മലയാളിക്ക് പാട്ടുകളുടെ വസന്തം സമ്മാനിച്ച എഴുത്തുകാരന് ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് പതിമൂന്ന് വയസ്. തുറന്നിട്ട ജനാലയിലൂടെ നിലാവ് കടന്നുവരും പോലെ, നനുത്തകാറ്റു പോലെ ഹൃദയത്തില്‍ വന്ന് തൊടുന്ന മനോഹരമായ പാട്ടുകളിലൂടെ ഗിരീഷ് പുത്തഞ്ചേരി ഇന്നും ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു. എക്കാലവും മലയാളിക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍ കഴിയുന്ന നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് ഒരു ഫെബ്രുവരി 10 ന് യാത്രപോലും ചോദിക്കാതെ പുത്തഞ്ചേരി പടിയിറങ്ങി പോയത്. വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും മനോഹരമായ പാട്ടുകളിലൂടെ ആ അതുല്യ കലാകാരന് ഇന്നും മലയാളികളുടെ മനസിലുണ്ട്.
ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ രചിച്ചാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തിന് തുടക്കമിടുന്നത്. പിന്നെ ചലച്ചിത്രരംഗത്തേക്ക് കടന്നു. രണ്ട് പതിറ്റാണ്ടിനിടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 1500ലേറെ പാട്ടുകള്‍ അദ്ദേഹം എഴുതി. ചുരുങ്ങിയ കാലം കൊണ്ട് ആ സര്‍ഗപ്രതിഭ നമുക്ക് സമ്മാനിച്ചത് പാട്ടിന്റെ വസന്തമാണ്. പ്രണയവും വിരഹവും വാല്സല്യവും നിറഞ്ഞ വരികളിലൂടെ ആ പാട്ടുകളൊക്കെയും സൂപ്പര്‍ഹിറ്റുകളായി മാറി.
നാടകരംഗത്ത് സജീവമായിരിക്കെ, രഞ്ജിത്ത് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ് മലയാള സിനിമയുടെ ഗിരീഷ് പുത്തഞ്ചേരി എത്തുന്നത്. എംജി രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച ദേവാസുരത്തിലെ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറിയതോടെ മലയാള സിനിമാ ഗാനശാഖയിലും ഗിരീഷ് പുത്തഞ്ചേരി എന്ന പേര് സൂപ്പര്‍ഹിറ്റായി. എ.ആര്. റഹ്മാന്, ലക്ഷ്മികാന്ത് പ്യാരേലാല്‍, ഇളയരാജ, രവീന്ദ്രന് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഈണങ്ങള്‍ക്ക് ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളെഴുതി.
സമ്മര്‍ ഇന്‍ ബത്ലഹേമിലെ ഒരു രാത്രി കൂടി വിടവാങ്ങവേ, എത്രയോ ജന്മമായ്, പ്രണയവര്‍ണങ്ങളിലെ കണ്ണാടിക്കൂടും കൂട്ടി, മീശമാധവനിലെ കരിമിഴിക്കുരുവിയെ കണ്ടീല, ആറാം തമ്പുരാനിലെ ഹരിമുരളീരവവും, പാടി തൊടിയിലാരോ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ. മൂവന്തിത്താഴ്വരയില്‍, ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലേ, മാടമ്പിയിലെ അമ്മ മഴക്കാറ് എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്ത ഒട്ടേറെ ഗാനങ്ങളാണ് പുത്തഞ്ചേരി മലയാളിക്ക് സമ്മാനിച്ചത്.
മുന്നൂറില്‍ പരം ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരളാ സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഒട്ടനവധി അവാര്‍ഡുകള്‍ വേറെയും. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ക്ക് പുറമേ ലതാ മങ്കേഷ്കര്‍, എ ആര് റഹ്മാന്, ഇളയ രാജ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചു. മേലേപ്പറമ്ബില്‍ ആണ് വീട് എന്ന ചിത്രത്തിന് കഥയും, കിന്നരിപ്പുഴയോരം പല്ലാവൂര്‍ ദേവനാരായണന്, വടക്കും നാഥന് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ – സംഭാഷണവും രചിച്ചു. ഷഡ്ജം , തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.
Post Your Comments