു ലെജന്റ് ഇനി മലയാള സിനിമയിലുണ്ടാവുമോ എന്നറിയില്ല. മകളായത് കൊണ്ട് ഞാൻ പുകഴ്ത്തി പറയുന്നതല്ല.’
Post Your Comments