കശ്മീരിലെ ഭീകരവാദം കുറഞ്ഞുവെന്നും ദശാബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകൾ ഹൗസ്ഫുൾ ആയി എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീനഗറിലെ ഇനോക്‌സ് റാം മുൻഷി ബാഗിൽ നടന്ന പഠാന്റെ ഹൗസ്‌ഫുൾ ഷോകളെ പരാമർശിച്ചാണ് ഭീകരവാദം കുറഞ്ഞത് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്.
ലോകസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലാണ് അദ്ദേഹം പഠാനേക്കുറിച്ചും പരാമർശിച്ചത്. ദശാബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകൾ നിറഞ്ഞു കവിയുകയാണ് എന്നാണ് പ്രധാനമന്ത്രി സഭയിൽ പറഞ്ഞത്. കശ്മീരിലെ മാറുന്ന സാഹചര്യങ്ങളേക്കുറിച്ച് പറയുന്നതിനിടെയാണ് ഷാരൂഖ് ചിത്രത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകൾ.
പഠാൻ റിലീസിന് തൊട്ടുമുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് ബി.ജെ.പി നേതാക്കളും പാർട്ടി പ്രവർത്തകരും ഒഴിഞ്ഞു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ടുദിവസം നീണ്ട ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
Post Your Comments