GeneralLatest NewsNEWS

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ജോലിയുടെ കാര്യത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചവരാണ് : സംവിധായകൻ റോയ് പി തോമസ്

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ജോലിയുടെ കാര്യത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചവരാണ് എന്നും എന്നാല്‍ ഇതൊന്നും അറിയാതെ വരുന്നവരാണ് പുതിയ തലമുറയിലെ നടന്മാരെന്നും സംവിധായകനും കലാസംവിധായകനുമായ റോയ് പി തോമസ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

സംവിധായകന്റെ വാക്കുകൾ :

മമ്മൂട്ടിയും മോഹന്‍ലാലും കടന്നു വന്ന വഴിയും അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും അവരുടെ ഡെഡിക്കേഷനും എനിക്കറിയാം. കാതോട് കാതോരത്തിന്റെ ഫൈറ്റ് രംഗം എടുക്കാന്‍ സ്റ്റണ്ട് മാസ്റ്ററുണ്ടായിരുന്നില്ല. കൊടൈക്കനാലിലായിരുന്നു ഷൂട്ട്. ഓക്‌സിജന്‍ പോലുമുണ്ടായിരുന്നില്ല. മമ്മൂട്ടിയും ജനാര്‍ദ്ദനും തന്നെയാണ് ആ ഫൈറ്റ് ചെയ്തത്. വെറും തറയില്‍ കിടന്നുരുണ്ട് കൈയും കാലും പൊട്ടിയിട്ടുണ്ട്. അങ്ങനെയൊക്കെ കഷ്ടപ്പെട്ടാണ് അവര്‍ ഇവിടെ വരെ എത്തിയത്. ഇപ്പോഴും അവരുടെ വര്‍ക്കിന്റെ മൂഡ് അതാണ്. രാവിലെ ഏഴ് മണിയ്ക്ക് ഷൂട്ട് പറഞ്ഞാല്‍ മോഹന്‍ലാല്‍ ഇപ്പോഴും 6.55 ന് സെറ്റിലെത്തും.

അതേസമയം ഇപ്പോഴത്തെ ചെറുപ്പക്കാര്‍ എങ്ങനെയാണ് വരുന്നത്? കടന്നു വന്ന വഴികളൊന്നും അവര്‍ക്കറിയില്ല. ഈയ്യടുത്തൊരു നടന്റെ ഓഡിയോ ഞാന്‍ കേട്ടു. അതില്‍ അവന്‍ പറയുന്നത് എന്നെ ബുക്ക് ചെയ്യുമ്പോള്‍ 15 ലക്ഷമായിരുന്നു. പക്ഷെ ഇപ്പോള്‍ ഡബ്ബ് ചെയ്യണമെങ്കില്‍ 25 തരണം. രണ്ട് മാസം കഴിയുമ്പോള്‍ അത് 45 ആകും. ഈ വര്‍ഷം അവസാനം ആകുമ്പോഴേക്കും അത് ഒരു കോടിയാകും എന്ന്. ഈ വര്‍ഷം അവസാനം വരെ അവന്‍ ഇവിടെ തന്നെയുണ്ടാകും എന്ന് എന്തുറപ്പാണ്?

ഈയ്യടുത്തൊരു ടെലി ഫിലിം എഡിറ്റ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ ഉടമ വന്നിട്ട് ഒരു പത്ത് മിനുറ്റ് ഗ്യാപ്പ് തരുമോ എന്ന് ചോദിച്ചു. പുതിയൊരു പടത്തിന്റെ ഡബ്ബിംഗ് കുറച്ച് ബാക്കിയുണ്ട്. മലയാള സിനിമയ്ക്ക് ഒഴിവാക്കാന്‍ പറ്റാത്തൊരു നടനല്ല, എന്നാല്‍ പേര് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. ടീസറിന് വേണ്ടി രണ്ട് വാക്ക് വോയ്‌സ് എടുക്കാനാണ് വന്നത്. ഞാന്‍ ഇറങ്ങി പുറത്ത് പോയി സോഫയിലിരുന്നു. മൂന്ന് മിനുറ്റ് കഴിഞ്ഞതും അവര്‍ ഇറങ്ങി പോരുന്നത് കണ്ടു. ഇത്ര പെട്ടെന്ന് കഴിഞ്ഞുവോ എന്ന് ചോദിച്ചപ്പോള്‍ ആ നടന്‍ മൂഡില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയെന്നാണ് പറഞ്ഞത്. ഒരു വാക്ക് പറയാന്‍ എന്ത് മൂഡാണ് വേണ്ടത്

 

shortlink

Post Your Comments


Back to top button