GeneralInterviewsLatest NewsNEWS

അഭിനയം എനിക്കു പറ്റുന്ന പണിയാണെന്ന് തോന്നിയത് ആ സിനിമ മുതലാണ് : ദിവ്യ പ്രഭ

വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയി മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ദിവ്യ പ്രഭ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് ആണ് ദിവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ നായിക ആയിരുന്നു ദിവ്യ. നേരത്തെ മഹേഷ് നാരായണന്റെ തന്നെ ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകളിലും ദിവ്യ പ്രഭ എത്തിയിരുന്നു. തമാശയാണ് ദിവ്യയുടെ ശ്രദ്ധനേടിയ മറ്റൊരു ചിത്രം. സീരിയലിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. തന്റെ കരിയറിനെ കുറിച്ചും സിനിമയിലേക്കുള്ള വരവിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ദിവ്യ മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ.

ദിവ്യയുടെ വാക്കുകൾ :

അഭിനയം ഇഷ്ടമായിരുന്നെങ്കിലും സിനിമയിൽ എത്തുമെന്ന് കരുതിയിട്ടില്ല. വീട്ടിൽ കണ്ണാടി നോക്കി അഭിനയിക്കുമായിരുന്നു. വളരെ യാദൃച്ഛികമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. കൊച്ചിയിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം സുഭാഷ് പാർക്കിൽ നടക്കാൻ പോയതാണ്. അവിടെ ‘ലോക്പാൽ’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. ഒരു സീനിൽ മറ്റു കുറച്ചു പേർക്കൊപ്പം ഇരിക്കാമോ എന്ന് കാസ്റ്റിങ് കോഡിനേറ്റർ ചോദിച്ചു. കൗതുകം തോന്നി ഓക്കെ പറഞ്ഞു. പിന്നീട് തിരക്കഥാകൃത്ത് എസ് എൻ സ്വാമി സാർ ആ ചിത്രത്തിൽ തന്നെ ചെറിയ ഒരു വേഷം തന്നു. അങ്ങനെയാണ് സിനിമയിലെത്തുന്നത്.

ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത് ഇതിഹാസ എന്ന ചിത്രത്തിലാണ്. പിന്നെ സിനിമയിൽ അവസരം കിട്ടിയില്ല. അപ്പോഴാണ് കെ. കെ രാജീവിന്റെ ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിലേക്കു വിളിക്കുന്നത്. ആ സീരിയലിന്റെ കഥ ബോബി സഞ്ജയ് ആയിരുന്നു. ആ സീരിയലും അതിലെ അപർണ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും കിട്ടി. പക്ഷേ, കുറെ നാൾ ഒരു കഥാപാത്രം തന്നെ അവതരിപ്പിച്ച് ബോറടിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് ടേക്ക് ഓഫിന്റെ ഓഡിഷൻ വരുന്നത്. ആ സിനിമയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അഭിനയം എനിക്കു പറ്റുന്ന പണിയാണെന്ന് തോന്നിയത് ആ സിനിമ മുതലാണെന്നും നടി പറയുന്നു.

മാലിക്കിന് ശേഷമാണു അറിയിപ്പിന്റെ കഥ മഹേഷ് നാരായണൻ പറയുന്നത്. ഇത്രയും ആഴമുള്ള ഒരു കഥാ പാത്രം എങ്ങനെയാണ് എന്നെ ഏൽപിക്കാൻ തോന്നിയത് എന്നു ചോദിച്ചപ്പോൾ അത് തനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നി എന്നു മാത്രമേ പറഞ്ഞുള്ളൂ. അറിയിപ്പുമായി ഞങ്ങൾ ലൊക്കാർണോ ചലച്ചിത്ര മേളയിൽ പോയി. സിനിമയുടെ പ്രദർശനം കഴിഞ്ഞ് ഞങ്ങൾ ഭക്ഷണം കഴിക്കാനും മറ്റുമായി പുറത്തു പോയപ്പോൾ വിദേശരാജ്യങ്ങളിൽ നിന്നുള്ള പലരും വന്ന് അഭിനന്ദിച്ചു. ആ ഒരു അനുഭവം ഇനി കിട്ടുമോ എന്നുപോലും അറിയില്ല, ദിവ്യ പറഞ്ഞു. ഫഹദിന്റെ സഹോദരി ആയിട്ടാണ് അഭിനയിച്ചത്. ഷൂട്ടിങ്ങിനിടെ ഫഹദ്, മഹേഷ് നാരായണനോടു ദിവ്യപ്രഭ തിരുവനന്തപുരം കാരിയാണോ എന്ന് ചോദിച്ചു. ആ സിനിമയിൽ തിരുവനന്തപുരം ശൈലിയിലാണു സംസാരിക്കുന്നത്. എനിക്ക് തിരുവനന്തപുരവുമായി ഒരു ബന്ധവുമില്ല. പക്ഷേ, പല ശൈലികളിൽ സംസാരിക്കാൻ ഇഷ്ടമാണ്. ഫഹദിന്റെ ആ ചോദ്യം എനിക്ക് വലിയ സന്തോഷം തന്നു.

ഓരോ സിനിമ കഴിയുമ്പോഴും വലിയ ഇടവേളകളാണ്. ഒരുപാട് അനിശ്ചിതാവസ്ഥകളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. പക്ഷേ, എന്റെ വീട്ടുകാരും കൂട്ടുകാരും എന്നെ മനസ്സിലാക്കി കൂടെ നിന്നിട്ടുണ്ട്. ഇടവേളകളിൽ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നതു കൊണ്ട് നിലനിൽപ് പ്രശ്നത്തിലായിട്ടില്ല. വഴിയിൽ എന്റെ പോസ്റ്ററൊക്കെ കാണുമ്പോഴാണ് വീട്ടുകാർക്കു തോന്നുന്നത് ഇവൾ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന്. വീട്ടിൽ നിന്ന് ഒരിക്കലും സമ്മർദ്ദമുണ്ടായിട്ടില്ല.’

 

shortlink

Post Your Comments


Back to top button