ഷാരൂഖ് ഖാൻ നായകനായ പത്താൻ സിനിമയെ വിമർശിക്കുകയും, സിനിമ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തവരെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ബാൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ബോളിവുഡ് ചിത്രം ‘പത്താൻ’ 700 കോടിയിലേറെ രൂപയാണ് നേടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ ബാൻ ചെയ്യണമെന്ന് പറഞ്ഞ് കുരയ്ക്കുന്നവർ കടിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുമ്പോഴായിരുന്നു പ്രകാശ് രാജിന്റെ വാക്കുകൾ.
1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ അടിസ്ഥാനമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എന്ന സിനിമയെയും അദ്ദേഹം വിമർശിച്ചു. കശ്മീർ ഫയൽസ് എന്ന ചിത്രം അസംബന്ധ സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. ഓസ്കാർ പോയിട്ട് ഭാസ്കർ പോലും അതിനു കിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമ ഓസ്കാറിന് വേണ്ടി അയച്ചതുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ പരാമർശം.
‘കശ്മീർ ഫയൽസ് ഒരു പ്രൊപ്പഗാണ്ട ചിത്രമാണ്. അസംബന്ധവും നാണക്കേടുമാണ് ആ ചിത്രം. ഓസ്കാർ അല്ല ഭാസ്കർ പോലും ആ സിനിമക്ക് കിട്ടില്ല. അന്താരാഷ്ട്ര ജൂറി അംഗങ്ങൾ പോലും ചിത്രത്തെ വിമർശിച്ചിരുന്നു. സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നു എന്ന് ഓരോരുത്തരും തെളിയിക്കേണ്ടി വരുന്നതിന്റെ ആവശ്യമെന്താണ്. നിങ്ങളുടെ അമ്മ ആരാണെന്ന് എല്ലാ ദിവസവും തെളിയിക്കേണ്ടി വരുന്നുണ്ടോ?. ബാൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ബോളിവുഡ് ചിത്രം ‘പത്താൻ’ 700 കോടിയിലേറെ രൂപയാണ് കളക്ഷൻ നേടിയത്. മലയാളത്തിലെ പല ചിത്രങ്ങളും ഇപ്പോൾ ഡബ്ബിംഗ് പോലുമില്ലാതെ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ് ഫോമിൽ കാണേണ്ടവർ അത്തരത്തിൽ സിനിമ കാണട്ടെ’, പ്രകാശ് രാജ് പറഞ്ഞു.
1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ അടിസ്ഥാനമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കശ്മീർ ഫയൽസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കളെല്ലാം സിനിമയെ വലിയ തോതിൽ പ്രകീർത്തിച്ചിരുന്നു. ഇന്ത്യൻ പനോരമയിലും അന്താരാഷ്ട്ര മത്സരവിഭാഗത്തിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.
Post Your Comments