ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ കെജിഎഫ് 2 താന്‍ കണ്ടിട്ടില്ലെന്ന് നടൻ കിഷോര്‍. കെജിഎഫ് 2 തനിക്ക് പറ്റിയ സിനിമയല്ലെന്നും താന്‍ അധികം വിജയിക്കാത്ത ഗൗരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ബുദ്ധിശൂന്യമായ ചിത്രങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നതെന്ന് താരം പറയുന്നു.
‘ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ കെജിഎഫ് 2 ഇതുവരെ കണ്ടിട്ടില്ല. ഇത് എനിക്ക് പറ്റിയ സിനിമയല്ല. അത് എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഗൗരവമായ കാര്യം പറയുന്ന വലിയ വിജയമൊന്നും ആകാത്ത ചെറിയ സിനിമ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരം ബുദ്ധിശൂന്യമായ ചിത്രങ്ങള്‍ അല്ല’ കിഷോര്‍ പറഞ്ഞു.
2022ൽ കന്നട സിനിമലോകത്ത് നിന്നും പാന്‍ ഇന്ത്യ വിജയമായ ചിത്രങ്ങളാണ് യാഷിന്റെ കെജിഎഫ് ചാപ്റ്റർ 2, ഋഷഭ് ഷെട്ടിയുടെ കാന്താര എന്നിവ. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി കെജിഎഫ് 2 മാറിയപ്പോള്‍, കാന്താര ആരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത ഹിറ്റായി. രണ്ട് ചിത്രങ്ങളും കന്നട സിനിമയുടെ നാഴികകല്ലുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
Read Also:- ‘ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ’ ഒടിടി റിലീസിനൊരുങ്ങുന്നു
അതേസമയം, നടൻ കിഷോർ ഇപ്പോൾ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. സംവിധായകൻ ചന്ദ്രശേഖർ ബന്ദിയപ്പ ഒരുക്കുന്ന റെഡ് കോളർ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ കിഷോര്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, ഈ ചിത്രത്തെ താൻ ഒരു ബോളിവുഡ് അരങ്ങേറ്റ ചിത്രമായി കാണുന്നില്ലെന്നും ഞങ്ങൾ ഹിന്ദിയിൽ ചെയ്യുന്ന സിനിമ മാത്രമാണ് ഇതെന്ന് കിഷോർ പ്രതികരിച്ചു.
Post Your Comments