
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ഈ പേരുകൾ മലയാളികൾക്ക് വളരെ സുപരിചിതമാണ്. തിരക്കഥാകൃത്തുക്കളായി വന്ന് പ്രേക്ഷക മനസ്സിൽ ഇടംനേടി ജനപ്രിയതാരങ്ങളായി മാറിയ രണ്ട് വ്യക്തികളാണ് ഇവർ. സിനിമ സ്വപ്നം കണ്ട് നടക്കുന്ന മനുഷ്യർ. ഇവർ ഒരുമിച്ച് തിരക്കഥയെഴുതി ആദ്യമായി സംവിധാനം നിർവ്വഹിച്ച ‘വെടിക്കെട്ട്’ എന്ന ചിത്രം ഇന്ന് തിയറ്റർ റിലീസായിരിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തിലെ ഗാനങ്ങളും കണ്ട് ആവേശം മൂത്താണ് ‘വെടിക്കെട്ട്’ കാണാൻ പോയത്. ചിത്രം ഒത്തിരി ഇഷ്ടപ്പെട്ടു. തിയറ്ററിലിരുന്ന് ഒരു സിനിമ കാണുന്ന അനുഭൂതിയല്ല മറിച്ച് പൂരപ്പറമ്പിലെ ‘വെടിക്കെട്ട്’ കണ്ടാസ്വധിച്ച നിർവൃതിയാണ് സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. വെടിക്കെട്ട്’ എന്ന പേര് കേട്ടപ്പോൾ അമ്പലവും പൂരവും ഉത്സവവുമൊക്കെ ആയിരിക്കും ചിത്രത്തിന്റെ പശ്ചാത്തലം എന്ന് ധരിച്ചിരുന്നെങ്കിലും സിനിമ കണ്ടുതുടങ്ങിയപ്പോൾ മഞ്ഞപ്ര, കറുങ്കോട്ട എന്നീ രണ്ട് കടവുകളിൽ താമസിക്കുന്ന മനുഷ്യരെ ചുറ്റിപറ്റിയാണ് കഥ സഞ്ചരിക്കുന്നെതെന്ന് അറിയാൻ സാധിച്ചു. കൂടുതൽ പറഞ്ഞ് സ്പോയിലറാക്കുന്നില്ല. എന്നാൽ ചില കാര്യങ്ങൾ പറയാതിരിക്കാനും വയ്യ. അക്കാരണത്താൽ കഥയിലേക്ക് കടക്കാതെ കഥയെ കുറിച്ച് പറയാം.
ജിത്തു, ഷിമിലി, ഷിബൂട്ടൻ, അമ്പാടി ഇവരിലൂടെയാണ് സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഷിമിലിയും ഷിബൂട്ടനും സഹോദരി സഹോദരന്മാരാണ്. ജിത്തുവിന്റെ ചങ്കും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് അമ്പാടി. ഷിമിലിയോടുള്ള ജിത്തുവിന്റെ പ്രണയമാണ് ഇതിവൃത്തം. ആദ്യമേ ഒരു കാര്യം പറയാം, പ്രണയത്തേയും പ്രണയിക്കുന്നവരെയും ഒരിക്കലും നിസ്സാരമായി കാണരുത്. അവരുടെ ഹൃദയത്തിന്റെ ചൂട് എതിർക്കാൻ വരുന്നവർക്ക് അളക്കാനായെന്ന് വരില്ല. അനിയത്തിയെ ഒരുത്തൻ തൊട്ടാൻ ആങ്ങള ചോദിക്കാനെത്തും. ഇടിച്ച് ഇഞ്ചിപ്പരിവാക്കി ഇടേം ചെയ്യും. പക്ഷെ പ്രണയിക്കുന്നവരുടെ മനസ്സിനെ കടിഞ്ഞാണിട്ട് വലിക്കാൻ പതിനെട്ടല്ല അതിനപ്പുറത്തേക്കുള്ള അടവ് പയറ്റിയിട്ടും കാര്യമില്ല, തോറ്റുപോവും.
