അന്താരാഷ്ട്ര തലത്തില്‍ ആഘോഷിക്കപ്പെടുന്ന പ്രശസ്ത ആഫ്രിക്കന്‍ റാപ്പര്‍ കീര്നന് ഫോര്‍ബ്സ് എന്ന എകെഎ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഇദ്ദേഹം തെക്കുകിഴക്കന്‍ ദക്ഷിണാഫ്രിക്കന്‍ പട്ടണമായ ഡര്‍ബനില്‍ അക്രമികളുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. ഹോട്ടലില്‍ നിന്നും കാറിലേക്ക് മറ്റൊരാള്‍ക്കൊപ്പം നടന്നു പോകുമ്പോഴാണ് എകെഎയ്ക്ക് വെടിയേറ്റത് എന്നാണ് വിവരം. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തും മരണപ്പെട്ടിട്ടുണ്ട്. ഷെഫും സംരംഭകനുമായ ടെബെല്ലോ ‘ടിബ്സ്’ മൊട്സാനെയാണ് കൊല്ലപ്പെട്ട എകെഎയുടെ സുഹൃത്ത്. എകെഎയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരു നൈറ്റ് ക്ലബിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് ഇരുവരെയും ആക്രമികള്‍ വെടിവച്ചത് എന്നാണ് വിവരം.
ക്ലോസ് റൈഞ്ചിലായിരുന്നു വെടിവച്ചതെന്നും, അതിനാല്‍ തന്നെ പെട്ടെന്ന് മരണം സംഭവിച്ചെന്നുമാണ് പൊലീസ് പറയുന്നത്. വെടിവച്ച തോക്കുധാരികള്‍ രണ്ടുപേര്‍ ഉണ്ടായിരുന്നെന്നും, ഇവര്‍ വെടിവച്ചയുടന്‍ സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. കൊള്ളയ്ക്ക് വേണ്ടിയുള്ള ശ്രമത്തിനിടയില്‍ കൊലപാതകം സംഭവിച്ചതാണോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
ഫോര്‍ബ്സ് തന്റെ ഒറ്റയ്ക്കുള്ള കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് എന്റിറ്റി എന്ന റാപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള അദ്ദേഹം യുഎസിലെ ബ്ലാക്ക് എന്റര്‍ടൈന്‍മെന്റ് ടെലിവിഷന്‍ (ബിഇടി) അവാര്‍ഡിനും എംടിവി യൂറോപ്പ് മ്യൂസിക് അവാര്‍ഡിനും നിരവധി നോമിനേഷനുകള്‍ നേടിയിട്ടുണ്ട്.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് 35 കാരനായ ഫോര്‍ബ്സ് തന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആല്‍ബമായ മാസ് കണ്ട്രിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ആല്‍ബം ഈ മാസം അവസാനമായിരുന്നു പുറത്തിറങ്ങേണ്ടിയിരുന്നത്. ഫോര്‍ബ്സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ഫോര്‍ബ്സിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
Post Your Comments