GeneralLatest NewsNEWS

മലയാളത്തിന്റെ കാവ്യസൂര്യനായ ഒഎന്‍വിയുടെ വേര്‍പാടിന് ഏഴു വര്‍ഷം: ജോര്‍ജ് ഓണക്കൂറിന്റെ കുറിപ്പ്

ഭൂമിയാകുന്ന വാടകവീട് ഒഴിയുമ്പോള്‍ ബാക്കിയാകുക തന്റെ കവിതകള്‍ തന്നെയാകും എന്ന വാക്കുകള്‍ സത്യമാക്കി, ആറു പതിറ്റാണ്ടോളം മലയാള സാഹിത്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് വിടപറഞ്ഞിട്ട് ഇന്നു ഏഴു വര്‍ഷം തികയുന്നു. തന്റെ 84 ആം വയസില്‍ 2016 ഫെബ്രുവരി 13നാണ് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. കാലം കടന്നും ഒഎന്‍വി കവിതകളും ഗാനങ്ങളും ഇന്നും ആസ്വാദക മനം കീഴടക്കിക്കൊണ്ടിരിക്കുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായ ജോര്‍ജ് ഓണക്കൂര്‍ ഒഎന്‍വിയുടെ കവിതകളും ഗാനങ്ങളും വ്യക്തിപരമായ അനുഭവങ്ങളും ഒക്കെ പങ്കുവെച്ചുള്ള ഓർമ്മകൾ കുറിക്കുകയാണ് ഇന്ത്യാടുഡേയില്‍.

‘ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന കവിയാണ്‌ ഒഎന്‍വി കുറുപ്പ്. സ്കൂള്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് തന്നെ ഒഎന്‍വിയുടെ ‘ദാഹിക്കുന്ന പാനപാത്രം’ കയ്യിലെത്തി. മുന്‍പെങ്ങുമില്ലാത്ത ഉത്സാഹ പ്രഹര്‍ഷത്തോടെ വായിച്ചു തീര്‍ത്ത കവിതകള്‍. 21 വയസിനുള്ളില്‍ ഒരു പുരുഷായുസ്സിന്റെ സൃഷ്ടികള്‍ മുഴുവന്‍ വെളിപ്പെടുത്തുന്ന വിധത്തില്‍ ഒഎന്‍വി കാവ്യരചന നടത്തി എന്ന് മുണ്ടശ്ശേരി മാസ്റ്റര്‍ അവതാരികയില്‍ വ്യക്തമാക്കുന്നുണ്ട്. പിന്നീട് തുടര്‍ന്ന് പോന്ന വായനാവഴികളില്‍ ഒക്കെയും ആകര്‍ഷണം ഒഎന്‍വി ആയിരുന്നു. ഒരു കാലഘട്ടത്തെ അരുണാഭമാക്കിയ മൂന്നു കവികളെക്കുറിച്ച് കാവ്യചരിത്രം രേഖപ്പെടുത്തുന്നുണ്ട്. വയലാറും പി.ഭാസ്ക്കരനും ഒഎന്‍വികുറുപ്പും. സമാനമായ വ്യക്തിത്വങ്ങള്‍. മൂവരും ഗാനരചയിതാക്കള്‍, കവികള്‍, ഒരു കാലഘട്ടത്തിന്റെ ചുവന്ന സ്വപ്നങ്ങളുമായി ഒത്തുനിന്ന പ്രതിഭാശാലികള്‍. മലയാള കവിതയിലെ അരുണോദയം എന്നാണ് ഈ കവികളെ വിശേഷിപ്പിക്കാറുള്ളത്.

വയലാര്‍ വിപ്ലവം കേരളത്തിന്റെ പുരോഗമനപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകിയ ചുവന്ന മണ്ണിന്റെ വിപ്ലവ സ്മരണകളാണ് ഉള്‍ക്കൊള്ളുന്നത്. വയലാറിന്റെ മണ്ണില്‍ പിടഞ്ഞു മരിച്ച രക്തസാക്ഷികളുടെ ഓര്‍മ്മ ആ കാലഘട്ടത്തിലെ വിപ്ലവ കവികളെ യുവാക്കളെ, എഴുത്തുകാരെ മുഴുവന്‍ ആവേശം കൊള്ളിച്ചു. കേരളത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളില്‍ ചെലുത്തിയ ആവേശസുന്ദരമായ അനുഭവങ്ങള്‍ക്കും കാരണമായിത്തീരുന്നത് വയലാര്‍ വിപ്ലവമാണ്. ഒഎന്‍വിയുടെ കാവ്യപഥത്തില്‍ ചുവന്ന നക്ഷത്രങ്ങള്‍ വിതറിയ വെളിച്ചം എന്നും നിലനിന്നിട്ടുണ്ട്. ഒരു രാഷ്ട്രീയ തത്വ ശാസ്ത്രത്തിന്റെ പ്രചാരകന്‍ എന്ന നിലയ്ക്കല്ല മറിച്ച് ഒരു വിപ്ലവദര്‍ശനത്തെ കവിതയുടെ സര്‍ഗാത്മക വഴികളില്‍ പ്രകാശം ചൊരിഞ്ഞു പരിവര്‍ത്തനം ചെയ്ത പ്രതിഭാശാലി എന്ന നിലയ്ക്കാണ് ഒഎന്‍വി ആദരിക്കപ്പെടുന്നത്. കാവ്യസാഹിത്യത്തില്‍ അനുപമമായ സംഭാവനകള്‍ ചെയ്ത പ്രതിഭാധനനായി ഒഎന്‍വി എന്ന കവി എന്നും ഓര്‍മ്മിക്കപ്പെടും.