എപ്പോള് വേണമെങ്കിലും കാഴ്ച നഷ്ടമാകാം : തന്റെ രോഗാവസ്ഥ വിവരിച്ച് നടൻ കിഷോർ
മഞ്ഞപ്ര, കറുങ്കോട്ട എന്നീ രണ്ട് കടവുകളിൽ താമസിക്കുന്ന മനുഷ്യരെ ചുറ്റിപറ്റിയാണ് കഥ സഞ്ചരിക്കുന്നെതെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നല്ലോ. ഒരു കടവിനപ്പുറവും ഇപ്പുറവുമുള്ള രണ്ട് സ്ഥലങ്ങളാണ് ഈ മഞ്ഞപ്രയും കറുങ്കോട്ടയും. പ്രശ്നമെന്താന്നാൽ മഞ്ഞപ്രക്കാരും കറുങ്കോട്ടക്കാരും അത്ര നല്ല രസത്തിലല്ല. നേരിൽ കണ്ടാൽ കടിച്ചുകീറാൻ ഒരവസരം കാത്തിരിക്കുന്നവരാണ്.
പ്രണയത്തോടൊപ്പം കാരിമുള്ളിന്റെ ഉറപ്പുള്ള സൗഹൃദവും സുഹൃത്തുക്കളേയും ചിത്രത്തിൽ കാണാം. വെടിക്കെട്ടിൽ എടുത്ത് പറയേണ്ട മറ്റൊരു ഘടകം അതാണ്. അമ്പാടിക്കും ജിത്തുവിനും ഇടയിലെ ആത്മബന്ധം പ്രേക്ഷകർക്ക് അളക്കാൻ കഴിയില്ല. പ്രണയമാണ് ഇതിവൃത്തമെങ്കിലും പ്രമേയത്തിലേക്ക് കടക്കുമ്പോൾ നിറം, ജാതി, മതം, ദൈവം, അഹന്ത, ആർത്തി, ആവേശം, നിസ്സഹായത തുടങ്ങി എണ്ണിയാലൊതുങ്ങാത്ത മനുഷ്യന്റെ വിവിധ ഷേഡുകൾ തുറന്നുകാണിക്കുന്ന ഒരു സിനിമയാണ് ‘വെടിക്കെട്ട്’ എന്ന് പറയാൻ സാധിക്കും.
എറണാകുളത്തെ എളങ്ങുന്നപ്പുഴ പൂക്കാട് ശ്രീ ഭഗവതി ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇത്രയേറെ ഗ്രാമീണത തുളുമ്പുന്നൊരിടം എറണാകുളത്തുണ്ട് എന്നത് ‘വെടിക്കെട്ട്’ കാണുന്നേരം പ്രേക്ഷകരെ അതിശയിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം സാഹചര്യത്തിന് അനിയോജ്യമായി തന്നെ പ്ലേസ് ചെയ്തിട്ടുണ്ട്. വരികൾ അർത്ഥവത്താണ്, ഈണം ഇമ്പം പകരുന്നതാണ്. ആക്ഷൻ രംഗങ്ങളും ആവേശം പകരുന്നതാണ്.
ആദ്യപകുതി കാണുന്നേരം പ്രണയമാണ് പ്രധാനമെന്ന് തോന്നും. എന്നാൽ രണ്ടാം പകുതിയുടെ അവസാനത്തിലേക്ക് കടക്കുന്നേരം ഇമോഷണൽ രംഗങ്ങളോടൊപ്പം പ്രേക്ഷകരെ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിപ്പിച്ച് മികച്ച ട്വിസ്റ്റുകളോടെ കഥയിൽ വഴിതിരിവ് വരുത്താൻ തിരക്കഥാകൃത്തുക്കൾക്ക് സാധിച്ചിട്ടുണ്ട്. ക്ലൈമാക്സ് രംഗങ്ങൾ കണ്ണ് നിറയാതെ കാണാനാവില്ല എന്ന് ഉറപ്പിച്ച് പറയാം.
ഒരുപിടി പുതുമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് ‘വെടിക്കെട്ട്’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ചവരുടെ അമ്പരപ്പിക്കുന്ന പ്രകടം സിനിമയെ മികച്ചതാക്കുന്നു. വേറിട്ട പ്രൊമോഷൻ രീതികളാൽ റിലീസിന് മുന്നേ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണ് ‘വെടിക്കെട്ട്’. പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രോഗ്രാമുകളെല്ലാം വ്യത്യസ്ത പുലർത്തിയിട്ടുണ്ട്. ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ആടിയും പാടിയുമാണ് വിഷ്ണുവും ബിബിനും തങ്ങളുടെ സ്വപ്നചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
Post Your Comments