കഴിഞ്ഞ ഒരുപാട് വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ശ്രീനിവാസന് മലയാള സിനിമയെ കുറിച്ചും അതിലെ തന്റെ സഹതാരങ്ങളെ കുറിച്ചൊക്കെ പറയാൻ ഒരുപാട് കഥകൾ ഉണ്ട്. ഒരിയ്ക്കൽ ഗൾഫിൽ ഒരു പരിപാടിക്ക് പോയതും ഒരിടത്ത് പരിപാടി നടക്കാതെ വന്നതിനെ കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളെ കുറിച്ചുമാണ് കൈരളി ടിവിയിലൂടെ ശ്രീനിവാസൻ സംസാരിക്കുന്നത്.
ശ്രീനിവാസന്റെ വാക്കുകൾ :
‘ഞങ്ങൾ, മമ്മൂട്ടി, സിദ്ദിഖ് – ലാൽ, സുകുമാരി ചേച്ചി, മുകേഷ്, ജഗദീഷ്, ആനി, വാണി വിശ്വനാഥ് എല്ലാവരും കൂടി ഒരിക്കൽ ഒരു പ്രോഗ്രാമിന് പോയി. ഗൾഫിൽ മസ്കറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവടങ്ങിലും യുഎഎയിൽ ദുബായ്, ഷാർജ, അബുദാബി, ഫുജൈറ തുടങ്ങി പല സ്ഥലങ്ങളിലുമായാണ് പ്രോഗ്രാം. ദുബായിലെ കുറെ പ്രോഗ്രാം കഴിഞ്ഞ ശേഷം പിന്നീട് അബുദാബിയിലാണ് പ്രോഗ്രാം അതിനിടെ ബഹ്റൈനിൽ ഒരു ദിവസം പോയി വരണം. ഇടയ്ക്ക് ഒരു ദിവസമാണ് അവിടത്തെ പ്രോഗ്രാം. പെട്ടെന്ന് പോയി പരിപാടി കഴിഞ്ഞ് അന്നേ ദിവസം തന്നെ തിരിച്ചുവരുന്നു എന്നുള്ളത് കൊണ്ട് കൂടെയുണ്ടായിരുന്ന ആനിയുടെ അച്ഛനെയും വാണിയുടെ അമ്മയെയും ഒന്നും കൊണ്ടുപോയില്ല. എക്സ്പെൻസ് കുറയ്ക്കാനായിരുന്നു.
ബഹ്റൈനിലെ പ്രോഗ്രാം കഴിഞ്ഞ് അബുദാബിയിലാണ് പരിപാടി. അങ്ങനെ തിരിച്ചു വരുന്ന വഴി ദുബായ് എയർപോർട്ടിൽ ആനിയെയും വാണിയെയും തടഞ്ഞു. പതിനേഴ് വയസ് കഴിഞ്ഞ സ്ത്രീകൾക്കൊപ്പം മാതാപിതാക്കളോ ആരെങ്കിലും വേണമെന്നോ എന്തോ ഉണ്ടായിരുന്നു. ഇത് ആലോചിക്കാതെയാണ് സംഘാടകർ ബഹ്റൈനിൽ പോയി വരാനുള്ള പദ്ധതി ഉണ്ടാക്കിയത്. ഇത് എന്തോ വെള്ളിയാഴ്ച്ച ദിവസമായിരുന്നു. സർക്കാർ സ്ഥാപനങ്ങൾ ഒന്നും അന്ന് പ്രവർത്തിക്കില്ല അതുകൊണ്ട് പോയി കാര്യം അവതരിപ്പിക്കാനുള്ള നിവർത്തിയില്ല. അങ്ങനെ അബുദാബിയിലേക്ക് പോവുക പ്രശ്നമായി. വൈകുന്നേരം ആയിട്ടും രക്ഷയില്ലാതെ ആയപ്പോൾ മമ്മൂട്ടി ഞങ്ങളോട് പറഞ്ഞു. നിങ്ങൾ അബുദാബിയിൽ പോയി കാര്യം പറയൂ. നമ്മുടെ ആളുകൾ അല്ലെ അവർക്ക് മനസിലാകുമെന്ന്. ഞാൻ എങ്ങനെയെങ്കിലും പറഞ്ഞ് മനസിലാക്കി ഇവരുമായി വരാൻ നോക്കാമെന്ന്. അങ്ങനെ ഞങ്ങൾ അബുദാബിയിലേക്ക് തിരിച്ചു. ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ചെന്നു. വേദിയിലേക്ക് അവരൊന്നും ഇല്ലാത്ത പോയിട്ട് കാര്യമില്ല. ഓരോരുത്തർ അവരുടെ പരിചയക്കാരുടെ അടുത്തേക്ക് പോയി.
അതിനിടെ സംഘാടകരിൽ ഒരാൾ വിളിച്ചിട്ട് പറഞ്ഞു, സംഗതി പ്രശ്നമാണ്. ഇവിടെ കസേരയേറും കല്ലേറുമെല്ലാം തുടങ്ങി. പോലീസുണ്ട് അവർക്കും നിയന്ത്രിക്കാൻ ആകുന്നില്ല. പോലീസുകാർ നമ്മളെ തല്ലുന്ന സാഹചര്യമാണ്. നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞ് അയാൾ വീണ്ടും വിളിച്ചു നിങ്ങൾ കുറച്ചുപേർ ഇവിടെ ഉണ്ടെന്ന് അവർക്ക് വിവരം കിട്ടിയിട്ടുണ്ട്. അവർ അങ്ങോട്ട് വരൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. ഞാനും സിദ്ദിഖും ജഗദീഷും ഉണ്ട്. ഞങ്ങൾ റോഡിലൂടെ കറങ്ങാൻ തുടങ്ങി. പോകുന്ന വഴിയിൽ മലയാളികളെ കണ്ടാൽ പേടിക്കാൻ തുടങ്ങി. അവരൊക്കെ നമ്മളെ തല്ലാൻ നടക്കുകയാണ് എന്നൊരു ഫീൽ വന്നു. അങ്ങനെ ഞങ്ങൾ വേറൊരു വീട്ടിലേക്ക് പോയി. അങ്ങനെയിരിക്കെ മമ്മൂട്ടി വിളിച്ചു. സ്റ്റേജിൽ ചെന്ന് ഉള്ള സത്യം പറയാൻ പറഞ്ഞു. കാര്യം വിശദീകരിക്കൂ അല്ലാതെ കാര്യമില്ലെന്ന്. ഞാൻ പറഞ്ഞു, ഞാൻ സിനിമയിൽ കോമാളി തരം കാണിക്കുന്ന ആളാണ്. നിങ്ങൾ ആകുമ്പോൾ ഹീറോയല്ലേ. അവർ ഗൗരവത്തോടെ എടുക്കുമെന്ന്. നിങ്ങൾ വേഗം ഇങ്ങ് വാ. എന്നിട്ട് പറയെന്ന്. ഇത് കേട്ടതോടെ മമ്മൂട്ടി ഫോൺ കട്ട് ചെയ്തു. അവസാനം രാത്രിക്ക് രാത്രി ഞങ്ങൾ ദുബായിലേക്ക് രക്ഷപ്പെട്ടു പോന്നു’.
Post Your Comments