ഓരോ കാലത്തും പ്രത്യക്ഷപ്പെട്ട യുവത്വത്തിന്റെ ചൈതന്യവത്തായ മാനുഷിക സമീപനങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ന്ന കവിയാണ്‌ ഒഎന്‍വി. കയറു പിരിക്കുന്നവനും റാട്ട് കറക്കുന്നവനും അവന്റെ വേദനകളും ഒക്കെ ഒഎന്‍വി കാവ്യവിഷയമാക്കിയിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെടുന്ന തൊഴിലാളിയുടെയും കര്‍ഷകരുടെയും പെണ്‍ജന്മങ്ങളുടെയും ഒക്കെയൊപ്പം ഈ കവി എന്നും നിലകൊണ്ടു. വേദനിക്കുകയും അപമാനിതരാകുകയും ചെയ്യുന്ന സ്ത്രീകള്‍ സ്വന്തം സഹോദരിമാരാണെന്ന് വെളിപ്പെടുത്തുന്ന പെങ്ങള്‍ പോലുള്ള കവിതകള്‍ ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നതാണ്. ഭൂമിയും അതിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുന്ന സ്വാര്‍ത്ഥലോലുപമായ വര്‍ത്തമാനകാലത്തിന്റെ കുത്സിത നടപടികള്‍ വെളിപ്പെടുത്തുന്ന അനേകം കവിതകള്‍ ഒഎന്‍വി എഴുതിയിട്ടുണ്ട്. ഭൂമിയുടെ ചരമഗീതം പോലുള്ള കവിതകളില്‍ മനുഷ്യന്‍ ഭൂമിയുടെ അന്തകനാകുന്നത് എങ്ങനെ എന്നും അതുവഴി മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കുന്നത് ഏതുവിധം എന്നും വെളിപ്പെടുത്തുന്നു.

ഇനിയും മരിക്കാത്ത ഭൂമി നിന്‍ ആസന്നമൃതിയില്‍ നിനക്ക് ആത്മശാന്തി എന്ന് നേരുന്ന, വിലപിക്കുന്ന കവി ഭൂമിയെയും മനുഷ്യരേയും ആഴത്തില്‍ സ്നേഹിക്കുന്നുണ്ട്. എല്ലാവര്‍ക്കും വെളിച്ചം നല്‍കുന്ന സൂര്യനും ഇരുട്ടിനെ കീറിമുറിക്കുന്ന നക്ഷത്രങ്ങളും കുളിര്‍ക്കാറ്റും ഒക്കെ ആരുടേയും സ്വകാര്യസ്വത്തല്ല, എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. ഈ സാര്‍വദേശീയ ഭാവവും സ്ത്രീ സമത്വ ചിന്തകളും ഒഎന്‍വി കവിതകളില്‍ ഉടനീളം കാണാം. മനുഷ്യന്റെ സങ്കുചിത താത്പര്യങ്ങളെ വ്യക്തമായ ജീവിതദര്‍ശനത്തോടെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്യുന്നതില്‍ ഈ കവി എപ്പോഴും മുന്നിലാണ്. മനുഷ്യന്‍ എവിടെയായാലും ഒന്നാണ് എന്നും കാഴ്ചയില്‍ നിറഭേദങ്ങളുണ്ട് എങ്കിലും അവരുടെ സിരകളില്‍ ഓടുന്ന രക്തത്തിനു ഒരേ നിറമാണ് എന്ന് കവി എഴുതുന്നു.

‘കടലേഴുണ്ടെന്നു ആരേ പറഞ്ഞു വെറും നുണ
കടലൊന്നല്ലേയുള്ളൂ കേവലം ഒരു കടല്‍ ‘- എന്ന് ഒഎന്‍വി എഴുതിയിട്ടുണ്ട്. ഏഴു പേരിട്ടു വിളിച്ചാലും കടല്‍ ഒന്നേയുള്ളൂ. ഏഴു സ്വരങ്ങള്‍ ചേര്‍ന്നിണങ്ങുമ്പോഴും സംഗീതം ഒന്നുമാത്രം. ഇത് ഉത്തമ കാവ്യഭാവനയില്‍ വിടരുന്ന സ്വപ്നങ്ങളുടെ സുഗന്ധമാണ് പ്രസരിപ്പിക്കുന്നത്.

ഒഎന്‍വിയെത്തേടി പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ പുരസ്ക്കാരങ്ങള്‍ എത്തിയത് സ്വാഭാവികം. രാഷ്ട്രത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ഒഎന്‍വി സ്വന്തമാക്കി. സാഹിത്യത്തിനു ലഭിക്കാവുന്ന പരമോന്നത പുരസ്ക്കാരം അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ ധന്യമാക്കി. ജ്ഞാനപീഠപുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഒഎന്‍വി ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘ഒടുവില്‍ ഭൂമിയിലെ വാടകവീട് ഒഴിഞ്ഞുപോകുമ്പോള്‍ ബാക്കിയാകുന്നത് എന്റെ കവിതയാണ്’- ഇങ്ങനെ കവിതയ്ക്ക് വേണ്ടി സമര്‍പ്പിതമായിരുന്നു ഒഎന്‍വിയുടെ സര്‍ഗാത്മക ജീവിതം.

മഹാനായ കവി എന്നതിനൊപ്പം മലയാള സിനിമയുടെ ഗാനശാഖയെ സമ്പന്നമാക്കുന്നതിലും ഒഎന്‍വിയുടെ സംഭാവനകള്‍ മികച്ചതാണ്. എത്രയോ ചിത്രങ്ങള്‍. ഓരോന്നും എടുത്ത് പറയുന്നില്ല. വ്യക്തിപരമായ ചില സന്തോഷങ്ങള്‍ അഭിമാനപൂര്‍വം അടയാളപ്പെടുത്തുന്നു. എന്റെ ‘ഉള്‍ക്കടല്‍, എന്റെ നീലാകാശം, ലയം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഒഎന്‍വിയുടെ ഗാനങ്ങള്‍ അണച്ച ധന്യത അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കുന്നു. ‘എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടി’യും, ‘ശരദിന്ദുമലരും’, കൃഷ്ണതുളസിക്കതിരും’, ‘നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസ’വും ഒക്കെയടങ്ങുന്ന ആ ഗാനചാരുത എന്റെ സിനിമകള്‍ക്ക് ചാരുത അണയ്ക്കാന്‍ ശബ്ദമായിട്ടുണ്ട്.

ഇങ്ങനെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന എത്രയെത്ര സര്‍ഗാത്മക അനുഭവങ്ങള്‍. സാഹിത്യ അക്കാദമിയിലും സര്‍വ്വകലാശാലയുടെ പാഠൃപുസ്തകസമിതികളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായ കാലം ഞാന്‍ ഓര്‍മ്മിക്കുന്നു. ഒട്ടേറെ യാത്രകള്‍ ഒരുമിച്ച് നടത്താനും സംഗതിയായിട്ടുണ്ട്. അനര്‍ഗളം ഒഴുകുന്ന ആ വാക്പ്രവാഹം, അതില്‍ വിടരുന്ന വാങ്മയങ്ങള്‍ ഒക്കെ ഇപ്പോഴും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. പ്രഭാഷണ വേദികളെ സുന്ദരമായ വാഗ് വൈഭവംകൊണ്ട് പ്രകാശപൂര്‍ണ്ണമാക്കുന്നതില്‍ ഒഎന്‍വിയെ വെല്ലാന്‍ കഴിഞ്ഞ അധികം പ്രതിഭാശാലികളില്ല. മലയാള കാവ്യസാഹിത്യത്തിനും ഗാനശാഖയ്ക്കും ഒഎന്‍വി സൃഷ്ടിച്ച പ്രതിഭയുടെ പ്രകാശം അനുഗ്രഹീതം. വ്യക്തിപരമായി ഗുരുസമാനമായ അനുഗ്രഹമാണ് എന്റെ മേല്‍ അദ്ദേഹം വര്‍ഷിച്ചിട്ടുള്ളത്. ഒന്നും ഒരിക്കലും വിസ്മരിക്കാവുന്നതല്ല. മലയാളത്തിന്റെ കാവ്യസൂര്യനായി അദ്ദേഹം പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കും.

 

shortlink

Post Your Comments


Back to top button